മഴ കുറഞ്ഞു; ജാഗ്രത തുടരണം
സംസ്ഥാനത്ത് രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ കുറഞ്ഞെങ്കിലും ജാഗ്രതാ നിർദേശം തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ ലഭിച്ച തെക്കൻ കേരളത്തിൽ ശമനമുണ്ടായെങ്കിലും വടക്ക് മഴ കനക്കാൻ സാധ്യതയുണ്ട്.
■ കോഴിക്കോട്
മലയോരത്ത്
കനത്ത മഴ
കോഴിക്കോട്
ജില്ലയിൽ മലയോര മേഖലയിൽ ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. തിരുവമ്പാടി ടൗണിൽ വെള്ളം കയറി. ബസ് സ്റ്റാൻഡിലും പരിസരത്തെ കടകളിലും റോഡിലും വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു.
താമരശേരി, മുക്കം ഭാഗങ്ങളിലും ശക്തമായ മഴയാണ് ഇന്നലെയുണ്ടായത്.
ഇവിടങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളില്ല. കോഴിക്കോട് നഗരത്തിലും വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി ഭാഗങ്ങളിലും ഉച്ചയ്ക്കു ശേഷം തീവ്രത കുറഞ്ഞ മഴ ലഭിച്ചു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മലയോര മേഖലകളിലെ രക്ഷാപ്രവർത്തനത്തിനുള്ള മുന്നൊരുക്കങ്ങൾ ജില്ലാ കലക്ടർ വിലയിരുത്തി. രക്ഷാപ്രവർത്തിനായി ദേശീയ ദുരന്തനിവാരണ സേന ഇന്ന് ജില്ലയിലെത്തുമെന്ന് കലക്ടർ അറിയിച്ചു.
■ പൊന്നാനിയിൽ കടലേറ്റം
മലപ്പുറം
പൊന്നാനിയിൽ കടലേറ്റം ശക്തമായതിനെ തുടർന്ന് നിരവധി പേർ മാറിത്താമസിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങൾ സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്ന നിർദേശം പൊലിസ് നൽകിയിരുന്നു. കടൽ ഭിത്തിയില്ലാത്ത മേഖലകളിൽ വീടുകൾക്ക് ഭീഷണിയുണ്ട്. വീടുകളിലേക്ക് തിരയടിച്ചു കയറുകയാണ്. പുതുപൊന്നാനി, മുറിഞ്ഞഴി, മുല്ല റോഡ് ഭാഗങ്ങളിലാണ് കൂടുതൽ ഭീഷണി നിലനിൽക്കുന്നത്.
■ തൃശൂരില്‍
മഴയ്ക്ക്
നേരിയ ശമനം
തൃശൂര്‍
ജില്ലയിൽ ഇന്നലെ ഉച്ച മുതല്‍ മഴയ്ക്ക് നേരിയ ശമനം. രണ്ടു ദിവസമായി തുടരുന്ന റെഡ് അലര്‍ട്ട് ഇതോടെ പിന്‍വലിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിൽ രാത്രികാല യാത്രാ നിരോധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ ടൂറിസത്തിനു കീഴിലുള്ള എല്ലാ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനത്തിന് നിരോധനമുണ്ട്.
ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലേയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അതിരപ്പിള്ളിയിലും ചാര്‍പ്പയിലും വാഴച്ചാലിലും കനത്ത മലവെള്ളപ്പാച്ചിലുണ്ട്. ദേശീയപാതയിലും കനത്ത വെള്ളക്കെട്ടാണ്.
■ എറണാകുളത്ത് മഴ ശക്തികുറഞ്ഞു
കൊച്ചി
എറണാകുളം ജില്ലയിൽ രണ്ടു ദിവസമായി പെയ്ത മഴയയിൽ ഇന്നലെ നേരിയ കുറവ് അനുഭവപ്പെട്ടു. മഴ തുടർന്നെങ്കിലും ശക്തമായില്ല. ഇടവിട്ട് പെയ്ത ചെറുമഴയിൽ നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ആരംഭിച്ച ക്യാംപ് തുടരുകയാണ്. 14 കുടുംബങ്ങളിലെ നാല് പുരുഷന്മാരും 16 സ്ത്രീകളും 10 കുട്ടികളുമാണ് ക്യാംപിലുള്ളത്. കണയന്നൂർ താലൂക്കിലെ തൃക്കാക്കരയിലെ വാർഡ് എട്ടിൽ 40 അടി ആഴമുള്ള പൊതുകിണർ മഴയിൽ ഇടിഞ്ഞു താഴ്ന്നു. മണീട് വില്ലേജിൽ കുന്നത്തുമറ്റം മോഹനന്റെ വീട്ടിൽ തെങ്ങു ഒടിഞ്ഞുവീണ് നഷ്ടം സംഭവിച്ചു. റെഡ് അലർട്ട് പിൻവലിച്ചതോടെ ജില്ലയുടെ ആശങ്ക മാറിയെന്നും ജാഗ്രത തുടരുന്നുണ്ടെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
■ ഇടുക്കിയിൽ മഴ കുറഞ്ഞു; നാളെ കൂടിയേക്കും
തൊടുപുഴ
ഇടുക്കി ജില്ലയിൽ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ മഴയുടെ ശക്തിയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തൊടുപുഴ താലൂക്കിലാണ് (1.08 സെ.മീ.). ദേവികുളം 0.22, ഉടുമ്പൻചോല 0.24, പീരുമേട് 0.3, ഇടുക്കി 0.64 സെ.മീ. വീതം മഴ ലഭിച്ചു.
ഇന്നലെ പകൽ മിക്കയിടത്തും മഴയുടെ ശക്തി കുറഞ്ഞു. ആകാശം ഭാഗികമായി മേഘാവൃതമായിരുന്നെങ്കിലും ചാറ്റൽമഴയാണ് മിക്കയിടത്തും ലഭിച്ചത്.
ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ടാണ്. ഇന്ന് പകൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ രാവിലെ മുതൽ ലോ റേഞ്ചിൽ വീണ്ടും മഴ ശക്തമായേക്കും. പിന്നാലെ ഹൈറേഞ്ചിലും മഴയെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."