20 -ാം വയസിൽ 20 ഡോളറുമായി രാജ്യം വിട്ടു, പിന്നീട് നടന്നത് ചരിത്രം; യു.എ.ഇക്ക് രുചിയുടെ ലോകം സമ്മാനിച്ച യാങ് ബിംഗ്-യി ഇനി ഓർമ
ദുബൈ: യു.എ.ഇ ക്ക് രുചിയുടെ ലോകം സമ്മാനിച്ച യാങ് ബിംഗ്-യി അന്തരിച്ചു. 96 വയസായിരുന്നു. യു.എ.ഇയിലും മറ്റു വിവിധ രാജ്യങ്ങളിലും പ്രശസ്തമായ ദിൻ തായ് ഫംഗ് എന്ന അന്താരാഷ്ട്ര റെസ്റ്റോറന്റ് ശൃംഖലയുടെ സ്ഥാപകനാണ് യാങ് ബിംഗ്-യി. വാർദ്ധക്യത്തെ തുടർന്നാണ് മരണമെന്നാണ് കമ്പനി നൽകുന്ന വിവരം.
യാങ്ങിന്റെ വിജയഗാഥ വർഷങ്ങളായി ലോകം മുഴുവൻ പാടി നടക്കുന്ന ഒന്നാണ്. 1947-ൽ 20-ആം വയസ്സിൽ പോക്കറ്റിൽ വെറും 20 ഡോളറുമായി തായ്‌വാനിലേക്ക് എത്തിയ വ്യക്തിയാണ് യാങ് ബിംഗ്-യി. പിന്നീട് അദ്ദേഹം സൃഷ്ട്ടിച്ച സാമ്രാജ്യത്തിന്റെ കഥ സ്വപ്നം പോലെ സുന്ദരമാണ്.
തായ്‌വാനിൽ പാചക എണ്ണയുടെ ബിസിനസുമായാണ് യാങ് ബിംഗ്-യി ആദ്യം കളം പിടിക്കുന്നത്. എന്നാൽ വൈകാതെ ബിസിനസ് താഴോട്ട് പോകാൻ തുടങ്ങി. എന്നാൽ തോറ്റ് പിന്നോട്ട് ഓടാൻ യാങ് തയ്യാറായിരുന്നില്ല. ഇവിടെ നിന്നാണ് തന്റെ ട്രേഡ് മാർക്കായ ആവിയിൽ വേവിച്ച ചൈനീസ് സൂപ്പ് ഭാര്യയോടൊപ്പം ചേർന്ന് വിൽക്കാൻ തുടങ്ങിയത്. അത് പിന്നീട് വൻ വിജയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു.
നിലവിൽ യു.എ.ഇ, യു.എസ്.എ , യു.കെ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവയുൾപ്പെടെ ലോകമെമ്പാടും അന്താരാഷ്ട്ര നിലവാരത്തിലുള്ള റസ്റ്റോറന്റുകൾ യാങ് ബിംഗ്-യിക്ക് സ്വന്തം. ഇതിൽ തന്നെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹത്തിന്റെ റസ്റ്റോറന്റുകൾ ഉണ്ട്.
അതേസമയം, അദ്ദേഹത്തിന്റെ മരണകാരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനാൽ കുടുംബം സ്വകാര്യത ആവശ്യപ്പെട്ടതായി കമ്പനി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."