മതനിയമം പറഞ്ഞതിന്റെ പേരിൽ വേട്ടയാടാൻ അനുവദിക്കില്ല: എസ്.എം.എഫ്
ചേളാരി
മതത്തിന്റെ ധാർമിക പാഠങ്ങൾ പ്രചരിപ്പിക്കുകയെന്ന ദൗത്യം നിർവഹിച്ചതിന്റെ പേരിൽ പണ്ഡിതൻമാരെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. സമസ്തയുടെ തലമുതിർന്ന പണ്ഡിതനായ എം.ടി അബ്ദുല്ല മുസ് ലിയാർക്കെതിരേ കേസെടുത്ത ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമാണ്. ഒരു നേതാവ് തന്നെ അംഗീകരിക്കുന്ന അനുയായികൾക്ക് നൽകിയ മതപരമായ നിർദേശം വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണ്. വിഷയത്തിൽ പരാതിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കിയതുമാണ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ലൈംഗിക വൈകൃതങ്ങളുടെയും പീഡനങ്ങളുടെയും വാർത്തകൾ മലപ്പുറത്തെ ഒരു സ്‌കൂളിൽനിന്ന് പുറത്തുവന്നിട്ടും കേസെടുക്കാൻ പരാതിക്കായി കാത്തിരുന്ന സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ കാണിക്കുന്ന ആവേശം മുസ് ലിം വിരുദ്ധ പൊതുബോധത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കണം.
മുസ് ലിം വിഷയങ്ങളിൽ ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനായി കൈടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സർക്കാർ സ്ഥിരമായി സ്വീകരിക്കുന്നത്. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ഇസ് ലാമിന്റെ ദർശനം. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനും അവർക്ക് മാന്യത നൽകാനുമാണ് ഇസ് ലാം പഠിപ്പിക്കുന്നത്. സ്ത്രീകളോടുള്ള സമസ്തയുടെ നിലപാടും നിഷേധാത്മകമല്ല.
പെൺകുട്ടികൾക്ക് മാത്രമായി നിരവധി വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്ന പണ്ഡിത സഭയാണ് സമസ്തയെന്ന് വിമർശകർ ഓർക്കണമെന്നും എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വർകിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി.എ.സി. കുട്ടി ഹാജി പാലക്കാട്, സി.ടി.അബ്ദുൽ ഖാദർ കാസർകോട്, പ്രൊഫ. തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."