പെൺകുട്ടിയെ സ്റ്റേജിൽ അപമാനിച്ചുവെന്ന പ്രചാരണം വാസ്തവവിരുദ്ധം: സമസ്ത
കോഴിക്കോട്
മലപ്പുറം പാതിരിമണ്ണ ദാറുൽ ഉലൂം മദ്‌റസയുടെ കെട്ടിടോദ്ഘാടന ചടങ്ങിലെ വേദിയിൽ വച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ അപമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതിയോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
വേദിയിലുണ്ടായിരുന്ന സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ അടക്കമുള്ള നേതാക്കൾ ആരുംതന്നെ വേദിയിൽ വച്ച് ഉപഹാരം സ്വീകരിക്കുന്നതിന് യാതൊരു വിലക്കും ഏർപ്പെടുത്തിയിരുന്നില്ല. ഉപഹാരം സ്വീകരിച്ച് വിദ്യാർഥിനി സന്തോഷപൂർവമാണ് വേദിയിൽനിന്ന് ഇറങ്ങിയത്. ഇത് ദൃശ്യമാധ്യമങ്ങൾ കണ്ടവർക്കൊക്കെ ബോധ്യമാവും. ഇക്കാര്യം വിദ്യാർഥിനിയും രക്ഷിതാക്കളും തുറന്നുപറഞ്ഞിട്ടുള്ളതുമാണ്.
പൊതുവേദികളിൽ മുതിർന്ന പെൺകുട്ടികളെ പങ്കെടുപ്പിക്കാതിരിക്കലാണ് സമസ്തയുടെ കീഴ് വഴക്കം. ഇക്കാര്യം സംഘാടകരോട് ഉണർത്തുക മാത്രമാണ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി കൂടിയായ എം.ടി അബ്ദുല്ല മുസ് ലിയാർ ചെയ്തതെന്നും പ്രമേയത്തിൽ പറഞ്ഞു. പ്രസിഡൻ്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനായി.
യു.എ.ഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയും പ്രാർഥിച്ചുകൊണ്ടുമാണ് യോഗനടപടികൾ ആരംഭിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ സ്വാഗതം പറഞ്ഞു.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.പി ഉമ്മർ മുസ് ലിയാർ കൊയ്യോട്, കെ.ടി ഹംസ മുസ് ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി കൂരിയാട്, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ് ലിയാർ, ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, മാന്നാർ ഇസ്മായിൽ കുഞ്ഞുഹാജി, എസ്. സഈദ് മുസ് ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹിമാൻ മുസ് ലിയാർ കൊടക് സംസാരിച്ചു. ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."