അസ്ലം വധം: വാഹനം വാടകയ്ക്കെടുത്തയാള്‍ വിദേശത്തേക്കു കടന്നു
പ്രതികളില്‍ വധശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളും
നാദാപുരം: അസ്ലം വധക്കേസില്‍ കൊലയാളി സംഘത്തിനു വാഹനം വാടകയ്ക്കെടുത്തു നല്കിയ സി.പി.എം പ്രവര്ത്തകന് വിദേശത്തേക്കു കടന്നു. വളയം ചുഴലിയിലെ ശരത് ലാല്‍ ആണ് വിദേശത്തേക്കു കടന്നതായി പൊലിസിനു വിവരംലഭിച്ചത്.
കൊലയാളി സംഘത്തെ കണ്ടെത്താന്‍ ഇയാളെ പിടികൂടാന്‍ പൊലിസ് ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞാഴ്ച വിദേശത്തേക്കു രക്ഷപ്പെട്ടത്. കൊലക്കേസിലെ പ്രതികളെ പിടികൂടാന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയതായി റൂറല്‍ എസ്.പി വിജയകുമാര്‍ ഇന്നലെ വൈകിട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനായി അന്വേഷണ സംഘം വീണ്ടും വിപുലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ക്രൈം സെല്ലിലെ രണ്ടു ഡിവൈ.എസ്.പിയെയും നിലവില്‍ കേസ് അന്വേഷിക്കുന്ന സി.ഐമാര്‍ക്കു പുറമെ വൈത്തിരി സി.ഐ ഷരീഫ്, മനോജ് എന്നീ രണ്ടു സി.ഐമാരെക്കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ വളയം മേഖലയില്‍ പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളുടെ ഒളിത്താവളം കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞില്ല. അതിനിടെ കൊലപാതക സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന പൊലിസിന് ലഭിച്ചു. കൊലയാളികള്‍ സമീപ സ്ഥലങ്ങളില്‍ തന്നെയുള്ളവരാണ്.
വളയത്തു വച്ച് തന്നെയാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നാണ് പൊലിസ് കരുതുന്നത്. നേരത്തെ കൊലപാതകക്കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയയാളും നിരവധികേസുകളിലെ പ്രതിയുമായ സി.പി.എം പ്രവര്‍ത്തകന്റെ പങ്കും പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇയാളും ദൗത്യത്തില്‍ പങ്കെടുത്തതായാണ് പൊലിസ് നല്കുന്ന സൂചന. ആറു പേര് അടങ്ങുന്ന കൊലയാളിസംഘത്തെ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇവരില്‍ പലരും കൊലപാതകത്തിനു ശേഷം ഒളിവിലാണ്.
രഹസ്യമായ ഒളിത്താവളങ്ങള്‍ നിറഞ്ഞ വനമേഖലയില്‍ പൊലിസിനു കടന്നുചെല്ലാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പൊലിസ് റെയ്ഡു നടത്തിവരികയാണ്. രണ്ടു ദിവസത്തിനകം പ്രതികള്‍ മുഴുവന്‍ പിടിയിലാകുമെന്നു എസ്.പി പറഞ്ഞു. കഴിഞ്ഞ 12 നാണ് യൂത്ത്ലീഗ് പ്രവര്‍ത്തകനായ അസ്ലമിനെ കാറിടിച്ച് വീഴ്ത്തി അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."