'സ്വന്തം എന്‍ജിനീയര്‍മാരെ' ഇറക്കി വൈദ്യുതി വകുപ്പിനെ മെരുക്കാന്‍ മന്ത്രി
തൊടുപുഴ: ജലവിഭവ വകുപ്പിലെ മിടുക്കരായ എന്‍ജിനീയര്‍മാരെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ച് വൈദ്യുതി വകുപ്പിനെ മെരുക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടപടി തുടങ്ങി.
ജലവിഭവ വകുപ്പിലെ തന്റെ വിശ്വസ്തരായ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാണ് ശ്രമം. 51 വയസില്‍ താഴെയുള്ളവരെ മാത്രമേ ഡെപ്യൂട്ടേഷനില്‍ നിയമിക്കാവൂ എന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം നടപ്പിലാക്കുകയും വേണം.
എം.എം മണി വൈദ്യുതി വകുപ്പിലുണ്ടാക്കിയ മികച്ച പ്രതിച്ഛായ നിലനിര്‍ത്തുക എന്നത് കൃഷ്ണന്‍കുട്ടിക്ക് ഏറെ ശ്രമകരമാകും. യഥാര്‍ഥത്തില്‍ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായയായിരുന്നു അതെന്നും ആക്ഷേപമുണ്ട്. 500 മെഗാവാട്ട് ജലവൈദ്യുതി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍വന്ന ഒന്നാം പിണറായി സര്‍ക്കാരിന് 18.6 മെഗാവാട്ട് മാത്രമാണ് അഞ്ച്‌വര്‍ഷം കൊണ്ട് കമ്മിഷന്‍ ചെയ്യാന്‍ കഴിഞ്ഞത്. ലക്ഷ്യമിട്ട പദ്ധതികളില്‍ ഭൂരിഭാഗവും തുടങ്ങിവയ്ക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല തുടങ്ങിവച്ചവ തന്നെ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്.
പവര്‍കട്ടില്ലാത്ത അഞ്ചുവര്‍ഷം എന്ന് മേനി നടിക്കുമ്പോഴും ഉപഭോഗത്തിന്റെ 70 ശതമാനത്തിലധികവും പുറത്തുനിന്നും വന്‍വില കൊടുത്ത് വാങ്ങിയ വൈദ്യുതിയാണ്. 731 മെഗാവാട്ടിന്റെ 94 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പാതിവഴിയിലാണ്. പവര്‍ഹൈവേ യാഥാര്‍ഥ്യമാക്കിയതും പ്രസരണ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയും മാത്രമാണ് എടുത്തുപറയത്തക്ക നേട്ടം.
വൈദ്യുതി ബോര്‍ഡിലെ സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷനാണ് നിലവില്‍ വകുപ്പ് അനൗദ്യോഗികമായി നിയന്ത്രിക്കുന്നത്. ഇത് മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. കെ.എസ്.ഇ.ബി യിലെ 65 ശതമാനത്തോളം
എന്‍ജിനീയര്‍മാരും ഓഫിസേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളാണ്. സംഘടനയുടെ പ്രമുഖ നേതാവായിരുന്നു എം.എം മണിയുടെ മുഖ്യഉപദേശകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."