പ്രശ്‌നമാക്കാതെ ഒന്നും പ്രശ്‌നമാകില്ല
പ്രേതശല്യമുള്ള പ്രദേശമാണെന്ന് പഴമക്കാര്‍ പറയാറുള്ള ആ സ്ഥലത്താണ് അന്നയാള്‍ എത്തിപ്പെട്ടത്. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. മനസില്‍ ഭയവും ഇരട്ടിയാകുന്നുണ്ട്. പരിസരങ്ങളിലൊന്നും ആള്‍പാര്‍പ്പില്ല. എന്തുതന്നെയായാലും വീട്ടിലെത്തിയേ തീരൂ. രണ്ടുംകല്‍പിച്ച് അയാള്‍ നടന്നു. പെട്ടെന്നാണ് സമീപത്തുനിന്ന് എന്തോ ആടിയനങ്ങുന്ന കാഴ്ച കണ്ടത്. ഞെട്ടിത്തരിച്ചുപോയ അയാള്‍ ആര്‍പ്പുവിളിയുമായി തിരിഞ്ഞോടി. ഓടിയോടി ഒരു ജനവാസകേന്ദ്രത്തിലെത്തി. ശബ്ദം കേട്ട് ഓടിക്കൂടിയ ജനങ്ങളോട് കണ്ട കാഴ്ച വിവരിച്ചപ്പോള്‍ അവര്‍ സംഭവസ്ഥലം പരിശോധിക്കാനായി ചെന്നു. ചെന്നുനോക്കുമ്പോള്‍ ഒന്നും കണ്ടില്ല. കണ്ടത് ഉണങ്ങിയാടുന്ന ഒരു വാഴയില മാത്രം. അതിന്റ അനക്കമാണ് അയാളെ വിറപ്പിച്ചുകളഞ്ഞത്. യാഥാര്‍ഥ്യമറിഞ്ഞപ്പോള്‍ ശ്വാസം നേരെ വീണെങ്കിലും ഭയം സൃഷ്ടിച്ച വിറ വിട്ടുമാറാന്‍ പിന്നെയും സമയമെടുത്തു.
ഉണങ്ങിയ വാഴയിലയ്ക്ക് ഇല്ലാത്ത വ്യാഖ്യാനം നല്‍കിയപ്പോള്‍ അതു പ്രേതമായി മാറി. വളഞ്ഞുപുളഞ്ഞു കിടക്കുന്ന കറുത്ത കയറിനെ പാമ്പായി ധരിക്കുന്നവര്‍ക്ക് അതു കയറല്ല, പാമ്പു തന്നെയാണ്. സഹധര്‍മിണിക്കു പരപുരുഷബന്ധം ഉണ്ടെന്നു സംശയിക്കുന്ന ഭര്‍ത്താവിന് അവളുടെ ഓരോ ഫോണ്‍കോളും കോളിളക്കം സൃഷ്ടിക്കുന്ന കുലുക്കമായിരിക്കും.
സംഭവത്തോടല്ല, അതിനു നല്‍കുന്ന വ്യാഖ്യാനത്തോടാണ് മനസ് സംവദിക്കുക. അതുകൊണ്ടുതന്നെ അനുഭവങ്ങള്‍ക്കു നല്‍കുന്ന വ്യാഖ്യാനമനുസരിച്ചിരിക്കും മനസിന്റെ പ്രതികരണം. പ്രശ്‌നങ്ങള്‍ക്ക് അനാവശ്യമായ പൊടിപ്പും തൊങ്ങലും വലുപ്പവും വ്യാപ്തിയുമെല്ലാം നല്‍കിയാല്‍ അതു മഹാപ്രശ്‌നമായി രൂപപ്പെടും. അതേസമയം, ഏതൊരു പ്രശ്‌നത്തിന്റെയും യാഥാര്‍ഥ്യം മനസിലാക്കാന്‍ ശ്രമിച്ചാല്‍ സമചിത്തത നിലനിര്‍ത്താം.
പ്രശ്‌നങ്ങളെന്തുതന്നെയായാലും ഉള്ള വലുപ്പം മാത്രമേ അവയ്ക്കു നല്‍കാവൂ. ഇല്ലാത്ത വ്യാപ്തി നല്‍കുമ്പോഴാണ് പൊട്ടലും ചീറ്റലുമെല്ലാം രൂപപ്പെടുക. പ്രശ്‌നമാക്കാതെ ഒരു പ്രശ്‌നവും പ്രശ്‌നമാകാറില്ല.
കുട്ടികളുടെ പരാതികള്‍ കേള്‍ക്കാറില്ലേ. അവരുടെ കണ്ണില്‍ ഹിമാലയന്‍ പ്രശ്‌നങ്ങളായിരിക്കും അവ. എന്നാല്‍ മുതിര്‍ന്നവരുടെ കണ്ണില്‍ നിസാര കാര്യങ്ങളുമായിരിക്കും. എന്താണു കാരണം? മുതിര്‍ന്നവര്‍ക്ക് അവയുടെ യഥാര്‍ഥ അളവ് കാണാന്‍ കഴിയുന്നു. അതിനാല്‍ ആ അളവ് മാത്രം അവയ്ക്കു നല്‍കുന്നു. കുട്ടികള്‍ക്ക് അതിനു കഴിയുന്നില്ല. അതിനാല്‍ മഹാപ്രശ്‌നങ്ങളായി അവര്‍ അവയെ വിലയിരുത്തുന്നു.
ഈ മഹാപ്രപഞ്ചത്തിലേക്കു ചേര്‍ത്തുനോക്കിയാല്‍ കിണര്‍ നന്നേ ചെറുതാണ്. പക്ഷേ, കിണറ്റിലെ തവളയ്ക്ക് അതാണു വലിയ ലോകം. അതുമാത്രമാണു ലോകം. കാരണം, പ്രപഞ്ചത്തിലേക്കു ചേര്‍ത്തിനിര്‍ത്തിയുള്ള കിണറിന്റെ വലുപ്പം അതു കണ്ടിട്ടില്ല. അതിനാല്‍ ഇല്ലാത്ത വലുപ്പം നല്‍കി മഹാ സംഭവമായി അതിനെ മനസിലാക്കുന്നു.
നാം സങ്കീര്‍ണമെന്നു കരുതുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ പക്വതയും പാകതയുമുള്ളവരുടെ കണ്ണില്‍ നിസാരമായിരിക്കും. അവര്‍ക്കു പ്രശ്‌നത്തിന്റെ വലുപ്പം ശരിയായ നിലയില്‍ കാണാന്‍ കഴിയുന്നു. നമുക്ക് അതിനു കഴിയുന്നില്ല. കൊതുകുകടി ഒരു പ്രശ്‌നമാണ്. എന്നാല്‍ ബുദ്ധിയുള്ളവരാരും അതു വലിയ പ്രശ്‌നമാക്കി അവതരിപ്പിക്കാത്തത് അവയുടെ തോതറിയുന്നതുകൊണ്ടാണ്.
പ്രശ്‌നങ്ങളെ ബലൂണുകളായി സങ്കല്‍പിക്കാം. ഓരോ ബലൂണിനും അതിന്റെതായ വലുപ്പമുണ്ട്. ആ വലുപ്പത്തില്‍ നിര്‍ത്താതെ ഊതിയൂതി പെരുപ്പിക്കുമ്പോള്‍ അതു കണക്കിലേറെ വലുതായി വരും. ഒടുവില്‍ പൊട്ടലായി മാറുകയും ചെയ്യും. പ്രശ്‌നങ്ങളെ നിസാരമായി തള്ളിയാല്‍ പ്രശ്‌നം തീര്‍ന്നു. അതിനു പകരം അവയെ മനസിലേറ്റി അതേക്കുറിച്ചാലോചിച്ച് പെരുപ്പിച്ചാല്‍ മഹാപ്രശ്‌നമായി രൂപപ്പെടും. ഒടുവില്‍ പൊട്ടലും ചീറ്റലുമായി അതു തരംമറിയും. ചിലപ്പോള്‍ താങ്ങാനാവാതെ മനസ് തകര്‍ന്നുപോവുക പോലും ചെയ്യും. തന്നെ ദ്രോഹിച്ചവര്‍ക്കെതിരേ പ്രതികാരനടപടികള്‍ സ്വീകരിക്കാന്‍ പ്രവാചകതിരുമേനിക്ക് അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ അവസരങ്ങളൊന്നും അവിടുന്ന് ഉപയോഗപ്പെടുത്തിയില്ല. അവയൊന്നും അവിടുന്ന് മാപ്പര്‍ഹിക്കാത്ത പ്രശ്‌നമായെടുത്തില്ല എന്നതാണു കാരണം.
'അതു പ്രശ്‌നമാക്കണ്ട' എന്ന ഒരു പ്രയോഗം നിത്യജീവിതത്തില്‍ നാം ഉപയോഗിക്കാറുണ്ട്. പ്രശ്‌നമാക്കണ്ട എന്നു പറയുന്നത് പ്രശ്‌നമാക്കിയാലേ പ്രശ്‌നമാകൂ എന്നതുകൊണ്ടാണല്ലോ. എങ്കില്‍, പ്രശ്‌നക്കാരന്‍ പ്രശ്‌നമാക്കിയെടുത്തവനാണെന്നു വരും.
നിസാരമാക്കേണ്ടതിനെ നിസാരമാക്കാന്‍ കഴിയുകയെന്നതാണു കഴിവ്. അതു ഹൃദയവിശാലതയുടെ ലക്ഷണമാണ്. കുടുസാര്‍ന്ന ഹൃദയമുള്ളവര്‍ക്ക് പലതും താങ്ങാന്‍ കഴിയില്ല. അതിനാല്‍ നിസാരമാക്കേണ്ടതിനെ പോലും അവര്‍ സാരമാക്കിയെടുക്കും. വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാതെ വരും. പ്രതികാരം ചെയ്‌തേ പിന്നീട് അവര്‍ക്കുറക്കം വരൂ. എന്നാല്‍ പ്രതികാരം ചെയ്യുന്നവനല്ല, മാപ്പു നല്‍കുന്നവനാണു പ്രശംസ ലഭിക്കുക. പ്രതികാരം ചെയ്യുന്നവന്‍ തന്റെ അവകാശം എടുത്തുപയോഗിക്കുന്നു. മാപ്പ് നല്‍കുന്നവന്‍ തന്റെ ഔദാര്യം എടുത്തുകൊടുക്കുന്നു. എടുത്തുപയോഗിക്കുന്നവല്ല, എടുത്തുകൊടുക്കുന്നവനാണു മേലെയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."