ആത്മവിശ്വാസത്തോടെ രണ്ടാമൂഴം
കൊവിഡ് ആശങ്കയുടെ നിഴലില്‍ നടന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, അതിന്റെ പ്രൗഢഗംഭീരമായ ആവിഷ്‌കാരത്താല്‍ ശ്രദ്ധേയമായി. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന അപരിചിതത്വമൊന്നും രണ്ടാമൂഴത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ബാധിച്ചതായി കണ്ടില്ല. രണ്ടാമൂഴത്തിലെ ആത്മവിശ്വാസം നല്‍കുന്ന ബലമായിരിക്കാം മന്ത്രി എന്നതിനു പകരം മുഖ്യമന്ത്രി എന്ന് സത്യപ്രതിജ്ഞാ വാചകത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇതിനെതിരേ ഭാവിയില്‍ എന്തെങ്കിലും തടസവാദങ്ങള്‍ ഉണ്ടായേക്കാമെന്ന് കരുതിയായിരിക്കണം നിയമവകുപ്പിനോടും ഗവര്‍ണറോടും കൂടിയാലോചിച്ചത്. ശേഷമാണ് സത്യപ്രതിജ്ഞയില്‍ ഇത്തരമൊരു മാറ്റം വരുത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം നല്‍കിയ ആത്മധൈര്യം, രണ്ടാമൂഴത്തിനൊരുങ്ങുന്ന ഇടത് സര്‍ക്കാരിന് കരുത്തായി മാറേണ്ടതുണ്ട്. എന്നാല്‍, പ്രതീക്ഷകള്‍ക്കൊപ്പം പ്രതിസന്ധിയുടെ കാറ്റും കോളും നിറഞ്ഞ ഒരന്തരീക്ഷത്തില്‍ സംസ്ഥാന യാനത്തെ വിജയപൂര്‍വം ശാന്തിയുടെ തീരത്തേക്ക് നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ്, ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനുള്ളത്.
കരുതലിനൊപ്പം വികസനവും എന്നാണല്ലൊ സര്‍ക്കാരിന്റെ മുദ്രാവാക്യം. ഇതിനായി നിരവധി കടമ്പകളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും കൊവിഡ് ഭീതിയിലും അടിസ്ഥാന വിഭാഗത്തെ ചേര്‍ത്തുപിടിച്ചു. സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണെന്ന ധാരണ ദൃഢമാക്കാന്‍ കഴിഞ്ഞു എന്നതാണ് രണ്ടാംമൂഴത്തില്‍ ഇടതുമുന്നണിക്ക് വോട്ട് നിക്ഷേപമായത്. കൊവിഡ് മഹാമാരിക്കൊപ്പം ബ്ലാക്ക് ഫംഗസ് എന്ന ഭീതിപ്പെടുത്തുന്ന രോഗവും കൂടി ജനജീവിതത്തെ ഇപ്പോള്‍ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയുമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നത്. സര്‍ക്കാരിനു കൂടുതല്‍ ശ്രദ്ധ തീര്‍ച്ചയായും ഈ വിഷയത്തില്‍ ചെലുത്തേണ്ടി വരും.
സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ണമായും ഇല്ലാതാക്കുക എന്നതിനാണ് ഈ പ്രാവശ്യം സര്‍ക്കാര്‍ പ്രാമുഖ്യം കൊടുത്തിരിക്കുന്നത്. അതിദാരിദ്ര്യത്തില്‍ കഴിയുന്നവരെ കണ്ടെത്തി വിവിധ പദ്ധതികളിലൂടെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കൊണ്ടുവരിക എന്നതാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് നടപ്പിലായാല്‍, വിശക്കുന്ന വയറുകള്‍ സംസ്ഥാനത്തുണ്ടാവില്ല. ആദിവാസി -പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി എന്തൊക്കെ പദ്ധതികളാണ് സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നിട്ടും വിശപ്പ് സഹിക്കാനാവാതെ ഊരില്‍ നിന്നിറങ്ങി വന്ന് നാലു മുളകും നാഴിയരിയുടെ പകുതിയും ഒരു കടയില്‍ നിന്നെടുത്ത ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച് അതിദാരുണമായി കൊലപ്പെടുത്തിയ ഒരു നാട്ടില്‍, അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതി വിജയിച്ചാല്‍ രണ്ടാമൂഴ സര്‍ക്കാരിന് അതൊരു വമ്പിച്ച നേട്ടമായിരിക്കും
ആദിവാസികളുടെ ക്ഷേമത്തിനു പദ്ധതികള്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ പട്ടിണിമൂലം വിളര്‍ച്ചാ രോഗങ്ങളും അരിവാള്‍ രോഗവും വന്ന് അവര്‍ മരിച്ചുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും കൂട്ടുചേര്‍ന്നുള്ള അഴിമതിയാണ് ആദിവാസികളുടെ ദാരിദ്ര്യ നിര്‍മാര്‍ജനം ഇന്നുമൊരു സ്വപ്നമായി അവശേഷിക്കാന്‍ കാരണം. അത്തരമൊരു ദുരന്തം അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിക്ക് ഉണ്ടാകരുത്. റേഷന്‍ കടകള്‍ വഴി ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നതുപോലെ ലളിതമായിരിക്കില്ല ഇത്തരമൊരു ബൃഹദ് പദ്ധതി. ഭരണമേതായാലും അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാറുന്നില്ലെന്നതാണ് ഇത്തരം ജനോപകാരപ്രദമായ പദ്ധതികള്‍ എങ്ങുമെത്താതെ പരാജയപ്പെടുന്നതിന്റെ മുഖ്യകാരണം. രണ്ടാമൂഴത്തിന്റെ കരുത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും തുരത്താന്‍ സര്‍ക്കാരിന് ഉപയോഗിക്കാനാവുമെങ്കില്‍ ഈ ജനപദ്ധതി വിജയിച്ചേക്കാം. അല്ലാത്തപക്ഷം ആരംഭശൂരത്വത്തിലെ വാഗ്ദാനം മാത്രമായി ഈ പദ്ധതിയും ഒടുങ്ങുകയാവും ഫലം.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മാലിന്യമുക്തമാക്കി പരിവര്‍ത്തിപ്പിക്കുമെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്. കൊച്ചു സംസ്ഥാനമായ കേരളം വലിയൊരു മാലിന്യക്കൂമ്പാരമായി മാറാതിരിക്കണമെങ്കില്‍ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്. വര്‍ധിച്ചു വരുന്ന പ്ലാസ്റ്റിക്ക് മാലിന്യം നമ്മുടെ പരിസ്ഥിതിക്ക് വലിയ ആഘാതമേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നിട്ടും മാലിന്യങ്ങള്‍ ഇപ്പോഴും കൂമ്പാരമായിത്തന്നെ തുടരുന്നു. വീട്ടമ്മമാരുടെ ജോലി ഭാരം കുറയ്ക്കാനും ജപ്തിയിലൂടെ വീട് നഷ്ടപ്പെടുന്നത് തടയാനും നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതുപോലെ സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യത്തോടെ ശ്രദ്ധ കൊടുക്കേണ്ട വിഷയമാണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയും. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് സര്‍ക്കാരിനെതിരേ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനമായിരുന്നു പിന്‍വാതില്‍ നിയമനം. ലക്ഷങ്ങള്‍ തൊഴില്‍ കിട്ടാതെ പുറത്തുനില്‍ക്കുമ്പോഴായിരുന്നു വേണ്ടപ്പെട്ടവര്‍ക്കുള്ള പിന്‍വാതില്‍ നിയമനങ്ങള്‍. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗരേഖ കെ ഡിസ്‌ക് തയാറാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതുവഴി 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയുമെന്നും പറയുന്നു. സര്‍ക്കാരിന് അത് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ തങ്കലിപികളാല്‍ കുറിക്കപ്പെടേണ്ട മഹത്തായ സംഭവമായിരിക്കുമത്.
അതേസമയം, മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ സര്‍ക്കാരിന്റെ നിറം കെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ നേരത്തെ വി. അബ്ദുറഹ്മാനെയാണ് സാധ്യത കല്‍പിച്ചിരുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തയായിരുന്നു പുറത്തുവന്നിരുന്നതും. ഇതിനെതിരേ ക്രൈസ്തവ സഭകള്‍ രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത്തരം സമ്മര്‍ദത്തിന് വഴങ്ങിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയില്‍നിന്ന് തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നത്. ആരുടെയെങ്കിലും സമ്മര്‍ദത്തിന് അദ്ദേഹം വഴിപ്പെടും എന്ന് കരുതുന്നില്ല.
എന്നാല്‍, സര്‍ക്കാരിനെ നിരവധി പ്രതിസന്ധികളും കാത്തിരിക്കുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയാണെങ്കില്‍ പോലും കഴിഞ്ഞ തവണ തുടങ്ങിവച്ചതും പൂര്‍ത്തീകരിക്കപ്പെടാത്തതുമായ പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നത് മുന്‍പിലുള്ള വലിയ വെല്ലുവിളിയാണ്. ഇടതുമുന്നണി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നവകേരള നിര്‍മിതിക്ക് അവര്‍ ആവശ്യപ്പെട്ട പത്തുവര്‍ഷമാണ് ജനം നല്‍കിയിരിക്കുന്നത്. വെല്ലുവിളികളേയും തടസങ്ങളേയും അതിജീവിച്ച് പുതിയൊരു കേരള നിര്‍മിതി കാഴ്ചവയ്ക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരള ജനത. അവരുടെ പ്രതീക്ഷകളില്‍ പാതിയെങ്കിലും സഫലമാക്കാന്‍ കേരളചരിത്രത്തില്‍ ഇടതുപക്ഷത്തിന് ആദ്യമായി ഭരണത്തുടര്‍ച്ച കൈവന്ന പിണറായി സര്‍ക്കാരിന് കഴിയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."