ട്വിറ്ററിന്റെ സോഴ്സ് കോഡ് ചോര്‍ന്നു; പിന്നില്‍ പിരിച്ചുവിട്ട ജീവനക്കാരനോ?
ട്വിറ്ററിന്റെ സോഴ്സ് കോഡിന്റെ ചില ഭാഗങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പ്ലാറ്റ്ഫോമായ ഗിറ്റഹബ്ബിലാണ് സോഴ്സ് കോഡ് ചോര്‍ന്നത്. ട്വിറ്ററിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ ഈ സോഴ്സ് കോഡില്‍ നിന്ന് ലഭിച്ചേക്കാം. ഇത് യൂസര്ഡാറ്റ ചോര്‍ത്തുന്നതുള്‍പ്പെടെ ഹാക്കര്‍മാര്‍ ദുരുദ്ദേശത്തോടെ ഉപയോഗിച്ചേക്കാം.
ചോര്‍ച്ച കണ്ടെത്തിയതിന് പിന്നാലെ വെള്ളിയാഴ്ച ട്വിറ്റര്‍ ഗിറ്റ്ഹബിന് കോപ്പിറൈറ്റ് ലംഘനത്തിന് നോട്ടിസ് നല്കി. തൊട്ടുപിന്നാലെ സോഴ്സ് കോഡ് ഉള്‍പ്പെട്ട പോസ്റ്റ് ഗിറ്റ്ഹബ് നീക്കം ചെയ്തു. സോഴ്സ് കോഡ് പോസ്റ്റ് ചെയ്ത വ്യക്തിയുടേയും ഡൗണ്‍ലോഡ് ചെയ്തവരുടെയും വിവരങ്ങള്‍ നല്കാന് ഗിറ്റ്ഹബിന് നിര്‍ദേശം നല്‍കണമെന്നും ട്വിറ്റര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടവരില്‍ ഒരാളാണ് സോഴ്സ് കോഡ് പുറത്തുവിട്ടതെന്നാണ് കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിലെ അനുമാനം.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങളാണ്. 3.63 ലക്ഷം കോടി രൂപ മുടക്കി വാങ്ങിയ കമ്പനിയുടെ മൂല്യം 1.65 ലക്ഷം കോടിയായി ഇടിഞ്ഞു. സേവനങ്ങള്‍ മുടങ്ങുന്നത് പതിവായി. ഇതിന് പിന്നാലെയാണ് പുതിയ പണി കിട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."