ബയേണിലെത്തി, പിന്നാലെ ബാഴ്സക്ക് പണിയും കൊടുക്കുന്നു; സൂപ്പർ താരത്തെ സൈൻ ചെയ്യാൻ തോമസ് ടുഷേൽ
ചെൽസിയിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട് മാസങ്ങൾക്ക് ശേഷം ജർമൻ ക്ലബ് ബയേണിൽ നിയമിതനായിരിക്കുകയാണ് പരിശീലകൻ തോമസ് ടുഷേൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബയേൺ മ്യൂണിക്ക് പരിശീലകനായ നഗ്ലസ്മാനെ പുറത്താക്കിയത്.
ഇതിന് പിന്നാലെയാണ് ടുഷേലിനെ തങ്ങളുടെ പുതിയ പരിശീലകനായി ബയേൺ മ്യൂണിക്ക് നിയമിച്ചത്. എന്നാൽ ബയേണിലെത്തിയതിന് പിന്നാലെ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്ക് പണി കൊടുക്കാൻ ടുഷേൽ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
ബാഴ്സയുടെ സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെയെ സൈൻ ചെയ്യാൻ ടുഷേൽ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ എൽ നാഷണലാണ് പുറത്ത് വിട്ടിരിക്കുന്നത്.
2024 വരെ ബാഴ്സലോണയിൽ കരാറുള്ള ഡെമ്പലെക്ക് 50 മില്യൺ യൂറോയുടെ റിലീസ് ക്ലോസാണ് ബാഴ്സ മുന്നോട്ട് വെച്ചിരിക്കുന്നത്. ബാഴ്സയിലെ ഭാവിയെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ഡെമ്പലെ ബാഴ്സ വിടുമെന്ന് തന്നെയാണ് എൽ നാഷണലിന്റെ റിപ്പോർട്ടിലെ പരാമർശം.
ജനുവരിയിൽ ജെറോണക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റതിന് പിന്നാലെ ബാഴ്സയിൽ അവസരമറ്റ ഡെമ്പലെക്ക് ക്ലബ്ബിൽ ഈ സീസണിൽ കാര്യമായിട്ടൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.
ഇതോടെയാണ് ഡെമ്പലയെ ക്ലബിലേക്കെത്തിച്ച് തങ്ങൾക്കുള്ള ക്വാളിറ്റി വിങ്ങറുടെ അഭാവം നികത്താൻ ബാഴ്സലോണ ശ്രമിച്ചത്. അതിനാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഡെമ്പലെയെ വാങ്ങാൻ ബയേൺ ശ്രമം നടത്തിയേക്കും.
ഡെമ്പലെയും ടുഷേലും 2016/2017 സീസണിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർഡ്മുണ്ടിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ടുഷേലിന്റെ കീഴിൽ 49 മത്സരങ്ങളിൽ നിന്നും 21 ഗോളുകളും 10 അസിസ്റ്റുകളുമാണ് ഡെമ്പലെ സ്വന്തമാക്കിയത്.
പിന്നീട് 2017ൽ ടുഷേലിനെ ഡോർട്മുണ്ട് പുറത്താക്കിയപ്പോൾ, 105 മില്യൺ യൂറോക്ക് ഡെമ്പലെയേ ബാഴ്സലോണ സ്വന്തമാക്കുകയായിരുന്നു.
ഡെമ്പലെയേ ചെൽസിയിലേക്കെത്തിക്കാനും ടുഷേൽ ശ്രമം നടത്തിയിരുന്നു.
"ഡെമ്പലെ വളരെ മികച്ച ഒരു പ്ലെയറാണ്.അതിനാൽ തന്നെ ഡോർട്മുണ്ടിലായിരുന്നപ്പോൾ അവനെ പരിശീലിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അത് ഒരു വർഷം മാത്രമേ നീണ്ടു നിന്നുള്ളു.
എന്നിരുന്നാലും എന്നെ സംബന്ധിച്ച് അതൊരു വലിയ കാലഘട്ടമായിരുന്നു. എന്നാൽ പിന്നീട് ഞാനും അവനും അവിടെ നിന്ന് വിട്ട് പോവുകയായിരുന്നു,' ചെൽസിയിലായിരുന്ന വേളയിൽ ടുഷേൽ പറഞ്ഞു.
"ഞങ്ങളിപ്പോൾ വളരെ വലിയ ബന്ധത്തിലൊന്നുമല്ല. ഞാൻ പാരിസിലായിരുന്നപ്പോൾ അവനെ വല്ലപ്പോഴും കാണാറുണ്ടായിരുന്നു. ഞങ്ങൾ ചില സന്ദേശങ്ങളും പരസ്പരം കൈമാറിയിരുന്നു,' ടുഷേൽ കൂട്ടിച്ചേർത്തു.
അതേസമയം ബുണ്ടസ് ലിഗയിൽ 25 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 52 പോയിന്റോടെ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്. ഏപ്രിൽ ഒന്നിന് ഡോർട്മുണ്ടിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."