അഭിഭാഷക കമ്മിഷൻ പക്ഷപാതപരമായി പെരുമാറി: പള്ളി കമ്മിറ്റി അഭിഭാഷകൻ
വരാണസി
അഭിഭാഷക കമ്മിഷണറായി നിയമിക്കപ്പെട്ടത് മുതൽ അജയ് മിശ്ര ഹരജിക്കാർക്കു വേണ്ടി പക്ഷപാതപരമായി പെരുമാറിയെന്ന് അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ അഭയ്‌നാഥ് യാദവ്. അദ്ദേഹത്തെ മാറ്റണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും അഭയ്‌നാഥ് യാദവ് 'സുപ്രഭാത'ത്തോട് പറഞ്ഞു. പകരം രണ്ടുപേരെക്കൂടി കമ്മിഷനിലേക്ക് അനുവദിക്കുകയാണ് ചെയ്തത്. അതുകൊണ്ട് മാത്രം കമ്മിഷൻ നീതിപൂർവം പെരുമാറുമെന്ന് കരുതാനാവില്ല. ജ്ഞാൻവാപി പൂർണമായും പള്ളിയായിരുന്നുവെന്നും യാദവ് വ്യക്തമാക്കി. പള്ളി ഉണ്ടാക്കിയ കാലം മുതൽ അവിടെ നിസ്‌കാരമുണ്ട്. അതിപ്പോഴും തുടരുന്നുണ്ട്.
പള്ളിക്കുള്ളിൽ വിഗ്രഹമുണ്ടെന്നും അത് ക്ഷേത്രത്തിന്റെ ഭാഗമാണെന്നുമുള്ള അവകാശവാദങ്ങൾക്ക് കഴമ്പില്ലെന്നും അഭയ്‌നാഥ് യാദവ് പറഞ്ഞു. 1991ലെ വോർഷിപ്പ് ആക്ട് പ്രകാരം 1947ന് ശേഷമുള്ള പള്ളിയുടെ ഘടന മാറ്റാൻ കഴിയില്ല. നിരവധി വർഷങ്ങളായി അത് പള്ളിയാണ്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താൻ കഴിയും. ഈ സാഹചര്യത്തിൽ കേസ് വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം തങ്ങൾ മറുപടി നൽകുമെന്നും അഭയ്‌നാഥ് യാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."