പുലിറ്റ്‌സറിലെ ഇന്ത്യന്‍ പുലിക്കുട്ടികള്‍
ഫര്‍സാന.കെ
ഡല്‍ഹിയില്‍ നിന്നുള്ള അദ്‌നാന്‍ ആബിദിക്കിത് മൂന്നാം പുലിറ്റ്‌സര്‍ പുരസ്‌കാരമാണ്. ദാനിഷ് സിദ്ദീഖിയുമൊത്ത് എടുത്ത റോഹിംഗ്യന്‍ ജീവിതങ്ങള്‍ക്കായിരുന്നു ആദ്യ പുരസ്‌കാരം. 2018ല്‍. പിന്നീട് 2019-20 കാലത്തുണ്ടായ ഹോങ്കോങ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്ക് ബ്രേക്കിങ് ന്യൂസ് ഫോട്ടാഗ്രഫി വിഭാഗത്തില്‍ 2020ലെ പുലിറ്റ്‌സര്‍ ലഭിച്ചു.
പടംപിടിത്തത്തിന്റെ പതിവ് വഴികളില്‍ നിന്നു തെറ്റി നടക്കാനായിരുന്നു അദ്‌നാന്‍ ആബിദിക്കിഷ്ടം. 1997ല്‍ 'ഇരുണ്ട മുറി'യുടെ മൂലയിലേക്ക് കുടിയേറിയതാണ് ഈ ചെറുപ്പക്കാരന്‍. പിന്നീട് ഇയാള്‍ മിന്നിച്ചതെല്ലാം പച്ചയായ ജീവിതങ്ങളിലേക്കുള്ള ക്ലിക്കുകളായിരുന്നു. ആരും കാണാത്ത, കണ്ടാലറക്കുന്ന, നികൃഷ്ടരെന്ന് തലതിരിച്ച, പുഴുക്കളേക്കാള്‍ ദൈന്യമായ ജീവിതങ്ങളിലേക്ക്.
മകന്റെ ഭാവിജീവിതം ഭദ്രമാക്കാന്‍ ഒരു കൊച്ചു പലചരക്കുകട തുറക്കാന്‍ തീരുമാനിച്ചതായിരുന്നു രക്ഷിതാക്കള്‍. എന്നാല്‍ തനിക്കു മുന്നിലൂടെ ഒഴുകുന്ന ലോകത്തെ ചുമ്മാ നോക്കിയിരിക്കാന്‍ അദ്‌നാന് താല്‍പര്യമില്ലായിരുന്നു. ചെറുപ്പംതൊട്ടേ ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട ബുക്കുകളിലും ഫാഷന്‍ മാഗസിനുകളിലുമായിരുന്നു കമ്പം. ഫോട്ടോഗ്രഫിയിലെ പെരുന്തച്ചനായ എസ്.പോളിന്റെ ചിത്രങ്ങള്‍ അവനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
മകന്റെ പടംപിടിത്ത ഭ്രാന്ത് കണ്ട പിതാവ് അവനെ ഒരു ഫോട്ടോഗ്രഫി സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ കൊണ്ടുചെന്നാക്കി. തറ തുടയ്ക്കല്‍, ചായ ഉണ്ടാക്കല്‍ മുതല്‍ ഡാര്‍ക് റൂം അസിസ്റ്റന്റ് വരെ. ഇതായിരുന്നു അദ്‌നാന്റെ അവിടുത്തെ അവസ്ഥ. പിന്നീട് തന്റെ പെന്‍ഷന്‍ പണത്തില്‍ നിന്ന് പിതാവ് അദ്‌നാന് ഒരു നിക്കോണ്‍ എഫ്.എ2 കാമറ വാങ്ങിനല്‍കി. അവിടെ അദ്‌നാന്റെ ലോകം മിഴിതുറക്കുകയായിരുന്നു. ചുറ്റും ഒരുപാട് പച്ചയായ കാഴ്ചകള്‍. അതിരുകള്‍ ഭേദിക്കാതെ സ്വകാര്യതകള്‍ക്ക് പരുക്കേല്‍പിക്കാതെ അവന്റെ കാമറ ഓരോ ദൃശ്യവും ഒപ്പിയെടുത്തു. അവനെപ്പോഴും പറയുമായിരുന്നു. ''സത്യത്തില്‍ എന്റെ ജീവിതം ആകെ മുഷിപ്പിലാണ്. എന്നാല്‍ കാമറക്കണ്ണിലൂടെ ഞാന്‍ കാണുന്ന കാഴ്ചകള്‍ അതിനെ ഏറെ മനോഹരമാക്കുന്നു''.
രണ്ട് പതിറ്റാണ്ട് പിന്നിട്ട പ്രൊഫഷനല്‍ ജീവിതത്തില്‍ ലോകത്തെ മുന്‍നിരയിലുള്ള നിരവധി മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്‌നാന്‍. പാന്‍- ഏഷ്യ ന്യൂസ് ഏജന്‍സി, ഇന്‍ഡോ ഫോട്ടോ ന്യൂസ്, പി.ടി.ഐ. ഒടുവില്‍ 2005ല്‍ റോയിട്ടേഴ്‌സിലും. റോയിട്ടേഴ്‌സിനു വേണ്ടി ചെയ്ത ചിത്രങ്ങള്‍ക്കാണ് പുലിറ്റ്‌സര്‍ ലഭിച്ചത്. ഇപ്പോള്‍ ന്യൂഡല്‍ഹി കേന്ദ്രീകരിച്ചാണ് അദ്‌നാന്‍ പ്രവര്‍ത്തിക്കുന്നത്.
സ്വയം ഫ്രെയിമായി മാറിയ
ദാനിഷ്
ദാനിഷിന് മരണാനന്തര ബഹുമതിയാണ് ഈ പുലിറ്റ്‌സര്‍. ഓര്‍ക്കുന്നില്ലേ, ഡല്‍ഹിയിലെ പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ ഹൃദയഭേദകമായ ആകാശദൃശ്യം. ഇന്ത്യയിലെ ഗുരുതരമായ കൊവിഡ് പ്രതിസന്ധി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ ആ ഒരൊറ്റ ചിത്രം മതി ദാനിഷ് സിദ്ദീഖി എന്ന ഫോട്ടോഗ്രാഫറെ അടയാളപ്പെടുത്താന്‍. യുദ്ധഭൂമികള്‍, സംഘര്‍ഷമേഖലകള്‍, പ്രകൃതിദുരന്ത ബാധിത പ്രദേശങ്ങള്‍, അഭയാര്‍ഥി ക്യാംപുകള്‍... മനുഷ്യയാതനയുടെ ലോകങ്ങളൊന്നും ദാനിഷിന്റെ കാമറക്കണ്ണുകള്‍ കാണാതിരുന്നിട്ടില്ല. ഏഷ്യന്‍ വന്‍കരയില്‍ കഴിഞ്ഞൊരു പതിറ്റാണ്ടിനിടെ നടന്ന ഒരു യുദ്ധവും സംഘര്‍ഷവും ദുരന്തവും സിദ്ദീഖി കവര്‍ചെയ്യാതെ പോയിട്ടില്ല.
ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ സിദ്ദീഖി എം.എയ്ക്ക് ജാമിഅയില്‍ തന്നെ മാധ്യമപഠനത്തിന് ചേര്‍ന്നു. ടെലിവിഷന്‍ ന്യൂസ് കറസ്‌പോണ്ടന്റ് ആയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2010ല്‍ റോയിട്ടേഴ്‌സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേണ്‍ ആയി ഫോട്ടോഗ്രഫി മേഖലയിലേക്ക് കടന്നു. തുടര്‍ന്ന് റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീം ഇന്ത്യയുടെ മേധാവിയുമായി. റോയിട്ടേഴ്‌സിനു പുറമെ നാഷനല്‍ ജിയോഗ്രഫിക് മാഗസിന്‍, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിന്‍, ന്യൂസ്‌വീക്ക്, ബി.ബി.സി, സൗത്ത് ചൈന മോണിങ് പോസ്റ്റ്, ദ് ഇന്‍ഡിപെന്‍ഡെന്റ്, ദ് ടെലഗ്രാഫ്, ഗള്‍ഫ് ന്യൂസ്, ദ ഓസ്‌ട്രേലിയന്‍ തുടങ്ങി ദാനിഷ് സിദ്ദീഖിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിരളമാണ്.
റോഹിംഗ്യരുടെ നരകയാതനകള്‍ പകര്‍ത്തിയതിനാണ് ആദ്യ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടുന്നത്. പുലിറ്റ്‌സര്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഫോട്ടോഗ്രാഫറുമാണ് ദാനിഷ്. ഇന്ത്യയിലും അമേരിക്ക, ഇംഗ്ലണ്ട്, ചൈന എന്നിങ്ങനെ വിവിധ രാജ്യങ്ങളിലുമായി വേറെയും നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടി. 2016 ഒക്ടോബറിനും 2017 ജൂലൈക്കുമിടയില്‍ ഇറാഖില്‍ നടന്ന മൗസില്‍ പോരാട്ടമായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഫോട്ടോ പരമ്പരകളിലൊന്ന്. 2015ലെ നേപ്പാള്‍ ഭൂകമ്പം, സ്വിറ്റ്‌സര്‍ലന്‍ഡിലെ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍, ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭം തുടങ്ങിയവയുടെ നേര്‍ചിത്രങ്ങളും അദ്ദേഹത്തിലൂടെ പുറംലോകം കണ്ടു.
അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക നടപടികള്‍ പകര്‍ത്താനും ദാനിഷ് പോയിരുന്നു. ഏറ്റവുമൊടുവില്‍ സഖ്യസേന പിന്മാറിയ ശേഷം രാജ്യം തിരിച്ചുപിടിക്കാനുള്ള താലിബാന്‍ നീക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു. സര്‍ക്കാര്‍ സേനയുടെ കൂടെ ദൃശ്യങ്ങള്‍ പകര്‍ത്തി സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ താലിബാന്റെ വെടിയുണ്ടകള്‍ തറച്ച് ചെറുപ്രായത്തില്‍ തന്നെ ആ ഐതിഹാസിക ജീവിതത്തിന് അന്ത്യമായി.
റോഹിംഗ്യന്‍ കണ്ണീര്‍
നിസ്സഹായരായിപ്പോയ ഒരുപറ്റം മനുഷ്യജന്മങ്ങള്‍. പ്രതീക്ഷയറ്റ അവരുടെ കണ്ണുകള്‍. ചളിയില്‍ പുതഞ്ഞ ജീവിതം. അദ്‌നാന്‍ ആബിദിയും ദാനിഷ് സിദ്ദീഖിയും പകര്‍ത്തിയ റോഹിംഗ്യന്‍ ചിത്രങ്ങള്‍ കണ്ണു നനയാതെ കണ്ടിരിക്കാനാവില്ല. അക്രമങ്ങളെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി നാഫ് നദി കടക്കുന്ന കൊച്ചു കുട്ടികള്‍. തിരിഞ്ഞുനോക്കുന്ന അവരുടെ കണ്ണുകളിലെ ഭീതിയും നിസ്സഹായതയും. അഭയംതേടിയുള്ള യാത്രയ്ക്കിടെ ജീവന്‍ നഷ്ടമായ 40 ദിവസം പ്രായമുള്ള കുരുന്നിനേയും കൈകളിലേന്തി നില്‍ക്കുന്ന ഹാമിദ എന്ന റോഹിംഗ്യന്‍ യുവതി. ഒരു കുഞ്ഞു നൗകയില്‍ പലവട്ടം മരണം മുന്നില്‍ കണ്ട് ഒടുവില്‍ തീരമണഞ്ഞ സ്ത്രീ. കൈകള്‍കൊണ്ട് മണല്‍തരിയെ തൊടുന്ന അവരുടെ പറഞ്ഞറിയിക്കാനാവാത്ത വികാരം... അങ്ങനെ ആബിദിയും സിദ്ദീഖിയും ലോകത്തിന് കാണിച്ചുകൊടുത്തത് വിസ്മൃതിയിലേക്ക് പോകുമായിരുന്ന റോഹിംഗ്യന്‍ ദൈന്യതകളായിരുന്നു. ഈ ചിത്രങ്ങള്‍ക്കാണ് ഇവര്‍ക്ക് 2018ല്‍ പുലിറ്റ്‌സര്‍ ലഭിച്ചത്.
അമിത് ദവെ
ആരോഗ്യ പ്രവര്‍ത്തകന്‍ കുടിലിനുള്ളില്‍ വെച്ച് ഒരു ഗ്രാമീണ യുവതിയുടെ താപനില പരിശോധിക്കുന്ന ചിത്രത്തിനാണ് അമിത് ദവെക്ക് പുരസ്‌കാരം ലഭിച്ചത്. മൂടുപടമണിഞ്ഞ നിലയിലായിരുന്നു അവര്‍. ഇഷ്ടികച്ചൂളയിലെ തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനിടെയായിരുന്നു ഇത്. മൂന്ന് പതിറ്റാണ്ടായി ദവെ പടംപിടിത്തം തുടങ്ങിയിട്ട്. ഗുജറാത്ത് സര്‍ക്കാറിന്റെ ഒരു മാഗസിനിലായിരുന്നു തുടക്കം. പിന്നീട് പ്രാദേശിക പത്രങ്ങളില്‍ ജോലി ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ കുറച്ചു കാലം. അവിടുന്ന് 2002ല്‍ റോയിട്ടേഴ്‌സിലെത്തി. ഗുജറാത്ത് കലാപം, ഭൂകമ്പം, വരള്‍ച്ച, സുനാമി ദുരന്തം തുടങ്ങി നിരവധി മേഖലകള്‍ കവര്‍ ചെയ്തു. ഇപ്പോള്‍ അഹ്‌മദാബാദിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."