പൊതുബോധത്തിന് മതബോധം നിരാകരിക്കണോ?
അബ്ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവ്
സ് ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളും അക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ 16,418 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020ല്‍ കേസുകളുടെ എണ്ണം 12,659 മാത്രമായിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ എത്രയോ അധികം. മാനഹാനി ഭയന്ന് ഇത്തരം കേസുകള്‍ ഒതുക്കിത്തീര്‍ക്കുകയാണ് പതിവ്.
2020 ജനുവരി മുതല്‍ 2021 സെപ്റ്റംബര്‍ വരെ 3,262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. സ്ത്രീകള്‍ക്കിടയിൽ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരികയാണ്.
മോഡലും നടിയുമായ ഷഹനയെ കഴിഞ്ഞ ദിവസമാണ് ദുരൂഹസാഹചര്യത്തില്‍ കോഴിക്കോട് വാടക വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്‌ളോഗറായ കോഴിക്കോട് പാവണ്ടൂര്‍ സ്വദേശിനി റിഫയും ദുബൈയിൽ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും മറ്റു വികസിത രാഷ്ട്രങ്ങളിൽ വരെ സ്ത്രീ പീഡന കേസുകള്‍ വര്‍ധിച്ച് വരികയാണ്. ഐക്യരാഷ്ട്രസഭ 1999ല്‍ നവംബര്‍ 25ന് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചു. എല്ലാവര്‍ഷവും മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിച്ചു വരുന്നു. എന്നിട്ടും സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ വർധിച്ചു വരികയാണ്.
മുസ്ലിം രാജ്യങ്ങളില്‍ ആപേക്ഷികമായി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വളരെ കുറവാണ്. സമ്പൂര്‍ണ ഇസ്ലാമിക ഭരണം നടന്നിരുന്ന പൂര്‍വകാല ഇസ്ലാമിക രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ പറയത്തക്ക അതിക്രമങ്ങള്‍ നടന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തി കാണുന്നില്ല. ഇവിടെയാണ് ഇസ്ലാമിലെ ഹിജാബ് നിയമത്തിന്റെ പ്രസക്തി.
പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ കാത്തിരിക്കുമ്പോഴാണ് സ്‌റ്റേജില്‍ കയറുമ്പോഴുള്ള ലജ്ജയെ കുറിച്ച് പറയുന്നതെന്നാണ് ചിലരുടെ പരാതി. പണ്ഡിതസഭ പിന്നോട്ട് മാറി നില്‍ക്കട്ടെ പെണ്‍കുട്ടികള്‍ മുന്നോട്ട് വരട്ടെ എന്നൊക്കെയാണ് ചിലർ വാദിക്കുന്നത്. പണ്ഡിതസഭ മാറി നില്‍ക്കുന്നുവെന്ന് വയ്ക്കാം. സ്ത്രീകള്‍ എല്ലാ വിലക്കുകളും അതിലംഘിച്ചുവെന്നിരിക്കട്ടെ. സാമൂഹ്യ അരാജകത്വവും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ വര്‍ധനവുമായിരിക്കും അതിൻ്റെ അനന്തരഫലം.
പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച അല്ലാഹു സ്ത്രീക്കും പുരുഷനും പൊതുവായ എല്ലാ അവകാശങ്ങളും വകവച്ച് നല്‍കിയിട്ടുണ്ട്. വിദ്യഭ്യാസം, സ്വത്തവകാശം, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, വാങ്ങാനും വില്‍ക്കാനും സ്വത്ത് സമ്പാദിക്കാനും ദാനം ചെയ്യാനും തുടങ്ങി എല്ലാവിധ അവകാശങ്ങളും സ്ത്രീകള്‍ക്ക് ഇസ്ലാം നല്‍കിയിട്ടുണ്ട്.
സ്ത്രീ സുരക്ഷക്കും സ്ത്രീ പ്രകൃതിക്കും ഇണങ്ങുന്ന തരത്തിലുള്ള ചില പ്രത്യേക നിയമങ്ങള്‍ സ്ത്രീക്ക് ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് ഹിജാബ്. തന്റെ ശരീര ഭാഗങ്ങള്‍ അന്യപുരുഷന്മാര്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാതെ കാത്തുസൂക്ഷിക്കുകയാണ് ഹിജാബ് കൊണ്ടുള്ള ലക്ഷ്യം.
സ്ത്രീ പുരുഷ ദര്‍ശനമാണ് പീഡനത്തിലേക്കു നയിക്കുന്ന പ്രധാന ഘടകം.
നബി (സ) പറഞ്ഞു: നോട്ടം പിശാചിന്റെ വിഷലിപ്തമായ അസ്ത്രങ്ങളില്‍ പെട്ടതാണ്. അല്ലാഹുവിനെ ഭയന്ന് ആരെങ്കിലും അത് വര്‍ജിച്ചാല്‍ അതിന് പകരമായി ഈമാനിന്റെ മാധുര്യം അല്ലാഹു അവന് നല്‍കുന്നതാണ് (ത്വബറാനി).
ബോധപൂര്‍വം ഒരു പുരുഷനും ഒരു സ്ത്രീയെ നോക്കരുത്. വി. ഖുര്‍ആന്‍ പറയുന്നു 'പ്രവാചകരെ, വിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തട്ടെ. അവരുടെ ജനനേന്ദ്രിയങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യട്ടെ'. (അന്നൂര്‍ : 30).
സ്ത്രീ പുരുഷനേയും നോക്കരുത്. ' സത്യവിശ്വാസിനികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ. തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ ' (അന്നൂര്‍: 31).
ബോധപൂര്‍വം നോക്കരുത് എന്നാണ് ഈ പറഞ്ഞതിനര്‍ഥം. യാദൃച്ഛികമായി ദൃഷ്ടി പതിയുകയാണെങ്കില്‍ ദൃഷ്ടിയെ നിയന്ത്രിക്കണം. പ്രഥമദര്‍ശനത്തില്‍ ഭംഗിയായി തോന്നിയാല്‍ വീണ്ടും വീണ്ടും നോക്കരുത്. അത്തരം നോട്ടങ്ങളെ നബി (സ) കണ്ണിന്റെ വ്യഭിചാരമായി വ്യക്തമാക്കിയിരിക്കുന്നു.
'മനുഷ്യന്‍ തന്റെ എല്ലാ അവയവങ്ങള്‍ക്കൊണ്ടും വ്യഭിചരിക്കുന്നു. നോക്കുന്നത് കണ്ണിന്റെയും ശൃംഗരിക്കുന്നത് നാവിന്റെയും ശബ്ദം ആസ്വദിക്കുന്നത് ചെവിയുടെയും വ്യഭിചാരമാണ്. സ്പര്‍ശനവും വ്യഭിചാരത്തിന് നടന്ന് പോകുന്നതും കൈകാലുകളുടെ ജാരവൃത്തി. ഈ അടിത്തറകളെല്ലാം ശരിപ്പെടുമ്പോള്‍ ലൈംഗികാവയവങ്ങള്‍ ഒന്നുകില്‍ അത് സാക്ഷാല്‍കരിക്കും. അല്ലെങ്കില്‍ നിരാകരിക്കും'. (ബുഖാരി).
പുരുഷന്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കട്ടെ. സ്ത്രീകള്‍ സ്വസ്ഥമായി വീട്ടില്‍ കുടുംബ നേതൃത്വം വഹിക്കട്ടെ. ഇതാണ് ഇസ്ലാമിക നിയമം. സ്ത്രീ -പുരുഷ ദര്‍ശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് ഈ നിയമം. 'സ്ത്രീകളോട് അന്യപുരുഷന്‍ സംസാരിക്കുകയാണെങ്കില്‍ മുഖാമുഖം സംസാരിക്കരുത്. ഒരു മറയുടെ പിന്നില്‍ നിന്ന് വേണം സംസാരിക്കാന്‍.
'അവരോട് നിങ്ങള്‍ വല്ലതും ചോദിക്കുകയാണെങ്കില്‍ ഒരു മറക്ക് പിന്നില്‍ നിന്ന് ചോദിക്കുക'. (അഹ്‌സാബ്: 53).
സ്ത്രീകള്‍ക്ക് തീരേ പുറത്തിറങ്ങാനോ അവരെ പുരുഷന് തീരേ നോക്കാനോ പാടില്ലെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കരുത്. ഇസ്ലാം അനുവദിച്ച കാര്യങ്ങള്‍ക്ക് സ്ത്രീകളെ നോക്കാം. ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് പുറത്തിറങ്ങുകയും ചെയ്യാം. ഇസ്ലാമിലെ ഹിജാബ് നിയമവും മറ്റും പാലിച്ചിരിക്കണമെന്ന് മാത്രം.ഈ നിയമങ്ങള്‍ കേരളത്തിലെ സമസ്തക്കാര്‍ക്കും ഉസ്താദ് എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്കും മാത്രമുള്ളതല്ല.
അറബ് ലോകത്തെ മിക്ക സ്വദേശിനി മുസ്ലിം സ്ത്രീകളും ഇന്നും മുഖാവരണമുള്‍പ്പെടെ ഹിജാബ് നിയമം കര്‍ശനമായി പാലിക്കുന്നവരാണ്. അവിടെ പ്രാഥമിക സ്‌കൂള്‍ തലം തൊട്ട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികല്‍ക്കും വെവ്വേറെ വിദ്യാലയങ്ങളാണ്. ഇതൊന്നും അറിയാത്തവരായി ആരുമില്ല. മുതിര്‍ന്ന പെണ്‍കുട്ടികള്‍ അന്യപുരുഷന്മാര്‍ക്കിടയില്‍ വേദി പങ്കിടല്‍ തെറ്റായി കാണുന്നത് കേരളത്തില്‍ സമസ്ത മാത്രമല്ല.
ആധുനികരുടെ കൈയടി നേടാൻ മാത്രമാണ് ഇതര വിഭാഗങ്ങള്‍ സമസ്തയെ അധിക്ഷേപിക്കുന്നത്. ഇക്കാര്യത്തില്‍ സമസ്തയെ രൂക്ഷമായി വിമര്‍ശിച്ച ജമാഅത്തെ ഇസ്ലാമി അവരുടെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയത് ഇങ്ങനെ:
സ്ത്രീ-പുരുഷ സംമ്മിശ്രമായ സദസുകള്‍ ഇസ്ലാമിക പ്രകൃതിയുമായി എത്രമാത്രം വിയോജിക്കുന്നുവെന്ന് ഈ നിയമങ്ങളില്‍ നിന്ന് സ്വയം വ്യക്തമാണ്. പ്രാര്‍ഥനാവേളയില്‍ ദിവ്യമന്ദിരത്തില്‍ വച്ച് പോലും സ്ത്രീ പുരുഷന്മാര്‍ ഇടകലരുന്നതനുവദിക്കാത്ത ഒരു മതം കോളജുകളിലും ഓഫിസുകളിലും ക്ലബുകളിലും സദസുകളിലും അതനുവദിക്കുമെന്ന് എങ്ങനെ സങ്കല്‍പ്പിക്കും? (തഫ്ഹീമുല്‍ ഖുര്‍ആന്‍: 3/384).
മുജാഹിദ് വിഭാഗത്തിന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയത് ഇങ്ങനെ: ശരീരം മുഴുവനും തലയും കഴുത്തും മുഖവും അടക്കം 'ജില്‍ബാബ്' കൊണ്ട് മൂടി മറക്കേണ്ടതുണ്ടെന്നാണ് പ്രത്യക്ഷത്തില്‍ ഇതില്‍ നിന്ന് വരുന്നത്. സാധാരണ നിലയിലാകുമ്പോള്‍ മാത്രമാണ് സൂറത്തുന്നൂറില്‍ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും വെളിയില്‍ പോകുമ്പോള്‍ മുഖവും മറക്കേണ്ടതുണ്ടെന്നാണ് ഈ വചനത്തിന്റെ താല്‍പര്യമെന്നും എങ്കിലും കണ്ണിന്റെ കാഴ്ചഭംഗം വരാത്ത വിധം കണ്ണുകള്‍ അതില്‍ നിന്ന് ഒഴിവാക്കണമെന്നും സ്വഹാബികളും താബിഉകളും അടക്കമുള്ള പല മഹാന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ടുതാനും. (വി. ഖുര്‍ആന്‍ വിവരണം 3/2620, മുജാഹിദ് സെന്റര്‍). ഇസ്ലാമിലെ പര്‍ദാ സമ്പ്രദായത്തിനെതിരേ ഖുര്‍ആനും സുന്നത്തും വളച്ചൊടിച്ച് രംഗത്ത് വരുന്നവര്‍ക്കെതിരേ രൂക്ഷമായാണ് മുജാഹിദ് പരിഭാഷ പ്രതികരിക്കുന്നത്. സ്വന്തം സംഘടനയുടെ നേതൃത്വത്തില്‍ പില്‍കാലത്ത് വരുന്ന വരെ ഉദ്ദേശിച്ചായിരിക്കുമോ അമാനി മൗലവി ഇപ്രകാരം പറഞ്ഞതെന്നറിഞ്ഞ് കൂടാ.
ഇസ്ലാമിക സംസ്‌കാരങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും പുച്ഛിച്ച് കൊണ്ടുള്ള ഭൗതിക പരിഷ്‌കാരങ്ങളുടെ തേര്‍വാഴ്ച നിര്‍വിഘ്‌നം നടന്ന് കൊണ്ടിരിക്കുന്ന ഇക്കാലത്ത് അറിഞ്ഞോ അറിയാതെയോ മുസ്ലിം സ്ത്രീകളുടെ പര്‍ദയെ കഴിവതും വെട്ടിക്കുറക്കുവാനും അതിന് വേണ്ടി ഖുര്‍ആനിനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുവാനും മുസ്ലിംകളുടെ പര്‍ദാ സമ്പ്രദായം അവരുടെ പുരോഗതിക്ക് തടസമാണെന്ന് ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നുകാണാം. ഇത്തരക്കാരുടെ കെണിവലയില്‍ അകപ്പെടാതിരിക്കുവാനും അങ്ങിനെ 57-ാം വചനത്തിലെ താക്കീതിന് പാത്രമായിത്തീരാതിരിക്കുവാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു. (അ:പു: 3/261).
ചുരുക്കിപ്പറഞ്ഞാൽ പൊതുബോധത്തിന് മുമ്പിൽ പുരോഗമനം നടിച്ച് കൈയടി നേടാനുള്ള ശ്രമങ്ങൾ ഒരുഭാഗത്തു നടക്കുമ്പോൾ മറുഭാഗത്ത് ഇസ്ലാമിക സംസ്കൃതിയെയും ആദർശത്തെയുമാണ് തള്ളിക്കളയുന്നത്.
ഇസ്ലാം നിര്‍ദേശിച്ച വേഷ വിധാനങ്ങളും ജീവിത രീതികളും സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതാണ്. മത നിയമങ്ങള്‍ പിന്തുടർന്ന് ജീവിക്കുന്ന മുസ്ലിമിനെ സംബന്ധിച്ച് അവന്റെ/ അവളുടെ പ്രമാണം, അന്ത്യവചനം ഖുര്‍ആനും ഹദീസും അതിന്റെ വെളിച്ചത്തിലുള്ള സലഫുസ്വാലിഹീങ്ങളുടെ വ്യാഖ്യാനങ്ങളുമാണ്.
ആളുകളുടെ പ്രീതി കിട്ടാനോ മോഡേണിസ്റ്റെന്ന് വരുത്തിത്തീര്‍ക്കാനോ മത നിയമങ്ങള്‍ മാറ്റിപ്പറയാനാവില്ല. അത് ഇരട്ടത്താപ്പാണ്. ഇസ്ലാമിക നിയമങ്ങളും ആശയങ്ങളും ആദർശങ്ങളും എന്നും ഒന്നാണ്. അതൊരിക്കലും ഒന്നരയോ രണ്ടോ ആവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."