പാരമ്പര്യ വൈദ്യന്റെ കൊലപാതകം; നിർണായക തെളിവുകൾ ലഭിച്ചു
ലഭിച്ചത് ഡി.എൻ.എ പരിശോധനക്ക് ആവശ്യമായ മുടിയും രക്തക്കറയും
മുടി ലഭിച്ചത് മൃതദേഹം
കൊണ്ടുപോയ
ഷൈബിന്റെ കാറിൽനിന്ന്
നിലമ്പൂർ
പാരമ്പര്യ വൈദ്യനെ വീട്ടുതടങ്കലിൽവച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുദിവസത്തെ ശാസ്ത്രീയ പരിശോധന ഇന്നലെ പൂർത്തിയാക്കി. ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയതിന് തെളിവെന്നോണം ഡി.എൻ.എക്ക് ആവശ്യമായ സാമ്പിളുകൾ ഫോറൻസിക് വിഭാഗത്തിന് ലഭിച്ചു. ഇന്നലെ നടന്ന പരിശോധനയിലാണ് തെളിവുകളിലേക്ക് എത്തുന്ന സാമ്പിളുകൾ ശേഖരിച്ചത്.
ഫോറൻസിക് പരിശോധനക്ക് ശേഷം ഡി.എൻ.എ സാമ്പിളുകൾ കൊല്ലപ്പെട്ട ഷാബാ ശെരീഫിന്റെതാണെന്ന് തെളിയിക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ തൃശൂർ ഫോറൻസിക് ലാബ് ഡി.എൻ.എ അനാലിസിസ് ഡയറക്ടർ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊലപാതകം നടന്ന നിലമ്പൂർ മുക്കട്ടയിലെ മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ വീട്ടിൽ രണ്ടു ദിവസങ്ങളിലായി ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ഷാബാ ശെരീഫിന്റേതെന്ന് കരുതുന്ന രക്തക്കറ, മുടി ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ലഭിച്ചത്. ലാബ് പരിശോധനക്ക് ശേഷമെ ഇത് ഉറപ്പിക്കാനാവൂ.
ഫോറൻസിക് പരിശോധന പൂർത്തിയായതോടെ ഇനി ലാബ് പരിശോധനയാണ് ബാക്കിയുള്ളത്. കോടതി മുഖേനയാണ് ലാബ് പരിശോധന നടത്തുക. ഡി.എൻ.എ.സാമ്പിളുകൾ താരതമ്യ പരിശോധന നടത്തി. ഒരു മാസത്തിനകം ഫലം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെട്ട ഷാബാ ശെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയിൽ നിന്നും കൊലപാതക ശേഷം മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയിൽ നിന്നും മൃതദേഹം പുഴയിൽ തള്ളാൻ കൊണ്ടുപോയ കാറിൽ നിന്നുമായാണ് സുപ്രധാന തെളിവുകൾ ലഭിച്ചത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി ആഢംബര കാറിൽനിന്ന് ലഭിച്ച മുടി നിർണായക തെളിവാകുമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ വിലയിരുത്തൽ. തൃശൂർ ഫോറൻസിക് ലാബിലെ സയന്റിഫിക് അസിസ്റ്റന്റുമാരായ ഡോ. വി. മിനി, എ. ഇസ്ഹാഖ് എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."