ദുബൈയില്‍ ഗവണ്‍മെന്റ് ജോലി വേണോ?… ഇവ അറിഞ്ഞാല്‍ കൂടുതല്‍ എളുപ്പമാകും
ദുബൈയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ എവിടെ അപേക്ഷ സമര്‍പ്പിക്കും എന്ന സംശയം നിങ്ങളിലുണ്ടോ? ഇതിനായുള്ള ഏറ്റവും എളുപ്പ മാര്‍ഗമാണ്, സര്‍ക്കാരിന്റെ ഔദ്യോഗിക ജോബ് പോര്‍ട്ടലായ ദുബൈ കരിയേഴ്‌സ്. ഡിജിറ്റല്‍ ദുബൈ അതോറിറ്റി നിയന്ത്രിക്കുന്ന പോര്‍ട്ടലില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ), ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ), ദുബൈ മുനിസിപ്പാലിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം (ഡിഇടി) തുടങ്ങി എമിറേറ്റിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ അവസരങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കും. പല ജോലികളും എമിറേറ്റികള്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാവുന്നതാണ് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുബൈ കരിയേഴ്‌സ് എന്നാല്‍?
ഡിജിറ്റല്‍ ദുബൈയുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനുമാണ് ദുബൈ കരിയേഴ്‌സ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് 2021 ജൂണില്‍ ഡിജിറ്റല്‍ ദുബൈ സ്ഥാപിച്ചത്. ദുബൈ കരിയേഴ്‌സ് (www.dubaicareers.ae) 45 സര്‍ക്കാര്‍ വകുപ്പുകളുമായി തൊഴിലന്വേഷകരെ ബന്ധിപ്പിക്കുന്നു. ഇമെയില്‍ അറിയിപ്പുകള്‍ക്കായി സൈന്‍ അപ്പ് ചെയ്യുന്നതിലൂടെ തൊഴില്‍ ലിസ്റ്റിംഗുകളുടെ ട്രാക്ക് സൂക്ഷിക്കാനാകും. പോര്‍ട്ടലിലൂടെ വീഡിയോ കോള്‍ വഴി തൊഴില്‍ അഭിമുഖങ്ങളിലും പങ്കെടുക്കാം.
ദുബൈ കരിയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെയാണ്
ദുബൈ കരിയേഴ്‌സിന്റെ വെബ്‌സൈറ്റില്‍ ചെന്ന് മെനുബാറിലുള്ള മൈ പ്രൊഫൈല്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. ന്യൂ യൂസര്‍ എന്നതില്‍ ക്ലിക്ക് ചെയ്ത് ഇമെയില്‍ ഐഡിയും പാസ്‌വേഡും നല്‍കി അക്കൗണ്ട് സൃഷ്ടിക്കുക. റെസ്യൂമെയുടെ ഡിജിറ്റല്‍ കോപ്പി അപ്ലോഡ് ചെയ്യുക. ദുബൈ കരിയേഴ്‌സ് വെബ്‌സൈറ്റില്‍ റെസ്യൂമെ അപ് ലോഡ് ചെയ്ത് കഴിഞ്ഞാല്‍ സിസ്റ്റം ഓട്ടോമാറ്റിക്കായി ആവശ്യമുള്ള വിവരങ്ങള്‍ എടുത്ത് ഓണ്‍ലൈന്‍ സബ്മിഷന്റെ അടുത്ത ഭാഗങ്ങള്‍ സ്വയം പൂരിപ്പിക്കുന്നു.അടുത്തതായി നിങ്ങളുടെ പ്രധാനപ്പെട്ട ഡോക്യൂമെന്റുകള്‍ അപ് ലോഡ് ചെയ്യുക. ഇതിനായി പാസ്‌പോര്‍ട്ടിന്റെ കോപ്പിയോ എമിറേറ്റ്‌സ് ഐഡിയോ സമര്‍പ്പിക്കുക. വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും ഇതിനൊപ്പം നല്‍കാവുന്നതാണ്. വ്യക്തിഗത വിവരങ്ങളും നല്‍കുക. റെസ്യൂമെയില്‍ അടങ്ങിയിരിക്കുന്ന നിങ്ങളുടെ മുഴുവന്‍ പേര്, രാജ്യം , നിലവില്‍ താമസിക്കുന്ന രാജ്യം, ജനനതീയതി, കോണ്‍ടാക്റ്റ് ഡീറ്റെയില്‍സ് എന്നിവ ഓട്ടോമാറ്റിക്കായി പൂരിപ്പിച്ചിട്ടുണ്ടാകും.നിങ്ങളുടെ മുഴുവന്‍ പ്രവൃത്തി പരിചയവും രേഖപ്പെടുത്തണം. പാസ്‌പോര്‍ട്ട് നമ്പറും എമിറേറ്റ്‌സ് ഐഡിയും നല്‍കിയശേഷം, നിങ്ങളുടെ യുഎഇയിലെ വിലാസവും നല്‍കുക. അതിനുശേഷം സേവ് ചെയ്യുക. എന്നിട്ട് വീണ്ടും തുടരുക.
നിങ്ങളുടെ ഭാഷാ പ്രാവീണ്യവും നിലവിലെ ശമ്പളവും രേഖപ്പെടുത്തണം. അറബിക് ഭാഷയിലെ പ്രവീണ്യവും രേഖപ്പെടുത്തേണ്ടതാണ്. ഈ ഓപ്ഷന്‍ ഇംഗ്ലീഷിനും ലഭ്യമാണ്.ഇപ്പോള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍, നോട്ടീസ് പിരീഡിന്റെ കാലാവധിയും നിലവിലെ ലഭിക്കുന്ന ശമ്പളവും രേഖപ്പെടുത്തണം. ഇത് പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നോട്ട് സ്‌പെസിഫൈഡ് എന്നത് സെലക്റ്റ് ചെയ്യാവുന്നതാണ്.ഇനി നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ കൊടുക്കാം. സൈറ്റില്‍ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍നിന്നു നിങ്ങളുടെ യൂണിവേഴ്‌സിറ്റിയും കോളജും തിരഞ്ഞെടുക്കുക.
പഠനം ആരംഭിച്ച തീയതിയും പാസ്ഔട്ട് തീയതിയും നല്‍കുക.നിങ്ങളുടെ ജോലിയിലെ പരിചയം ഒരോന്നായി വിശദമായി നല്‍കാം. എത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് നല്‍കണം. ഏറ്റവും അവസാനം ജോലി ചെയ്തതിനെക്കുറിച്ചാണ് ആദ്യം പറയേണ്ടത്.നിങ്ങളുടെ റഫറന്‍സുകളുടെ നമ്പറുകള്‍ നല്‍കുക. നിങ്ങളുടെ ജോലിയിലെ കഴിവിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരെയാണ് റഫറന്‍സായി നല്‍കേണ്ടത്.അവരുടെ പേര്, നിങ്ങളുമായുള്ള ബന്ധം, എത്രകാലമായി നിങ്ങള്‍ തമ്മില്‍ അറിയാം, കമ്പനിയുടെ പേര്, അവരുടെതസ്തിക ,അവരുടെ മെയില്‍ ഐ ഡി , മൊബൈല്‍ നമ്പറുകള്‍ എന്നിവ നല്‍കേണ്ടതാണ്.നിങ്ങള്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ സെലക്റ്റ് ചെയ്യുക. നിങ്ങള്‍ക്ക് ജോലിയില്‍ മുന്‍ഗണനകള്‍ ഉണ്ടെങ്കില്‍ അതും വ്യക്തമാക്കുക. നിങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നവയെല്ലാം ശരിയാണോ എന്ന് പരിശോധിച്ചശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക.
ജോലിക്ക് അപേക്ഷിക്കുന്നതെങ്ങനെ?
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം ജോലിക്ക് അപേക്ഷ നല്‍കി തുടങ്ങാം.dubaicareers.ae എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം, ജോബ് സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക.നിലവിലുള്ള തൊഴില്‍ അവസരങ്ങള്‍ കാണാന്‍ സാധിക്കും. ഇതില്‍ നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ജോലികള്‍ തിരഞ്ഞെടുക്കാംഎല്ലാ ജോലികളുടെയും ഒപ്പം, അത് ഏത് സര്‍ക്കാര്‍ വിഭാഗത്തില്‍ പെടുന്നതാണെന്നും, പ്രവാസികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നതാണോയെന്നും നല്‍കിയിട്ടുണ്ടാകും. നിങ്ങള്‍ക്ക് അപ്പോള്‍ തന്നെയോ അല്ലെങ്കില്‍ അത് സേവ് ചെയ്ത്‌ശേഷം പിന്നീട് എപ്പോഴെങ്കിലുമോ ജോലിക്കായി അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."