ത്രിപുര മുഖ്യമന്ത്രി; ബിപ്ലവ് ദേബ് രാജിവച്ചു
അഗർത്തല
ത്രിപുര ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷം. മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു. മണിക്കൂറുകൾക്കകം പുതിയ മുഖ്യമന്ത്രിയായി ഡോ. മണിക് സാഹയെ പാർട്ടി തീരുമാനിച്ചെങ്കിലും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി.
പകരക്കാരനെതിരേ മന്ത്രി രാം പ്രസാദ് പോൾ അടക്കമുള്ളവർ രംഗത്തെത്തി. ഉപ മുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയെ മുഖ്യമന്ത്രിയാക്കണമെന്നാണ് പോളിന്റെ നിലപാട്. യോഗത്തിൽ പോൾ കസേരകൾ തകർത്തു പ്രതിഷേധിച്ചതായി റിപ്പോർട്ടുണ്ട്. എം.എൽ.എമാർക്കിടയിലും പുതിയ മുഖ്യമന്ത്രിയെ ചൊല്ലി തർക്കമുണ്ട്. ത്രിപുര രാജകുടുംബാംഗമായ ജിഷ്ണു ദേവ് വർമയോട് പാർട്ടി നേതൃത്വത്തിന് താൽപര്യമില്ല. എന്നാൽ, എം.എൽ.എമാരുടെ പിന്തുണ ഇദ്ദേഹത്തിനുണ്ട്.
അടുത്തവർഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബിപ്ലവ് പടിയിറങ്ങുന്നത്.
സംസ്ഥാന ബി.ജെ.പി പ്രസിഡന്റും കഴിഞ്ഞമാസം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളുമാണ് ഡെന്റിസ്റ്റ് കൂടിയായ ഡോ. മണിക്. ബിപ്ലവ് കുമാർ ദേബ് തന്നെയാണ് പുതിയ മുഖ്യമന്ത്രിയായ സാഹയുടെ പേര് ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗത്തിനുശേഷം പ്രഖ്യാപിച്ചത്.
സാഹയ്ക്ക് തന്റെ പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളായ ബുപേന്ദർ യാദവ്, വിനോദ് തിവാഡെ എന്നിവരാണ് പാർലമെന്ററി ബോർഡ് യോഗത്തിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ നേതൃത്വം വഹിച്ചത്. 69കാരനായ സാഹ കഴിഞ്ഞ മാർച്ച് 31നാണ് രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏക രാജ്യസഭാ സീറ്റിലായിരുന്നു വിജയം.
ത്രിപുരയിലെ തർക്കങ്ങളിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിപ്ലവ് കുമാർ ദേബ് നേരത്തെ ചർച്ച നടത്തിയിരുന്നു. തുടർന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്, ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരെ നിരീക്ഷകരായി ത്രിപുരയിലേക്ക് അയച്ചിരുന്നു. ത്രിപുരയിൽ സി.പി.എമ്മിൽ നിന്ന് ബി.ജെ.പി അധികാരം പിടിച്ചെടുത്തത് പാർട്ടി വൻ നേട്ടമായി ഉയർത്തിക്കാട്ടിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിയെ വളർത്താൻ ബി.ജെ.പി ഈ വിജയത്തെ ഉപയോഗിച്ചിരുന്നു. അതിനിടെയാണ് ത്രിപുരയിൽ തർക്കം രൂക്ഷമാകുന്നതും മുഖ്യമന്ത്രി രാജിവയ്ക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."