ന്യൂനപക്ഷ രാഷ്ട്രീയം മാറ്റത്തിന് കാതോര്‍ക്കുന്നു
ഭരണത്തുടര്‍ച്ചയുടെ ആരവത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പരാജയ കഥകള്‍ രാഷ്ട്രീയകേരളത്തില്‍ വലിയ തോതില്‍ സജീവമാണ്. സോഷ്യല്‍ മീഡിയകളിലൂടെ മൊത്തമായും ചില്ലറയായും ഉപദേശങ്ങളും നിര്‍ദേശങ്ങളും ആവശ്യത്തില്‍ കൂടുതല്‍ പങ്കുവയ്ക്കപ്പെടുന്ന സമയം കൂടിയാണിത്. എന്നാല്‍, മാറുന്ന കാലത്തെ രാഷ്ട്രീയവര്‍ത്തമാനങ്ങള്‍ പകര്‍ന്നുനല്‍കുന്ന ചില പ്രായോഗിക പാഠങ്ങള്‍ കാണാതെ പോകുന്നത് തികച്ചും ആത്മഹത്യാപരവുമാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയപ്പാര്‍ട്ടി എന്നതിലുപരി ജനാധിപത്യ ബദലും സാമൂഹികമായ ഒരു ആശാ കേന്ദ്രവുമാണെന്നതില്‍ സംശയമുള്ളവരുണ്ടാകില്ല. അതേസമയം, പൊതുപരിസരങ്ങളിലും ജനഹൃദയങ്ങളിലും പാര്‍ട്ടിയുടെ സ്വാധീനം അപകടകരമാംവിധം ദുര്‍ബലമാവുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ. ശക്തമായ വീണ്ടെടുപ്പിന്റെയും ആത്മവിചിന്തനത്തിന്റേയും പരിസരം രൂപപ്പെടേണ്ടത് വര്‍ത്തമാനകാല അനിവാര്യതയാണ്. വ്യക്തികളെയോ നേതാക്കളെയോ കുറ്റം പറഞ്ഞ് മാത്രം ആശ്വാസം കണ്ടെത്തി അവസാനിപ്പിക്കാവുന്നതല്ല ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം. മറിച്ച് ക്രിയാത്മകമായ ചര്‍ച്ചകളും നിശ്ചയദാര്‍ഢ്യമുള്ള പരിശോധനകളും ഫലപ്രാപ്തിയുള്ള ഇടപെടലുകളും ഇതിന്റെ തുടര്‍ച്ചയായി സംഭവിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ് - ലീഗ് സഖ്യവും സഹകരണവും മതേതര ഇന്ത്യയുടെ ഇന്നലെകളിലും ഫാസിസം പിടിമുറുക്കിയ വര്‍ത്തമാനകാലത്തും ആശ്വാസകരമായ കൂട്ടായ്മയാണെന്നത് അവിതര്‍ക്കിതമാണ്. കോണ്‍ഗ്രസ് എന്ന വന്‍മരം ഇന്ന് നാഥനില്ലാതെ ഉഴലുന്ന, ഒരുപറ്റം കഴിവും പ്രാപ്തിയുമുള്ള പ്രാദേശിക നേതാക്കളുടെ ശോഭയിലും ത്യാഗത്തിലും പിടിച്ചുനില്‍ക്കുന്ന പ്രസ്ഥാനമാണെന്നത് കാണാതിരുന്നുകൂടാ! നേതൃപരമായ കോണ്‍ഗ്രസിന്റെ അപചയത്തെ അപഗ്രഥിക്കാതെ കേരളത്തില്‍ ഇടതിനും ഇന്ത്യയില്‍ ബി.ജെ.പിക്കും ഒരു ബദല്‍ കണ്ടെത്തുകയെന്നത് തികച്ചും അപ്രായോഗികമാണ്. പ്രതിഭാധനരായ നിരവധി ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെങ്കിലും അവരില്‍ ആരാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷയായ രാഹുലിനൊപ്പം മുന്‍നിരയിലുള്ളത്.
ജനമനസറിയുന്ന, പ്രാദേശികമായി പേരും വേരുമുള്ള നിരവധി പ്രതിഭകള്‍ കോണ്‍ഗ്രസിലുണ്ട്. അവര്‍ക്ക് മണ്ഡലം വിട്ട് വളരണമെങ്കില്‍ ഗ്രൂപ്പു സമവാക്യങ്ങളുടെ തോളിലേറി, ഒരേസമയം രാഹുലിന്റെയും ഗ്രൂപ്പ് നേതാക്കളുടെയും ഗുഡ്ബുക്കില്‍ ഇടം നേടി നേതൃരംഗത്ത് വരുകയെന്നത് സാഹസികമാണ്. കെട്ടിലും മട്ടിലും ഇച്ഛാശക്തിയുള്ള ഒരു നേതൃത്വത്തിന്റെ കുടക്കീഴില്‍ നാടിനു വേണ്ട തീരുമാനങ്ങളെടുക്കുന്നതിനു പകരം, മൂന്നു മണിക്കൂറോ ഏറിയാല്‍ ഒന്നോ രണ്ടോ ദിവസമോ ഉള്ള, ഹൈക്കമാന്‍ഡ് താല്‍പര്യങ്ങളെ നടപ്പിലാക്കാനെത്തുന്ന സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ച് സമാശ്വസിക്കുന്ന അപ്രായോഗിക രാഷ്ട്രീയം വെടിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റേതാണെങ്കില്‍, ജനോപകാര പ്രവര്‍ത്തനങ്ങളില്‍ ഇത്രമേല്‍ ഉദാത്തമായ ഒരു മാതൃക തീര്‍ത്ത മറ്റൊരു പ്രസ്ഥാനം ചരിത്രത്തിലുണ്ടാകുമോ? എന്നാല്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത് എന്ന് പരസ്പരം പറഞ്ഞ് ആശ്വസിച്ചാലും ഏതാനും മാസങ്ങള്‍ മാത്രം കിട്ടിയ 1000 രൂപയുടെ കിറ്റിനു നന്ദി കാണിച്ച കേരള ജനത അങ്ങനെ നന്ദികെട്ടവരാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? സേവനങ്ങളില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍, സാമൂഹിക കൂട്ടായ്മകളില്‍ തുടങ്ങി സര്‍വരംഗത്തും സജീവമായ കൂട്ടായ്മയെ അധികാര രാഷ്ട്രീയത്തില്‍ നിഷ്‌കരുണം മാറ്റിനിര്‍ത്തുമെന്നത് വിശ്വസിക്കാനാവാത്ത അനുഭവ സാക്ഷ്യമാണ്. ഇപ്പോഴും വോട്ട് കണക്കുകള്‍ വെച്ച് ഒന്നും സംഭവിച്ചിട്ടില്ല എന്ന് സമര്‍ഥിക്കാം, എതിരാളികളുടെ നേട്ടത്തെ ചെറുതാക്കി ഇന്നലെകളുടെ പ്രൗഢിയുടെ വീരകഥകളില്‍ നമ്മുടെ ചര്‍ച്ചാ പരിസരങ്ങളെ തളച്ചിടാം! പക്ഷേ, അത് ശാശ്വത പരാജയത്തിലേക്കേ എത്തിക്കുകയുള്ളൂ.
പ്രവാചക ജീവിത ദര്‍ശനങ്ങളില്‍ ഏറെ സ്വാധീനിച്ച വാക്യം രാഷ്ട്രീയഭൂമികയില്‍ പ്രസക്തമാണെന്ന് പറയാതെ വയ്യ. 'നേതാക്കള്‍ നല്ലവരാണെങ്കില്‍ അവര്‍ ജനങ്ങളെയും ജനങ്ങള്‍ തിരിച്ചും ഇഷ്ടപ്പെടും. അവര്‍ ജനങ്ങള്‍ക്കു വേണ്ടിയും ജനങ്ങള്‍ അവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കും. എന്നാല്‍ മോശപ്പെട്ട നേതൃത്വമാണെങ്കില്‍ ജനങ്ങള്‍ അവരെയും അവര്‍ ജനങ്ങളെയും വെറുക്കും. ഇരുകൂട്ടരും പരസ്പരം പഴി പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യും'. പ്രവാചകന്റെ വചനം എത്ര പ്രസക്തമാണ്. ഇഷ്ടവും പ്രാര്‍ഥനയും കൂടെ ജീവിക്കുന്ന മനുഷ്യരില്‍ നിന്ന് നിസ്സീമമായി വാങ്ങിയെടുക്കാനുള്ള നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് നേതാവില്‍ നിന്നുണ്ടാവേണ്ടത്. എന്നാല്‍ ഉദ്ദേശശുദ്ധിയും ആത്മാര്‍ഥമായ ഇടപെടലുകളും കൈമോശം വന്നോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
.
സമൂഹസേവകര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതിലാണ് മത്സരിക്കേണ്ടത്. സ്വന്തം പിരിവെടുത്ത് മുഴുവന്‍ സാമൂഹ്യപ്രശ്‌നങ്ങളും പരിഹരിക്കുകയെന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിനു ഭൂഷണമല്ലെന്ന് മാത്രമല്ല അപ്രായോഗികവുമാണ്. അധ്വാനിക്കുന്ന പാവങ്ങള്‍ക്ക് തന്റെ വീടെന്ന സ്വപ്നത്തിനു നീക്കിവച്ചത് തികയാതെ വരുമ്പോള്‍, മകളുടെ വിവാഹത്തിനു കരുതിവച്ചതിലും കൂടുതല്‍ കാണേണ്ടി വരുമ്പോള്‍ തണല്‍ വിരിക്കാനാണു കാരുണ്യ കൂട്ടായ്മകള്‍ ഉണരേണ്ടത്. എങ്കിലേ അവര്‍ക്ക് ലഭിച്ച സഹായത്തിന്റെ മൂല്യവും വലുപ്പവും ബോധ്യമാകുകയുള്ളൂ. പത്ത് ലക്ഷം മുടക്കി വീടുണ്ടാക്കി കൊടുത്തവന് കാണാത്ത നന്ദിയും മൂല്യവും സര്‍ക്കാര്‍ സ്‌കീമില്‍ കഷ്ടപ്പെട്ട് കൂടൊരുക്കിയവനില്‍ പലപ്പോഴും കാണാനിടയായിട്ടുണ്ട്. പ്രവാസികളും സ്വദേശികളും രാഷ്ട്രീയപ്പാര്‍ട്ടിയുടെ തണലില്‍ ചെയ്ത് തീര്‍ക്കുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അജന്‍ഡയും തന്ത്രവും ഉണ്ടായേ തീരൂ. വിശക്കുന്നവന് ദിവസവും മത്സ്യം വാങ്ങിക്കൊടുക്കുന്നതിലും നല്ലത് മിന്‍ പിടിക്കാന്‍ പഠിപ്പിച്ച് കൊടുക്കുന്നതാണെന്ന വാക്യം ഏറെ ചിന്തനീയമാണ്. ഇതില്‍പ്പെടാത്ത ഒറ്റപ്പെട്ട അനുഭവങ്ങളുണ്ടാകാം, പുര്‍ണമായും അനുഭാവപൂര്‍വം നെഞ്ചിലേറ്റേണ്ടത്. മഹാഭൂരിഭാഗവും വലിയ ആലോചനകളില്ലാത്ത ത്യാഗവും സേവനവുമായാണ് കണ്ടുവരുന്നത്.
പ്രസംഗവും ഇടിവെട്ട് ഡയലോഗുകളുമല്ല നേതൃത്വത്തിന്റെ അളവു കോല്‍. ചരിത്രം കണ്ട അതുല്യരായ നേതാക്കളില്‍ മഹാഭൂരിഭാഗവും അത്യുജ്വല പ്രഭാഷകരായിരുന്നില്ല. ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും സേവനസന്നദ്ധതയും അവസരത്തിനൊത്ത് ഹൃദയമറിഞ്ഞ് സംവദിക്കാനുള്ള ശേഷിയും ഉചിതമായ രാഷ്ട്രീയതന്ത്രങ്ങളും സമീപനങ്ങളും രൂപപ്പെടുത്താനുള്ള ജാഗ്രതയുമാണ് നേതാവിനുണ്ടാകേണ്ടത്. പുതുതലമുറയുടെ ഹൃദയകവാടങ്ങളില്‍ അലയൊലികള്‍ തീര്‍ക്കാന്‍ പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ക്കാവണം. വീട്ടകങ്ങളിലെ വായനയും വകതിരിവുമുള്ള പുതിയകാലത്തെ സഹോദരിമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാനാവണം. പത്രമാധ്യമങ്ങളിലെ എഡിറ്റോറിയലുകളെങ്കിലും വായിച്ച് രാഷ്ട്രീയ അവബോധം കൈക്കൊണ്ട്, സമുദ്ധരിക്കാന്‍ കഴിവുള്ള പ്രാദേശിക നേതൃത്വമുണ്ടാവണം. രാഷ്ട്രീയം തൊഴിലാവാതെ തൊഴിലും വരുമാനവുമുള്ളവന്റെ സേവനസപര്യയാകണം. പ്രസ്ഥാനത്തിനു മാത്രമല്ല, നയിക്കുന്നവര്‍ക്കും പിന്തുടരുന്നവര്‍ക്കും മാറ്റം ആവശ്യമാണെന്ന തിരിച്ചറിവ് വേണ്ടിയിരിക്കുന്നു. ജന മനസുകള്‍ തിരിച്ചറിയുകയും അവര്‍ക്കിടയിലേക്ക് ഇറങ്ങാനുമാണ് പുതിയ കാല രാഷ്ട്രീയം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."