പെണ്‍കുട്ടികളുടെ പഠനവും പരീക്ഷയും<br>മുടക്കിയവരുടെ കപടസ്‌നേഹം തിരിച്ചറിയുക -ജി.സി.സി ദാരിമീസ്
അബുദാബി: തല മറച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളുടെ പഠനവും പരീക്ഷയും
മുടക്കിയവരുടെ ഇപ്പോഴത്തെ കപടസ്‌നേഹം തിരിച്ചറിയണമെന്ന് ജി.സി.സി ദാരിമീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ പണ്ഡിതനായ എം.ടി അബ്ദുല്ല മുസ് ല്യാരെ ക്രൂശിലേറ്റിയാണ് ഇത്തരക്കാര്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്.
മതപരമായി അനുഷ്ഠിക്കേണ്ടതും മൗലികാവകാശവുമായ തല മറച്ചതിന്റെ പേരിലാണ് മുസ് ലിം പെണ്‍കുട്ടികളെ ഇത്തരക്കാര്‍ തെരുവില്‍ ആക്രമിക്കുന്നത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന പെണ്‍കുട്ടികളെ പരീക്ഷ പോലും എഴുതാന്‍ അനുവദിക്കാതെ അവരുടെ ഭാവി തകര്‍ത്ത് നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത്തരക്കാരാണ് ഇപ്പോള്‍ ഉസ്താദിന്റെ പരാമര്‍ശം വിവാദമാക്കി പെണ്‍കുട്ടികളോട് കപടസ്‌നേഹം പുറപ്പെടുവിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
ഇത്തരക്കാരുടെ നിലപാടുകളും പ്രസ്താവനകളും അങ്ങേയറ്റം അപലപനീയവും അവജ്ഞയോടെ തള്ളിക്കളയേണ്ടതുമാണെന്ന്
നേതാക്കള്‍ പറഞ്ഞു. എം.ടി അബ്ദുല്ല മുസ് ല്യാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത നടപടി അന്യായവും സംശയാസ്പദവുമാണെന്നും ജി.സി.സി ദാരിമീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും പക്ഷപാതപരമായാണ് പെരുമാറുന്നത്. കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ബാലാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുകയും ചെയ്യുമ്പോള്‍ പോലും കേസെടുക്കാനോ നടപടിയെടുക്കാനോ മുതിരാത്ത കമ്മീഷന്‍ ആര്‍ക്കും പരാതി പോലും ഇല്ലാത്ത, ഒരു പരാമര്‍ശത്തിന്റെ പേരില്‍ സ്വമേധയാ കേസെടുത്ത് ആവേശം കാണിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് -നേതാക്കള്‍ ചോദിച്ചു.
പതിനായിരത്തിലധികം മദ്രസകളിലൂടെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനാണ് എം.ടി അബ്ദുല്ല മുസ് ല്യാര്‍. മദ്രസയിലെ ഒരു പരിപാടിയില്‍ മത നിയമം പറഞ്ഞതിനാണ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. ഇത്തരം വിഭാഗീയമായ നടപടി അവസാനിപ്പിക്കണമെന്ന് ജി.സി.സി ദാരിമീസ് അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
ജി.സി.സി ദാരിമീസ് അസോസിയേഷന്‍ പ്രസിഡന്റ് ജലീല്‍ ദാരിമി ദുബായ്, സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് ദാരിമി ജിദ്ദ, ട്രഷറര്‍ അഷ്‌റഫ് ദാരിമി ഒമാന്‍, പുല്ലാര അബൂബക്കര്‍ ദാരിമി, ഹുസൈന്‍ ദാരിമി ദുബായ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."