തെറ്റിദ്ധരിക്കേണ്ട, ഇത് കാലവർഷം അല്ല !
ടി. മുഹമ്മദ്
തിരുവനന്തപുരം
സംസ്ഥാനത്ത് ഇപ്പോൾ തകർത്തുപെയ്യുന്ന മഴ കാലവർഷത്തെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും, മാനദണ്ഡങ്ങൾ പ്രകാരം ഇത് കാലവർഷത്തിന്റെ ഭാഗമല്ലെന്ന് വിദഗ്ധർ. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് മഴയ്ക്ക് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും മറ്റു സ്വകാര്യ ഏജൻസികളുടെയും വിലയിരുത്തൽ. തെക്കൻ കർണാടകയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്നലെയോടെ കാലവർഷം എത്തുമെന്നായിരുന്നു പ്രവചനം. ഇവിടെ കാലവർഷം എത്തിയോ എന്നത് സംബന്ധിച്ച സ്ഥിരീകരണം ഇന്നുണ്ടാകും. കേരളത്തിൽ ഈ മാസം 27ന് കാലവർഷം എത്തുമെന്നാണ് പ്രവചനം.
ഇപ്പോൾ പെയ്യുന്ന മഴയുടെ ഏറിയ പങ്കും കടലിൽ വീഴുന്നത് ആശ്വാസകരമാണെന്ന് സ്വകാര്യ ഏജൻസിയായ മെറ്റ് ബീറ്റ് വെതറിലെ വിദഗ്ധർ പറയുന്നു. എങ്കിലും കേരളത്തിലും കുറേ മേഘങ്ങൾ കരകയറുകയും ശക്തമായ മഴ നൽകുകയും ചെയ്യും. നാളേക്ക് ശേഷം മഴ വടക്കൻ കേരളത്തിൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. മുന്നറിയിപ്പുകൾ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും വിദഗ്ധർ പറയുന്നു.
സംസ്ഥാനത്ത് ശനിയാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെയുള്ള സമയത്ത് കൊടുങ്ങല്ലൂർ 20 സെ.മീ, ആലുവ 19 സെ.മീ, കൊച്ചി, ഇരിങ്ങാലക്കുട, കൊട്ടാരക്കര 17 സെ.മീ വീതം, ആലപ്പുഴ 16 സെ.മീ, എറണാകുളം സൗത്ത്, നോർത്ത് പരവൂർ, നീലേശ്വരം 15 സെ.മീ വീതം, തിരുവനന്തപുരം, വർക്കല, കല്ലട 13 സെ.മീ വീതം, പുനലൂർ, പെരുമ്പാവൂർ 12 സെ.മീ വീതം, മാവേലിക്കര, മാങ്കൊമ്പ് , കുമരകം, വെള്ളായണി, ചേർത്തല, പള്ളുരുത്തി 11 സെ.മീ വീതം, കോന്നി, ചാലക്കുടി 10 സെ.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."