ഇസ്‌ലാം എളുപ്പമാണ്; സങ്കീര്‍ണമല്ല
സയ്യിദ് നാസ്വിര്‍ അബ്ദുല്‍ ഹയ് ശിഹാബ് തങ്ങള്‍
അല്ലാഹുവിന്റെ ദീന്‍ സരളവും എളുപ്പവുമാണ്. അത് തന്നെയാണ് അതിന്റെ പ്രത്യേകതയും.സങ്കീര്‍ണമില്ലാതെ മതം ഉള്‍ക്കൊണ്ട്് ജീവിക്കാനുതകുന്ന സാഹചര്യത്തിലാണ് അല്ലാഹു ഈ മതം സംവിധാനിച്ചത്. ചിന്തയിലും കര്‍മത്തിലും ആരാധനാ അനുഷ്ഠാനങ്ങളിലും തീവ്രനിലപാടു വച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം മതവിശ്വാസികള്‍ക്കിടയിലും ഉണ്ടെന്നത് നമ്മുടെ സമൂഹത്തിലെ ദൗഭാഗ്യമാണ്. ഇത്തരക്കാരുടെ പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടിയാണ് ഇസ്്‌ലാമിനെ കുറ്റപ്പെടുത്താനും ആക്രമിക്കാനും ഇസ്്‌ലാമിക വിരുദ്ധര്‍ക്ക് സാഹചര്യം ഉണ്ടാകുന്നത്. മതം പഠിക്കേണ്ടത് അല്ലാഹുവില്‍ നിന്നും അവന്റെ പ്രവാചകരില്‍ നിന്നും ആണ്്. അതിനനുസരിച്ചാണ് പൂര്‍വസൂരികള്‍ നമുക്ക് അവ ക്രോഢീകരിച്ച് തന്നത്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഉണ്ടാക്കിത്തീര്‍ക്കുന്ന നിയമസംഹിതകളല്ല അതിനുള്ളത്.
ദീനിന്റെ ലളിതമായ സരണിയെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട് ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, ക്ലേശമുദ്ദേശിക്കുന്നില്ല.’ (2 : 185)’അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്.’ (5 : 6)
‘ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു ക്ലഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മതത്തില്‍ നിലകൊള്ളുന്നവരാകുവിന്‍.’ (22 : 78),’അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാനുദ്ദേശിക്കുന്നു. എന്തെന്നാല്‍ മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.’ (4 : 28)
അതിരു കവിയുന്ന കഠിനനിലപാടുകളെ അല്ലാഹു ശക്തമായി വിരോധിച്ചിട്ടുണ്ട്. ‘അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. ‘ (4 : 171) മറ്റൊരിടത്ത് പറയുന്നു : ‘പറയുക: അല്ലയോ വേദക്കാരേ, സ്വന്തം മതത്തില്‍ അന്യായമായി തീവ്രത കൈക്കൊള്ളാതിരിക്കുക. നിങ്ങള്‍ക്കുമുമ്പ് സ്വയം ദുര്‍മാര്‍ഗികളാവുകയും അനേകരെ ദുര്‍മാര്‍ഗത്തിലാക്കുകയും സല്‍പന്ഥാവില്‍നിന്നു വ്യതിചലിക്കുകയും ചെയ്ത ജനത്തിന്റെ ഭാവനകളെ നിങ്ങള്‍ പിന്‍പറ്റാന്‍ പാടില്ലാത്തതാകുന്നു.’ (5 : 77)
വിശുദ്ധഖുര്‍ആന്‍ മുഹമ്മദ് നബി(സ്വ)യെ പരിചയപ്പെടുത്തുന്നത് നോക്കൂ ‘നന്മ കല്‍പ്പിക്കുകയും തിന്‍മവിരോധിക്കുകയും അവര്‍ക്ക് നല്ലവസ്തുക്കള്‍ അനുവദനീയമാക്കുകയും ചീത്തയായ കാര്യങ്ങള്‍ നിഷിദ്ധമാക്കുകയും അവരെ വരിഞ്ഞു മുറുക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്ന, അവരുടെ ഭാരങ്ങള്‍ ഇറക്കിവക്കുന്ന പ്രവാചകന്‍’ ( അഅ്‌റാഫ്. 158). മനുഷ്യന്റെ ഭാരം ഇറക്കിവെക്കുന്ന പ്രവാചകനെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ തെറ്റിദ്ധിക്കപ്പെടുന്നത് എന്നത് ഖേദകരമാണ്.
നബി(സ്വ) പറയുന്നു : ‘നിങ്ങളുടെ ഉത്തമമായ ദീന്‍ ഏറ്റവും ലളിതമായതാണ്, നിങ്ങളുടെ ഉത്തമമായ ദീന്‍ ഏറ്റവും ലളിതമായതാണ്, നിങ്ങളുടെ ഉത്തമമായ ദീന്‍ ഏറ്റവും ലളിതമായതാണ്.’പ്രതിനിധി സംഘങ്ങളെ അയച്ചപ്പോള്‍ അവക്കെല്ലാം നബി(സ്വ) നല്‍കിയിരുന്ന ഉപദേശം ‘നിങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പം നല്‍കുന്നവരാണ്, നിങ്ങളവര്‍ക്ക് ക്ലേശം ഉണ്ടാക്കരുത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷം പകരണം, അവര്‍ക്ക് വെറുപ്പ് പകരരുത്.’ മറ്റൊരവസരത്തില്‍ മതത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നവര്‍ക്ക് താക്കീത് നല്‍കി അവിടുന്ന് പറഞ്ഞു.: ‘ഈ ദീന്‍ എളുപ്പമാണ്, ദീനില്‍ കാര്‍ക്കശ്യം കൈക്കൊള്ളുന്നവര്‍ പരാജയപ്പെടും.’ മനസ്സിന് മടുപ്പോ ശരീരത്തിന് ക്ഷീണമോ ഇല്ലാത്തപ്പോഴാണ് നിങ്ങള്‍ ആരാധനകളിലേര്‍പ്പെടേണ്ടത്. മിതമായ വഴിയാണ് എപ്പോഴും നിങ്ങള്‍ സ്വീകരിക്കേണ്ടത്, അതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താം.അനസ്(റ) നിവേദനം: റസൂല്‍ (സ്വ)ഒരിക്കല്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ പള്ളിയില്‍ രണ്ട് തൂണുകള്‍ക്കിടയില്‍ ബന്ധിച്ച ഒരു കയര്‍ കണ്ടു. അപ്പോള്‍ നബി(സ്വ) ചോദിച്ചു. എന്താണിത്..? അവര്‍ പറഞ്ഞു. സൈനബിന് വേണ്ടിയുള്ളതാണ്. അവര്‍ (അവിടെ) നിസ്‌ക്കരിക്കും അവര്‍ക്ക് ക്ഷീണവും മടുപ്പും ഉണ്ടാകുമ്പോള്‍ ആ കയറില്‍ പിടിച്ച് നിസ്‌ക്കരിക്കും. അപ്പോള്‍ നബി(സ്വ) പറഞ്ഞു അത് അഴിച്ചുമാററുക, ക്ഷീണവും മടുപ്പുമുണ്ടാവുമ്പോള്‍ ഇരിക്കുക. ശരീരത്തിനെ ക്ഷീണിപ്പിച്ച് കൊണ്ടുള്ള ആരാധനകള്‍ അതിരു കവിയാതിരിക്കാന്‍ നബി(സ്വ) നിര്‍ദേശിക്കുകയായിരുന്നു.
മുആദ് ബിന്‍ ജബല്‍(റ) ഇമാമായി നമസ്‌കരിക്കുമ്പോള്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. ഇങ്ങനെ ദീര്‍ഘമായി പാരായണം ചെയ്യുന്നത് രോഗികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ജനങ്ങള്‍ നബി(സ)യോട് ആവലാതിപ്പെട്ടു. ഇത് കേട്ട തിരുമേനിയുടെ(സ) മുഖം കോപത്താല്‍ ചുവന്നു എന്നാണ് ഹദീസുകള്‍ വിവരിക്കുന്നത്. മുആദ്(റ) വിളിച്ചു വരുത്തി നബി(സ) ചോദിച്ചു : ‘അല്ലാഹുവിന്റെ ദീനില്‍ ഫിത്‌നയുണ്ടാക്കുയാണോ താങ്കള്‍?’
നബി(സ)യുടെ ആരാധനാ കര്‍മങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തിയ ആളുകളുടെ സംഭവം വിശദീകരിച്ച് അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ്വ)യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബി(സ്വ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ ( അവര്‍ക്കത് വളരെ കുറഞ്ഞ് പോയെന്ന് തോന്നി )അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി(സ്വ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ.
അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്‌കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ്വ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍ . ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
ഇവിടെ ഈ മൂന്ന് ആളുകളുടെ ഉദ്ദേശം നല്ലതാണ് . പക്ഷെ അത് അതിരു വിടുന്നതരത്തില്‍ അവര്‍ സ്വീകരിച്ചപ്പോള്‍ അവരെ തിരു നബി(സ്വ) നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഈ കാലത്ത് നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ് ഈ സംഭവം.
അതിരുകവിയാതെ മത ശാസനകള്‍ അംഗീകരിക്കാനാണ് ഇസ്്‌ലാമിന്റെ കല്‍പന. ചിലര്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ അംഗീകരിക്കാതെ മതം സങ്കീര്‍ണമാക്കുകയാണ്. ഇത്തരം നിലപാടുകളെ കുറിച്ച് നാം ജാഗ്രതപാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."