തൃക്കാക്കര പിടിച്ചാൽ തോമസ് മാഷ് പുലിയാകും
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
ഇടതുമുന്നണിക്കൊപ്പം നിൽക്കാൻ തീരുമാനിച്ച കെ.വി തോമസ് മാഷിനെ കുറ്റം പറയാനാവില്ല. ചലനാത്മകമായ രാഷ്ട്രീയ മനസ്സുകൾ എല്ലാ കാലത്തും ഒരേ പ്രത്യയശാസ്ത്രത്തിൽ തന്നെ ഉറച്ചുനിന്നുകൊള്ളണമെന്നില്ല. കാലത്തിന്റെ ചലനത്തിനനുസരിച്ച് അത്തരം മനസ്സുകളുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും മാറിക്കൊണ്ടിരിക്കും. ഇന്ത്യ കണ്ട ഒന്നാംനിര കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നേതാക്കൾ ഒരുകാലത്ത് കോൺഗ്രസുകാരായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് സായുധ വിപ്ലവ ധാരയുടെ സൈദ്ധാന്തികാചാര്യനും ജീവാത്മാവും പരമാത്മാവുമായിരുന്ന കെ. വേണു പിന്നീട് വിശാല ജനാധിപത്യവാദിയും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയും വരെ ആയി. തോമസ് മാഷിന്റെ പ്രിയനേതാവായിരുന്ന കെ. കരുണാകരൻ കുറച്ചുകാലം ഇടതുമുന്നണിക്കൊപ്പം നിന്നിട്ടുണ്ട്. നിലവിൽ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവായ എസ്. രാമചന്ദ്രൻ പിള്ള ചെറുപ്പത്തിൽ ആർ.എസ്.എസുകാരനായിരുന്നു. പിന്നെ തോമസ് മാഷിനു മാത്രം പ്രത്യയശാസ്ത്ര വ്യതിയാനം പാടില്ലെന്ന് പറയാനാവില്ലല്ലോ.
രാഷ്ട്രീയ ചേരിമാറ്റം ചിലർക്ക് ഗുണം ചെയ്യും. ചിലർക്കത് നഷ്ടമാകാറുമുണ്ട്. നേട്ടമുണ്ടാകണമെങ്കിൽ പോകുന്ന ചേരിക്ക് എന്തെങ്കിലും ഗുണമുണ്ടാകണം. മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസ നിലമ്പൂർ സീറ്റ് പിടിച്ചുകൊടുത്തുകൊണ്ട് ഇടതുമുന്നണിയിലേക്ക് മാസ് എൻട്രിയാണ് നടത്തിയത്. അതുകൊണ്ട് അദ്ദേഹം മന്ത്രിയും ചീഫ് വിപ്പുമൊക്കെയായി. ചരിത്രത്തിലാദ്യമായി മഞ്ചേരി ലോക്‌സഭാ സീറ്റ് എൽ.ഡി.എഫിനു പിടിച്ചുകൊടുത്ത് വീണ്ടും കരുത്തുകാട്ടി. അതുകൊണ്ട് ഹംസ ഇപ്പോഴും സി.പി.എമ്മിന് ഏറെ വേണ്ടപ്പെട്ട നേതാവാണ്.
തിരിച്ച് എൽ.ഡി.എഫ് ചേരി വിട്ടുവന്ന എം.വി രാഘവൻ, കെ.ആർ ഗൗരിയമ്മ എന്നിവർക്ക് യു.ഡി.എഫിൽ മികച്ച ഇടംകിട്ടിയതും അവരുടെ മിടുക്കുകൊണ്ടാണ്. എം.വി.ആർ എൽ.ഡി.എഫിന്റെ കൈവശമായിരുന്ന അഴീക്കോട് പിടിച്ചെടുത്ത് മറുവശത്തെത്തിച്ചു. അതുപോലെ ഗൗരിയമ്മ അരൂർ സീറ്റും. ഏറ്റവുമൊടുവിൽ വടകര സീറ്റ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്ത കെ.കെ രമ യു.ഡി.എഫിൽ ചേർന്നില്ലെങ്കിലും മുന്നണി അവർക്ക് വലിയ സ്ഥാനമാണ് നൽകുന്നത്.
കുറച്ചാളുകളുടെ പിന്തുണയുള്ളതുകൊണ്ടാണ് ഇവർക്കൊക്കെ ഈ സ്വീകാര്യതയുണ്ടായത്. അതില്ലാത്തവർ എവിടെ പോയാലും ആരും കാര്യമായി മൈൻഡ് ചെയ്‌തെന്നു വരില്ല. കോൺഗ്രസിൽനിന്ന് ഒറ്റയ്ക്കു പോയ ചെറിയാൻ ഫിലിപ്പ് 20 വർഷത്തിലേറെ എ.കെ.ജി സെന്ററിൽ കാത്തുകിടന്നിട്ടും കാര്യമായ പരിഗണന കിട്ടാതെ ഒടുവിൽ ഒറ്റയ്ക്കു തന്നെ മടങ്ങി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകിട്ടാത്തതിനാൽ കോൺഗ്രസ് വിട്ട് മറുകണ്ടം ചാടിയ പലരെയും എൽ.ഡി.എഫ് കാര്യമായി മൈൻഡ് ചെയ്യുന്നില്ല. ശരത് പവാർ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം കൊടുത്തതിനാൽ പി.സി ചാക്കോയ്ക്ക് ഇടയ്ക്ക് പത്രസമ്മേളനം നടത്താനുള്ള അവസരമെങ്കിലും കിട്ടുന്നു.
തോമസ് മാഷ് ഇതെല്ലാം സൂക്ഷിച്ചു നിരീക്ഷിക്കുന്നുണ്ടാവുമെന്നു തന്നെ കരുതാം. ഗുണം കിട്ടാത്ത ഒരിടത്തേക്കും അദ്ദേഹം പോകില്ലെന്നു തന്നെ കരുതാം. രാഷ്ട്രീയത്തിൽ തന്റെ ആചാര്യനായ കരുണാകരൻ കോൺഗ്രസ് വിട്ട് വേറെ പാർട്ടിയുണ്ടാക്കിയപ്പോൾ മാഷ് കൂടെ പോകാതിരുന്നത് ആ പാർട്ടി ഗുണംപിടിക്കില്ലെന്ന് മുൻകൂട്ടി അറിഞ്ഞു തന്നെയാണ്. അതുതന്നെ സംഭവിച്ചു. ഇത്രയേറെ ദീർഘവീക്ഷണമുള്ള മാഷ് ഒന്നും കാണാതെ മറുകണ്ടം ചാടില്ലെന്നുറപ്പാണ്.
കേരള രാഷ്ട്രീയത്തിൽ തന്റെ പ്രസക്തി തെളിയിക്കാൻ മാഷിനു കിട്ടിയ മികച്ചൊരു അവസരമാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. എൽ.ഡി.എഫ് ജയിക്കാത്തൊരു സീറ്റാണത്. അതു പിടിച്ചുകൊടുക്കുക എന്നൊരു വെല്ലുവിളി മാഷിനു മുന്നിലുണ്ട്. ഒരു സീറ്റ് പിടിക്കാൻ അവിടെ മത്സരിക്കണമെന്നൊന്നുമില്ല. ജനപിന്തുണയുള്ളവരാണെങ്കിൽ ചുമ്മാ പ്രചാരണത്തിന് ഇറങ്ങിയാലും മതി.
കനത്ത ജനപിന്തുണയുള്ളയാളും എറണാകുളം ജില്ലക്കാരനുമായ മാഷ് തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങിയാൽ വൻതോതിൽ കോൺഗ്രസ് വോട്ടുകൾ ഇടത്തോട്ടു മറിയുമെന്നും മണ്ഡലം ചുവക്കുമെന്നുമൊക്കെ പലരും പറഞ്ഞുനടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ എൽ.ഡി.എഫിൽ മാഷ് പുലിയായി മാറും. മുന്നണിക്ക് ഇനിയും തുടർഭരണം കിട്ടിയാൽ മുഖ്യമന്ത്രിക്കു തൊട്ടുതാഴെയുള്ള രണ്ടാമൻ മന്ത്രി തന്നെയെങ്കിലുമാകും. മുഖ്യമന്ത്രി തന്നെയായാലും അത്ഭുതപ്പെടേണ്ടതില്ല. ഇനി അതല്ല മാഷിന്റെ സേവനം ഡൽഹിയിലാണ് വേണ്ടതെന്ന് സി.പി.എമ്മിനു തോന്നിയാൽ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയേക്കും.
മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ മന്ത്രി പോയിട്ട് എം.എൽ.എ പോലും ആക്കിയെന്നു വരില്ല. കൂടിയാൽ സി.ഐ.ടി.യുവിൽ അഫിലിയേറ്റ് ചെയ്ത ഏതെങ്കിലും ഒരു ചെറു യൂനിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റോ മറ്റോ ആക്കിയേക്കും. അതിലും വിഷമിക്കേണ്ടതില്ല. വൈസ് പ്രസിഡന്റ് അത്ര മോശം പ്രസിഡന്റ് ഒന്നുമല്ലല്ലോ.
ഇനി കടം വാങ്ങാൻ സമരം ചെയ്യാം
കേരളത്തിലെ പ്രമുഖ നാടകകൃത്തുക്കളിലൊരാളായിരുന്ന അന്തരിച്ച പി.എം താജ് ഉറച്ച സി.പി.എം സഹയാത്രികനായിരുന്നു. അദ്ദേഹം എഴുതിയ മിക്ക നാടകങ്ങളും പാർട്ടി നയങ്ങളോട് ചേർന്നുനിൽക്കുന്നതുമായിരുന്നു. 1980കളുടെ തുടക്കത്തിൽ കേന്ദ്രത്തിലെ ഇന്ദിരാഗാന്ധി സർക്കാർ കണ്ടമാനം വിദേശകടം വാങ്ങിക്കൂട്ടുന്ന സന്ദർഭത്തിൽ അദ്ദേഹം രചിച്ച 'രാവുണ്ണി' എന്ന നാടകം ഏറെ പ്രശസ്തമാണ്. നാടുനീളെ നടന്ന് കടം വാങ്ങുകയും കടം വീട്ടാൻ വീണ്ടും കടം വാങ്ങുകയും ചെയ്യുന്ന പ്രധാന കഥാപാത്രത്തിലൂടെ കേന്ദ്ര സർക്കാരിനെതിരേ നർമത്തിൽ പൊതിഞ്ഞ രൂക്ഷമായ വിമർശനമാണ് താജ് തൊടുത്തുവിട്ടത്.
അന്ന് അദ്ദേഹത്തിന്റെ പാർട്ടിയുടെ നയം അങ്ങനെയായിരുന്നു. കടമെന്ന്, പ്രത്യേകിച്ച് വിദേശ കടമെന്ന് കേട്ടാലുടൻ പാർട്ടി രോഷംകൊള്ളുന്ന കാലമായിരുന്നു അത്. അന്ന് കേന്ദ്രത്തിന്റെ കടംവാങ്ങൽ നയം രാജ്യത്തെ കുത്തുപാളയെടുപ്പിക്കുമെന്നു പറഞ്ഞ് പാർട്ടി നടത്തിയ സമരങ്ങൾ നിരവധിയാണ്.
അവിടെയും അവസാനിച്ചില്ല കടത്തോടുള്ള പാർട്ടിയുടെ വിരോധം. 2000 തുടക്കത്തിൽ, എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന സർക്കാരിന് കടം കൊടുക്കുന്നതിനെക്കുറിച്ച് സംസാരിക്കാനെത്തിയ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) പ്രതിനിധികളെ ദേഹത്ത് കരിഓയിൽ ഒഴിച്ചുകൊണ്ടാണ് ഡി.വൈ.എഫ്.ഐക്കാർ നേരിട്ടത്. ജീവൻ പോയാലും കടമെടുത്ത് നാടു മുടിക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട്.
കാലം മാറിയപ്പോൾ പാർട്ടിയും ഏറെ മാറി. എത്ര കടമെടുത്തായാലും നാടിനെ വികസിപ്പിക്കണമെന്ന മാർക്‌സിസത്തിലെ തോമസ് ഐസക്കിയൻ ചിന്താധാര പാർട്ടിയിൽ പ്രാബല്യം നേടി. അതോടെ പാർട്ടി ഭരിക്കുന്ന സന്ദർഭങ്ങളിൽ ഇടംവലം നോക്കാതെ കടമെടുത്ത് നാട് വികസിപ്പിക്കാൻ തുടങ്ങി. ഒന്നും രണ്ടും പിണറായി സർക്കാരുകൾ വാശിയോടെ കടംവാങ്ങിക്കൂട്ടി. ഒടുവിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കടം വാങ്ങേണ്ട സ്ഥിതി വന്നു.
സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന് കേന്ദ്ര സർക്കാർ ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. അതിനെ മറികടക്കാനാണ് കിഫ്ബി എന്ന സംവിധാനത്തിലൂടെ കടം വാങ്ങിത്തുടങ്ങിയത്. എന്നാൽ അതിനു പൂട്ടിട്ടിരിക്കുകയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ. ബജറ്റ് രേഖകളിൽ ഉൾപ്പെടുത്താതെ സംസ്ഥാനങ്ങൾ പുറത്തുനിന്ന് വാങ്ങുന്ന കടങ്ങളും കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചതോടെ കിഫ്ബിക്കടങ്ങളും മൊത്തം കടത്തിന്റെ പരിധിയിൽ വന്നു. അതോടെ കേരളത്തിന്റെ കടംവാങ്ങൽ നിലച്ച് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പോലുമാവാത്ത അവസ്ഥയിലേക്കു പോകുകയാണ് കാര്യങ്ങൾ.
കടംവാങ്ങി ശ്രീലങ്കയെ കുത്തുപാളയെടുപ്പിച്ച മഹിന്ദ രാജപക്‌സെയെ നാട്ടുകാർ വളഞ്ഞുവച്ച് ആക്രമിക്കുന്നതു കണ്ടിട്ടാകും പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കടുംകൈ ചെയ്തത്. കേന്ദ്രം കടം വാങ്ങുന്നതിനൊപ്പം സംസ്ഥാനങ്ങൾ എടുക്കുന്ന കടങ്ങളും നാളെ രാജ്യത്തിന്റെ മൊത്തം കടഭാരമായി മാറുമെന്നും ഇന്ത്യൻ ജനത തന്നെയും ആക്രമിക്കുമെന്നും ഭയന്നായിരിക്കണം അങ്ങനെ ചെയ്തത്. ഇരിക്കുന്ന കസരയുടെ ഭദ്രത ഏതു ഭരണാധികാരിക്കും പ്രധാനമാണല്ലോ.
ഏതായാലും കേന്ദ്രത്തെ വിടില്ലെന്ന നിലപാടിലാണ് കേരള സർക്കാർ. മറ്റു ചില സംസ്ഥാനങ്ങളെയും കൂട്ടി കേന്ദ്രത്തിനെതിരേ സമരം ചെയ്യാനുള്ള നീക്കമാരംഭിച്ചതായി വാർത്തയുണ്ട്. ഒരിക്കൽ കടത്തിനെതിരേ സമരം ചെയ്തവർ ഇനി കടം വാങ്ങാൻ സമരം ചെയ്യുന്ന കാഴ്ച കാണാൻ കാത്തിരിക്കാം. കലികാലത്ത് അങ്ങനെ പലതും കാണേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."