ബാഴ്സയും പി.എസ്.ജിയും കാഴ്ചക്കാരാവും? മെസിയെ സ്വന്തമാക്കാൻ യൂറോപ്യൻ വമ്പന്മാർ; റിപ്പോർട്ട്
വരുന്ന ജൂണിലാണ് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ പി.എസ്.ജിയിലെ കരാർ അവസാനിക്കുന്നത്.
ശേഷം ഫ്രീ ഏജന്റ് ആയി മാറുന്ന താരത്തെ സ്വന്തമാക്കാൻ നിരവധി വമ്പൻ ക്ലബ്ബുകളാണ് ട്രാൻസ്ഫർ വിൻഡോയും പ്രതീക്ഷിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മെസിയുടെ പഴയ ക്ലബ്ബായ ബാഴ്സലോണക്ക് പുറമേ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി, സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ മുതലായ ടീമുകൾ മെസിയെ സ്വന്തമാക്കാനായി നോട്ടമിട്ടിട്ടുണ്ടെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ ഇറ്റാലിയൻ വമ്പമ്പന്മാരായ ഇന്റർ മിലാൻ മെസിയെ ഇറ്റലിയിലേക്കെത്തിക്കാൻ ശ്രമം നടത്തുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്ത് വരുന്നുണ്ട്.
ഫിച്ചാജെസാണ് (Fichajes) മെസിയെ ഇന്റർ മിലാൻ തങ്ങളുടെ സൈനിങ് റഡാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെസിയുടെ മുമ്പിൽ എത്തിയിരിക്കുന്ന ഒട്ടേറെ സൈനിങ് ഓപ്ഷനിൽ മെസിക്ക് സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന ക്ലബ്ബാണ് ഇന്റർ മിലാൻ എന്നാണ് എന്നാണ് ഫിച്ചാജെസിന്റെ റിപ്പോർട്ട്.
പി.എസ്.ജിയിൽ മെസി തുടർന്നില്ലെങ്കിൽ പിന്നീട് ബാഴ്സലോണയോ അതുമല്ലെങ്കിൽ ഇന്റർ മിലാനോ ആയിരിക്കും മെസിയുടെ ലക്ഷ്യസ്ഥാനം എന്നാണ് ഫിച്ചാജെസ് സൂചിപ്പിക്കുന്നത്.
എന്നാൽ ബാഴ്സലോണയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെസി അടുത്ത സീസണിൽ കാറ്റലോണിയൻ ക്ലബ്ബിൽ കളിക്കാൻ സാധ്യതയില്ലെന്ന് ലാ ലിഗ പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു.
ഇതോടെയാണ് മെസി ഇന്റർ മിലാനിലേക്ക് തന്നെയെന്ന് ഫിച്ചാജെസ് സൂചന നൽകുന്നത്.
എന്നാൽ ഇതാദ്യമായല്ല ബാഴ്സലോണയെ കടത്തി വെട്ടി മെസിയെ സ്വന്തമാക്കാൻ ഇന്റർമിലാൻ ശ്രമിക്കുന്നത്.
2006 മുതൽ തന്നെ ഇന്റർ മിലാൻ മെസിയെ തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് മിലാൻ വാഗ്ധാനം ചെയ്തിരുന്ന ലോക റെക്കോർഡ് തുക ഇന്റർ മിലാൻ തള്ളിക്കളഞ്ഞിരുന്നു.
"ബാഴ്സലോണയെ ഇഷ്ടപ്പെടുന്ന ആരും തന്നെ മെസിയെ ബാഴ്സയിലേക്കെത്തിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കാൻ സാധ്യമല്ല. ഞങ്ങൾ ഇന്റർ മിലാനിൽ നിന്ന് വന്ന 250 മില്യൺ യൂറോയുടെ ഒരു ഓഫർ 2006ൽ തള്ളികളഞ്ഞിരുന്നു. മിലാന് മെസിയെ അവരുടെ ക്ലബിൽ എത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു,' ബാഴ്സ പ്രസിഡന്റ് ലപോർട്ട പറഞ്ഞു.
കൂടാതെ 2021ലും ഇന്റർ മിലാൻ മെസിയെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നെന്ന് അവരുടെ ഡയറക്ടറായ മാസിമിലാനോ മിറാബെല്ലി റേഡിയോ സ്പോർട്ടീവക്ക് നൽകിയ ആഭിമുഖ്യത്തിൽ തുറന്ന് പറഞ്ഞിരുന്നു.
"ഞാൻ ഇന്ററിലായിരുന്നപ്പോൾ പ്രസിഡന്റായ ഷാങ് ട്രാൻസ്ഫർ മാർക്കറ്റിനെക്കുറിച്ച് ഞാനുമായി ചർച്ച ചെയ്തിരുന്നു.
അദ്ദേഹത്തിന് മെസിയെ വേണമായിരുന്നു. പക്ഷെ മെസിയെ സൈൻ ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രതിസന്ധികൾ ഞങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു.മെസി ഇന്റർ മിലാന്റെ എക്കാലത്തെയും വലിയ സ്വപ്‍നമാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരാം,' മാസിമിലാനോ പറഞ്ഞു.
അതേസമയം മെസിയെ 2024 വരെയെങ്കിലും പി.എസ്.ജിയിൽ പിടിച്ചു നിർത്തണമെന്ന് നേരത്തെ പാരിസ് ക്ലബ്ബ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇ.എസ്.പിഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."