കടലാക്രമണ സാധ്യത: തീരദേശത്ത് ജാഗ്രതാ നിർദേശം
കൊച്ചി
മോശം കാലാവസ്ഥാ സാഹചര്യം നിലനിൽക്കുന്നതിനാൽ വ്യാഴാഴ്ച വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11മുതൽ ഉച്ചക്ക് 2വരെയും രാത്രി 10.30മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാകാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർക്ക് ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കണമെന്നും മത്സ്യത്തൊഴിലാളികൾക്കുള്ള മത്സയബന്ധന വിലക്ക് അവസാനിക്കുന്നതു വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നുമാണ് നിർദേശം.
കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."