സബ്‌സിഡി തുക കൈമാറാതെ ബാങ്കുകൾ സംരംഭകർ കടക്കെണിയിൽ ഈടാക്കുന്നത് വൻ പലിശ
സ്വന്തം ലേഖിക
കണ്ണൂർ
കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ കീഴിൽ പ്രധാനമന്തിയുടെ തൊഴിൽദായക പദ്ധതി (പി.എം.ഇ.ജി.പി) മുഖേന വായ്പയ്ക്കുള്ള സബ്‌സിഡി തുക ലഭിക്കാതെ ചെറുകിട സംരംഭകർ.
സബ്‌സിഡി തുക സംരംഭകരുടെ വായ്പാ അക്കൗണ്ടിൽ എത്താതെ അഞ്ചു മാസമായി മുടങ്ങിയിരിക്കുകയാണ്. സബ്‌സിഡി അനുവദിക്കുന്നതിനായി നൽകുന്ന ഒ.ടി.പി നമ്പർ കൈമാറുന്നതിലെ സർവർ തകരാറാണ് കാരണമെന്ന് അധികൃതരുടെ പറയുന്നു. വായ്പാ തുക മുഴുവൻ ബാങ്കിൽ അനുവദിച്ചു നൽകിയിട്ടും സംരംഭകരുടെ അക്കൗണ്ടിലേക്ക് മാറ്റാതിരിക്കുകയാണ് ബാങ്കുകൾ.
തൊഴിൽദായക പദ്ധതി മുഖേന രജിസ്റ്റർ ചെയ്ത സംരംഭങ്ങൾ പരിശോധന നടത്തി സബ്‌സിഡി വായ്പാ തുകയിൽ വകയിരുത്തുന്നതിനായി ബാങ്കുകൾക്ക് അനുമതി നൽകുന്നത് മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസി ജെൻസിസ് ആണ്. പരിശോധനയ്ക്കു ശേഷം ലഭിക്കുന്ന ഒ.ടി.പി ബാങ്കിനു കൈമാറുന്നതിലൂടെയാണ് സബ്‌സിഡി തുക അനുവദിക്കുന്നത്. മുൻപ് ഖാദി കമ്മിഷൻ, ഖാദി ബോർഡ്, ജില്ലാ വ്യവസായ കേന്ദ്രം മുഖേന ആയിരുന്നു പരിശോധനയുണ്ടായത്.
പദ്ധതി പ്രകാരം തുടങ്ങുന്ന സംരംഭകർക്ക് വായ്പയെടുത്ത് മൂന്നു വർഷത്തിനു ശേഷമായിരിക്കും വായ്പ തുക മുഴുവൻ സബ്‌സിഡിയായി ബാങ്കിലേക്ക് ലഭിക്കുക. എന്നാൽ സബ്‌സിഡി മുടങ്ങിയതോടെ വൻ പലിശയും ഒടുക്കേണ്ട ഗതികേടിലാണ് സംരംഭകർ.
അനുവദിക്കുന്ന വായ്പാ തുകയിൽ ഒമ്പത് മുതൽ 13 ശതമാനം വരെ പലിശയാണ് പല ബാങ്കുകളും ഈടാക്കുന്നതെന്ന പരാതിയും സംരംഭകർക്കുണ്ട്.
കേരളാ ചെറുകിട സംരംഭക കൗൺസിലിന്റെ കണക്കു പ്രകാരം സർവർ തകരാറിന്റെ പേരിൽ പരിശോധന പൂർത്തിയായ 400ൽ അധികം സംരംഭകർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."