വെടിനിര്‍ത്തല്‍ പെരുന്നാളാഘോഷമാക്കി ഫലസ്തീനികള്‍
ഗസ്സ സിറ്റി: ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഗസ്സയില്‍ പെരുന്നാള്‍ ദിനത്തിലെന്ന പോലെ ആഘോഷം. ഗസ്സ ജനത ഒന്നടങ്കം രാത്രി തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തി.
വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളിലും മറ്റും അവര്‍ ഫലസ്തീന്‍ പതാകയുമായി വിജയ ചിഹ്നമുയര്‍ത്തി. ഫലസ്തീനികള്‍ക്ക് വിജയത്തിന്റെ പെരുന്നാള്‍ രാവായിരുന്നു ഇന്നലെയെന്നാണ് അല്‍ജസീറ തങ്ങളുടെ ഗസ്സയിലെ ലേഖകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
അല്ലാഹുവാണ് വലിയവനെന്നും അല്ലാഹുവിന് സ്തുതി അര്‍പ്പിച്ചും യുവാക്കളും കുട്ടികളും വിജയം ആഘോഷിച്ചു. നേരത്തെ വെള്ളിയാഴ്ച മുതല്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന് ഹമാസ് രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തള്ളുകയായിരുന്നു. തുടര്‍ന്നാണ് യു.എന്‍ പൊതുസഭയില്‍ ഉടനെ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം യു.എന്‍ സെക്രട്ടറി ജനറല്‍ ഉന്നയിച്ചത്. ഇതോടെ ഇസ്‌റാഈലിനു വഴങ്ങേണ്ടിവന്നു. ഫലസ്തീനില്‍ റമദാന്‍ അവസാന ദിനത്തില്‍ മുതല്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം തുടങ്ങിയിരുന്നു.
റമദാന്‍ അവസാന രാവുകളിലാണ് ഇസ്‌റാഈല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ പ്രകോപനമുണ്ടാക്കിയതും ഹമാസ് തിരിച്ചടിച്ചതും. ഇത്തവണ ഈദ് ആഘോഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കനത്ത വ്യോമാക്രമണമാണ് ഗസ്സക്കാര്‍ നേരിട്ടത്. വ്യോമാക്രമണം പ്രഖ്യാപിച്ചതിനു പിന്നാലെ അവര്‍ ഈദാഘോഷം പോലെ വെടിനിര്‍ത്തലിനെ സമീപിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
തങ്ങള്‍ക്ക് വെള്ളമില്ല, വൈദ്യുതിയില്ല, ഭക്ഷണമില്ല, മരുന്നില്ല, പക്ഷേ വിജയം ആഘോഷിക്കാന്‍ ഇതൊന്നും ആവശ്യമില്ല എന്നായിരുന്നു ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത യുവതിയുടെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."