'റമദാനിൽ ഒരാൾക്ക് ഒരു ഉംറ മാത്രം': ഉംറക്കായി പോകുന്നവർക്ക് പുതിയ മാർഗനിർദേശങ്ങളുമായി സഊദി; മാർഗനിർദേശങ്ങൾ അറിയാം
ഏതൊരു ഇസ്‌ലാം മത വിശ്വാസിയുടെയും സ്വപ്നങ്ങളിൽ ഒന്നാണ് റമദാൻ മാസത്തിൽ മക്കയിലെത്തി ഉംറ ചെയ്യണമെന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഈ റമദാനിൽ പുണ്യഭൂമിയിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ സഊദിയിലേക്ക് ഉംറക്കായി എത്തുന്ന തീർത്ഥാടകർക്കുള്ള മാർഗനിർദേശം പുറത്തിറക്കിയിരിക്കുകയാണ് സഊദി അറേബ്യ.
ലോകത്ത് പലയിടത്തും ഉംറ പാക്കേജുകൾക്കായുള്ള തിരക്ക് പല മടങ്ങ് വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യു.എ.ഇയിൽ നിന്ന് മാത്രം മൂന്നിരട്ടി വർധനയാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ നിന്നും ഉംറ പാക്കേജുകളിൽ വര്ധനയുണ്ടാവാറുള്ള സമയമാണ് റമദാൻ.
അതേസമയം തീർത്ഥാടകരെ സ്വീകരിക്കാനുള്ള വലിയ രീതിയിലുള്ള ഒരുക്കങ്ങൾ സഊദി നടത്തിയിട്ടുണ്ട്. ഹജ്ജിന് ഉള്ള വിപുലമായ ഒരുക്കങ്ങൾ നടത്താറുള്ളത് കൊണ്ട് തന്നെ ഉംറക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ട്. എങ്കിലും തീർത്ഥാടനത്തിന് എത്തുന്നവർക്ക് ചില നിർദേശങ്ങൾ സഊദി മുന്നോട്ട് വെച്ചിട്ടുണ്ട്.
മാർഗനിർദേശങ്ങളിൽ പ്രധാനപ്പെട്ടത് ഇങ്ങനെയാണ്:
ഈ റമദാനിൽ ഒരു ഉംറ മാത്രം
തീർത്ഥാടനത്തിനായി എത്തുന്ന വിശ്വാസികൾ ഈ വിശുദ്ധ മാസത്തിൽ ഒരു ഉംറ മാത്രം ചെയ്‌താൽ മതിയെന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം നൽകുന്ന നിർദേശം. സാധാരണ ഒരു തവണ മക്കയിൽ എത്തുന്നവർ ഒന്നിൽ കൂടുതൽ തവണ ഉംറ ചെയ്യാറുണ്ട്. എന്നാൽ അത് വേണ്ടെന്നാണ് നിർദേശം.
റമദാനിൽ ഒരിക്കൽ മാത്രം ഉംറ നിർവഹിക്കുന്നത് മറ്റ് തീർത്ഥാടകർക്ക് അവരുടെ കർമ്മങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനുള്ള അവസരം നൽകാൻ സഹായിക്കുമെന്ന് മന്ത്രാലയം പറയുന്നു. ഇത് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യും.
ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക
ഉംറയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിക്കുന്നു. ഉംറ തീർത്ഥാടകർ നുസുക്ക് അല്ലെങ്കിൽ തവക്കൽന ആപ്പുകൾ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യണമെന്നാണ് സൗദി അധികൃതർ നൽകുന്ന നിർദേശം.
ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള നടപടി ക്രമങ്ങൾ ലഘൂകരിച്ചതിനാൽ മികച്ച പിന്തുണയായാണ് ആപ്പുകൾ വഴിയുള്ള ബുക്കിങ്ങിന് നിലവിൽ ലഭിക്കുന്നത്.
നിങ്ങളുടെ തീയതിയിലും സമയ സ്ലോട്ടിലും ഉറച്ചുനിൽക്കുക
പുണ്യമാസം ആരംഭിച്ചതോടെ, ഉംറയ്ക്കായി ബുക്ക് ചെയ്ത തീർത്ഥാടകർ തീയതിയും സമയവും പിന്തുടരാൻ ഓർമ്മപ്പെടുത്തിക്കൊണ്ട് അധികാരികൾ മറ്റൊരു ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തീർത്ഥാടനത്തിനായി മതിയായ എണ്ണം സ്ലോട്ടുകൾ തുറന്നിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഉംറയ്ക്കായി ബുക്ക് ചെയ്ത തീയതിക്കും സമയത്തിനും മുൻപ് അവിടെ എത്തുന്നതും അനുവദിച്ച സമയത്തിന് ശേഷവും അവിടെ തുടരുന്നതും തിരക്ക് വർധിപ്പിക്കാനും മറ്റു തീർത്ഥാടകർക്ക് ബുദ്ധിമുട്ട് സൃഷിടിക്കാനും കാരണമാകും. അതുപോലെ തീയതിയും സമയവും മാറ്റം വരുത്തുന്നതും സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."