ഗസ്സയിലെങ്ങും കണ്ണീര്‍ക്കാഴ്ചകള്‍
ഗസ്സ സിറ്റി: ഫലസ്തീനുമായി ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഗസ്സയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗസ്സയില്‍ നിന്ന് കണ്ണീര്‍ക്കാഴ്ചകളാണ് കാണാനാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ വ്യാപക തെരച്ചില്‍ നടക്കുകയാണ്. ഒന്‍പത് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതില്‍ 3 വയസുള്ള കുട്ടിയും ഉള്‍പ്പെടും. വടക്കുകിഴക്കന്‍ ഖാന്‍ യൂനുസ് നഗരത്തിലെ അല്‍ ക്വാറ ഏരിയയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. നേരത്തെ ഗസ്സ ടണിലില്‍ നിന്ന് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 10 പേരെ ജീവനോടെയും കണ്ടെത്തി. ഫലസ്തീന്‍ ആരോഗ്യ വിഭാഗത്തിന്റെ കണക്കനുസരിച്ച് 243 പേരാണ് കൊല്ലപ്പെട്ടത്.
അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തകരുടെ സംഘവും ഗസ്സയിലുണ്ട്. 46 സ്‌കൂളുകള്‍ ഉള്‍പ്പെടെ 51 വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. ഇതില്‍ യു.എന്‍ പരിശീലന കേന്ദ്രം, ഇസ്‌ലാമിക സര്‍വകലാശാല തുടങ്ങിയവ ഉള്‍പ്പെടും. 66,000 പേര്‍ ദുരിതാശ്വാസ കേന്ദ്രത്തിലുണ്ട്. യു.എന്‍ നടത്തുന്ന 58 സ്‌കൂളുകളിലാണ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആറു ആശുപത്രികളും 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തകര്‍ന്നു. ഗസ്സയിലെ ഏക കൊവിഡ് പരിശോധന ലബോറട്ടറിയും ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. മെയ് 17 നാണ് ഇവിടെ ആക്രമണം നടന്നത്. വൈദ്യുതി ശൃംഖലകളും തകര്‍ന്നതിനാല്‍ മിക്കയിടങ്ങളും ഇരുട്ടിലാണ്. 2.5 ലക്ഷം പേര്‍ക്ക് കുടിവെള്ളവും മുടങ്ങി. അഞ്ചു ഗവര്‍ണറേറ്റുകളിലായി 2.1 ദശലക്ഷം പേരാണ് ഗസ്സയിലുള്ളത്. വടക്കന്‍ ഗസ്സ, ഗസ്സ സിറ്റി, ദാറുല്‍ ബലാഹ്, ഖാന്‍ യുനുസ്, റഫ എന്നിവയാണ് ഗവര്‍ണറേറ്റുകള്‍.
അതിനിടെ വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഗസ്സയിലേക്കുള്ള അതിര്‍ത്തി ഇസ്‌റാഈല്‍ തുറന്നതായും അന്താരാഷ്ട്ര മെഡിക്കല്‍ സഹായ സംഘങ്ങള്‍ക്ക് ഗസ്സയിലെത്താനാകുമെന്നും ഇസ്‌റാഈലിലെ റെഡ് ക്രോസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കരീം ഷാലോം അതിര്‍ത്തി ഇസ്‌റാഈല്‍ അടച്ചത്. ഇതോടെ ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും മറ്റുമായി എത്തിയ യു.എന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ ട്രക്കുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."