'സവര്‍ക്കറെ അപമാനിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല';പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമെന്ന് ഉദ്ധവിന്റെ മുന്നറിയിപ്പ്
മുംബൈ: സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപതി പ്രകടിപ്പിച്ച് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സവര്‍ക്കര്‍ക്കെതിരായ ഇത്തരം പരിഹാസങ്ങള്‍ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകുമെന്നും ഉദ്ധവ് മുന്നറിയിപ്പ് നല്‍കി. മലേഗാവില്‍ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
' നമ്മള്‍ ഒരുമിച്ചു. അത് ശരിതന്നെ, ഈ രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് നമ്മള്‍ ഒരുമിച്ചിരിക്കുന്നത്. അതിനായി നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വം പ്രകോപിപ്പിക്കുകയാണ്. എങ്കിലും അദ്ദേഹം സവര്‍ക്കറെ പരിഹസിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാവുകയേ ഉള്ളൂ- അദ്ദേഹം പറഞ്ഞു.
ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ 14 വര്‍ഷത്തോളം ചിന്തിക്കാന്‍ പോലുമാകാത്ത തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണ് സവര്‍ക്കര്‍. നമുക്കൊക്കെ അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ച് വായിക്കാനേ കഴിയു. സവര്‍ക്കറെ അപമാനിക്കുന്ന യാതൊരു പരാമര്‍ശവും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല- ഉദ്ധവ് പറഞ്ഞു.
അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. 'എന്റെ പേര്‍ സവര്‍ക്കകര്‍ എന്നല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ഒരിക്കലും ആരോടും മാപ്പു പറഞ്ഞിട്ടില്ല' .- എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."