പൊലിസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണു മരിച്ചു; മര്‍ദ്ദനം ആരോപിച്ച് ബന്ധുക്കളും ദൃക്‌സാക്ഷികളും
കൊച്ചി: തൃപ്പൂണിത്തുറയില്‍ പൊലിസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണു മരിച്ചു. എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് മരിച്ചത്. പൊലിസ് മര്‍ദ്ദനമാണ് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രാത്രി ഒമ്പതോടെ പൊലിസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അലക്ഷ്യമായി ഇരുചക്ര വാഹനം ഓടിച്ചു വരുന്നതിനിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലിസ് പറയുന്നത്. തുടര്‍ന്ന് വൈദ്യപരിശോനയ്ക്ക് കൊണ്ടു പോകാനിരിക്കെ കുഴഞ്ഞു വീണ് മരിച്ചെന്നും പൊലിസ് വ്യക്തമാക്കുന്നു. കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലിസ് പിടികൂടിയതെന്നും സ്റ്റേഷനിലെത്തി അധികം കഴിയും മുമ്പേ മനോഹരന്‍ കുഴഞ്ഞുവീണെന്നും പൊലിസ് വിശദമാക്കുന്നു. എന്നാല്‍, പൊലിസ് കൈകാണിച്ചതിന് അല്‍പം മുന്നോട്ടു നീങ്ങി മനോഹരന്‍ വാഹനം നിര്‍ത്തിയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ പൊലിസ് ജീപ്പിനു സമീപം നില്‍ക്കുകയായിരുന്ന ഒരു പൊലിസുകാരന്‍ ഓടിയെത്തി ഹെല്‍മറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് പൊലിസ് ജീപ്പില്‍വച്ചും മനോഹരനെ മര്‍ദിച്ചതായും ആരോപിക്കുന്നു.
അതേസമയം, മനോഹരനെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുമ്പില്‍ മനോഹരന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."