HOME
DETAILS
MAL
അല്‍- മശ്ശാഅ; ഭൂമിയിലൊരു നരകമുണ്ടെങ്കില്‍ അതിവിടെയാണ്!
backup
May 23 2021 | 05:05 AM
ഹസന്റെ പിന്നാലെ ഓടുകയാണ് ഞാന്‍. പതിവുപോലെ ഒച്ചവയ്ക്കാനൊന്നും ശ്രമിച്ചില്ല. അയാള്‍ കരയുന്നതെനിക്ക് കേള്‍ക്കാം. അരോചകമായ ഗന്ധമാകട്ടെ അസഹനീയമായിമാറുകയാണ്. സ്‌ഫോടനശബ്ദങ്ങള്‍ നിലയ്ക്കുന്നതേയില്ല. ഓടിനടക്കുന്ന ആളുകള്‍ ആകാശത്തിലേക്ക് കൈകളുയര്‍ത്തി നിലവിളിക്കുന്നത് കാണാം. മരണാസന്നരായ മനുഷ്യര്‍ ചൊല്ലുന്ന 'ശഹാദത്ത്' വാചകങ്ങള്‍ അലറിവിളിച്ചു പറയുകയാണവര്‍. അവരുടെ കണ്ണുകള്‍ തുറിച്ചുനില്‍ക്കുന്നത് ഇരുളിലും എനിക്ക് കാണാം.
ആകാശമാകെ പ്രഭാപൂരമാണ്. ഭൂമി ഞങ്ങള്‍ക്ക് ചുറ്റും സഞ്ചരിക്കുന്നതുപോലെ തോന്നുന്നു. ഞങ്ങള്‍ക്ക് ശരിക്കും ജീവനുണ്ടോ? സര്‍വതും ചലിക്കുന്ന രൂപങ്ങളായി മാറിയിരിക്കുകയാണ്. 'അത്ഭുതലോക'ത്തിലെത്തിയ ആലീസിന്റെ അവസ്ഥയാണെന്റേത്. ആ കഥയിലെ പുഞ്ചിരിക്കുന്ന പൂച്ച ഇവിടെയും പ്രത്യക്ഷപ്പെട്ടേക്കും. അവിടവിടെ കാണുന്ന സിങ്കോണമരങ്ങള്‍ക്കരികിലെങ്ങാനും കാണും ആ പൂച്ച.
കിതച്ചുകൊണ്ട് പിറകേ ഓടുന്നതിനിടയിലും കൈകളിലെ കെട്ടഴിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ് ഞാന്‍. കയറിലും കൈയ്യിലെ മാംസത്തിലും കടിക്കാന്‍ തുടങ്ങി. രക്തത്തിന്റെ ഉപ്പുരസം വായിലെത്തുന്നതുവരെ കടിച്ചെങ്കിലും കൈയ്യിലെ കെട്ടുമാത്രം അഴിയുന്നില്ല. ഇപ്പോള്‍ ഒന്നും കാണാനാകുന്നില്ല. ശ്വാസം മുട്ടുന്നുണ്ട്. പെട്ടെന്നാണ് സൈറണ്‍ മുഴങ്ങുന്ന ശബ്ദം കേട്ടത്. കിതച്ചുകൊണ്ട് നിലത്തേക്ക് മുഖമടിച്ച് വീണുപോയി. ദൂരെയൊരു അഗ്നിഗോളം കാണാം. എവിടെയാണത് പതിച്ചതെന്നുമാത്രമറിയില്ല. അപ്പോഴും യുദ്ധവിമാനങ്ങളുടെ അലര്‍ച്ച കാതുകളില്‍ വന്നലച്ചുകൊണ്ടേയിരിക്കുകയാണ്. കണ്ണുകളടച്ചുപിടിച്ചു. ഈ മയക്കത്തില്‍ നിന്നുണരുക തന്നെ ചെയ്യുമെന്ന് ആ നിമിഷം മനസ് പറയാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ഉണരുന്നത് ഇവിടെയായിരിക്കില്ല. എന്റെ സ്വന്തം കിടക്കയിലായിരിക്കും. ഉമ്മയും സഹോദരനും ഒപ്പമുള്ള വീട്ടില്‍!'
റീമ തന്റെ കഥ പറയുകയാണ്... അല്ല എഴുതുകയും വരയ്ക്കുകയുമാണ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കൈയ്യിലാകെയുള്ളൊരു നീലമഷിപ്പേനകൊണ്ട് അവള്‍ കോറിയിടുന്നത് തന്റെ മാത്രമല്ല, നരകീയജന്മം നയിക്കുന്നൊരു ജനതയുടെയാകെ കഥയാണ്. സമകാലിക സിറിയന്‍ സാഹിത്യത്തിലെ ക്ഷോഭിക്കുന്ന ശബ്ദങ്ങളിലൊന്നായ സമര്‍ യസ്ബകിന്റെ 'അല്‍- മശ്ശാഅ' എന്ന സര്‍റിയലിസ്റ്റിക് നോവലിലെ മുഖ്യകഥാപാത്രമാണ് റീമ എന്ന പെണ്‍കുട്ടി.
ഒരു 'കുലംകുത്തി'യുടെ കഥ
മെഡിറ്ററേനിയനിലെ സിറിയന്‍ തുറമുഖ നഗരമായ ലത്താക്കിയയ്ക്കടുത്തുള്ള ജബ്‌ല പട്ടണത്തിലാണ് 1970ല്‍ സമര്‍ യസ്ബക് ജനിച്ചത്. മുസ്‌ലിംകളിലെ സുന്നികള്‍, അലവി ഷിയാക്കള്‍, മറോണൈറ്റ് ക്രിസ്ത്യാനികള്‍, കുര്‍ദുകള്‍, ദുറൂസുകള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളടങ്ങിയ സാമൂഹിക ഘടനയാണ് സമകാലിക സിറിയയുടേത്. ഇതില്‍ അലവി വിഭാഗത്തില്‍പെട്ട കുടുംബത്തിലാണ് യസ്ബക് ജനിച്ചത്. സുന്നി ഭൂരിപക്ഷ രാജ്യമാണെങ്കിലും ന്യൂനപക്ഷ സമുദായമായ അലവി ഷിയ വിഭാഗത്തില്‍പ്പെട്ട അസദ് കുടുംബമാണ് സിറിയ ഭരിച്ചുകൊണ്ടിരിക്കുന്നത്. യസ്ബകിന്റെ സാഹിത്യ ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ തികച്ചും വ്യത്യസ്തങ്ങളായ രണ്ട് ദശകള്‍ തിരിച്ചറിയാനാകും. 2011ല്‍ സിറിയയില്‍ ജനാധിപത്യ പ്രക്ഷോഭങ്ങളും ആഭ്യന്തര യുദ്ധവും ആരംഭിക്കുന്നതിന് മുന്‍പും ശേഷവുമുള്ള രണ്ട് ഘട്ടങ്ങള്‍. തീര്‍ത്തും വ്യത്യസ്തമായ പ്രമേയ സമീപനങ്ങളാണ് ഈ ഘട്ടങ്ങളില്‍ യസ്ബകിലെ എഴുത്തുകാരി സ്വീകരിച്ചിട്ടുള്ളത്. വിപ്ലവത്തിന് മുന്‍പ് പുറത്തിറങ്ങിയത് നാലു നോവലുകളായിരുന്നു. വിപ്ലവപൂര്‍വ സിറിയയിലെ സ്ത്രീജന്മങ്ങളുടെ കഥപറയുന്ന ഈ നോവലുകളെല്ലാം ഒരു ആധുനിക സമൂഹമായി മാറാന്‍ സിറിയന്‍ ജനത നടത്തിയ നിരന്തരശ്രമങ്ങളുടെ റിയലിസ്റ്റിക്കായ അടയാളപ്പെടുത്തലുകളാണ്.
എന്നാല്‍ 2011ല്‍ സിറിയയില്‍ വിപ്ലവമാരംഭിച്ചതോടെ യസ്ബകിന്റെ ജീവിതം കൂടിയാണ് സംഘര്‍ഷഭരിതമായത്. 2010 ഡിസംബറില്‍ വടക്കനാഫ്രിക്കന്‍ അറബ് രാജ്യമായ ടുണീഷ്യയില്‍ ആരംഭിച്ച 'അറബ് വസന്തം' എന്ന് വിളിക്കപ്പെട്ട ജനാധിപത്യപ്രക്ഷോഭങ്ങള്‍ ആ നാട്ടില്‍ മാത്രമല്ല, മറ്റനേകം അറബ് രാഷ്ട്രങ്ങളിലും മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെയുള്ള കൊടുങ്കാറ്റായി മാറുകയായിരുന്നു. ടുണീഷ്യയിലും ഈജിപ്തിലും യമനിലും ലിബിയയിലും പതിറ്റാണ്ടുകളായി അടക്കിവാണിരുന്ന സ്വേച്ഛാധിപതികള്‍ നിലംപൊത്തി. ഇക്കൂട്ടത്തില്‍ പ്രക്ഷോഭമാരംഭിച്ച മറ്റൊരു രാജ്യമായിരുന്നു സിറിയ. എന്നാല്‍ 2011 മാര്‍ച്ചില്‍ ആരംഭിച്ച സിറിയന്‍ പ്രക്ഷോഭങ്ങള്‍ക്ക് ആ നാട് ഭരിക്കുന്ന ബഷാറുല്‍ അസദ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ മാത്രം ഇതുവരെ സാധിച്ചിട്ടില്ല.
ഷിയാ ഭരണകൂടമായതിനാല്‍ അസദിന് എല്ലാ പിന്തുണയും നല്‍കുന്നത് ഇറാനാണ്. ഒപ്പം സഖ്യകക്ഷിയായ റഷ്യകൂടി ചേരുന്നതോടെ അസദിന്റെ കിരാതവാഴ്ച അവസാനിപ്പിക്കാനായി തുടങ്ങിയ വിപ്ലവങ്ങളൊക്കെ വൃഥാവിലായ ചരിത്രമാണ് സിറിയക്ക് പറയാനുള്ളത്. തനിക്കെതിരെ നടന്ന ഇതുവരെയുള്ള പ്രക്ഷോഭങ്ങളെയാകെ ചോരയില്‍ മുക്കി അവസാനിപ്പിച്ച ചരിത്രമേയുള്ളൂ അസദിന്. 'ഇസ്‌ലാമിക് സ്റ്റേറ്റ്' എന്നൊരു ഭീകരസംഘടന സിറയയില്‍ ഇക്കാലത്ത് ജന്മമെടുത്തതും അവര്‍ സര്‍ക്കാരിനെതിരെക്കൂടി പോരാടിയതും ഫലത്തില്‍ സിറിയന്‍ ഗവണ്‍മെന്റിന് ഭാഗ്യമായിമാറുകയായിരുന്നു. ഐ.എസിന്റെ ശക്തിദുര്‍ഗങ്ങള്‍ ആക്രമിക്കാനെന്ന ഭാവത്തില്‍ അലെപ്പോയിലും ഹുംസിലും ഇദ്‌ലിബ്ബിലുമൊക്കെ പാറിപ്പറന്ന റഷ്യന്‍ പോര്‍വിമാനങ്ങള്‍ ശരിക്കും ലക്ഷ്യമിട്ടത് അസദിനെതിരെ പോരാടിക്കൊണ്ടിരുന്ന പ്രതിപക്ഷ സേനകളെയായിരുന്നു.
[caption id="attachment_948466" align="aligncenter" width="630"] സമർ യസ്ബക്[/caption]
2011 മാര്‍ച്ചില്‍ സിറിയയില്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ സമര്‍ യസ്ബകും അതില്‍ കണ്ണിചേര്‍ന്നു. പ്രസിഡന്റിന്റെ സമുദായമായ അലവി വിഭാഗത്തില്‍പെട്ടൊരു പെണ്‍കുട്ടി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത് സമുദായ നേതൃത്വത്തെ ചൊടിപ്പിച്ചു. അസദിനെതിരെയുള്ള പ്രക്ഷോഭങ്ങളെയെല്ലാം തീവ്രസലഫി ഇസ്‌ലാമിസ്റ്റ് കലാപങ്ങളെന്ന് മുദ്രകുത്തി അടിച്ചമര്‍ത്താനായിരുന്നു ഭരണകൂടം ശ്രമിച്ചത്. യസ്ബകിനെപ്പോലെ മതജീവിതം നയിക്കാത്ത ആയിരങ്ങള്‍ പങ്കെടുത്തിട്ടും സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ സിറിയന്‍ പ്രക്ഷോഭത്തെ ഇസ്‌ലാമിസ്റ്റ് കലാപമായാണ് ചിത്രീകരിച്ചത്. അതിനാല്‍തന്നെ മറ്റൊരു സിറിയന്‍ കവിയായ അഡോണിസിനെപ്പോലുള്ളവര്‍ ആദ്യഘട്ടം മുതല്‍ തന്നെ സിറിയന്‍ പ്രക്ഷോഭങ്ങളെ തള്ളിപ്പറയുകയായിരുന്നു. എന്നാല്‍ ഇതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ നിലപാടായിരുന്നു യസ്ബകിന്റേത്.
ഭരണത്തലവന്റെ സമുദായാംഗമായൊരു പെണ്‍കുട്ടി പൊട്ടിത്തെറിക്കാന്‍ പോകുന്നൊരു രാജ്യത്തിനകത്ത് നിന്നുകൊണ്ട് സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നത് അറബ് എഴുത്തുകാര്‍ക്കിടയില്‍ അത്ര പരിചിതമായ കാര്യമായിരുന്നില്ല. അതോടെ അലവി സമുദായത്തിലെ 'നല്ല പെണ്ണ്' തീര്‍ത്തുമൊരു 'ബാഡ് ഗേള്‍' ആയിമാറി. രഹസ്യപ്പൊലിസുകാര്‍ യസ്ബകിനെ അറസ്റ്റ് ചെയ്തു. ദമാസ്‌കസിലെ ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫിസര്‍ക്ക് മുന്നില്‍ കണ്ണുകള്‍ കെട്ടിയ നിലയില്‍ ഹാജരാക്കിയപ്പോള്‍ ആദ്യംകേട്ട ചോദ്യം 'നീ സലഫിയാണോ?' എന്നായിരുന്നു. അലവി സമുദായത്തിനാകെ 'അപമാനം' വരുത്തിവയ്ക്കുന്ന രീതിയില്‍ തുടര്‍ന്നും സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയാല്‍ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമാക്കിക്കളയുമെന്നായിരുന്നു ഭീഷണി. തന്റെ മകളെക്കൂടി ഇല്ലാതാക്കിക്കളയുമെന്ന് കേട്ടതോടെ യസ്ബക് തളര്‍ന്നുപോയി. ഈ സംഭവത്തിന്റേതടക്കമുള്ള വിശദാംശങ്ങളടങ്ങിയ കൃതിയാണ് 2012ല്‍ ബൈറൂത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'തഖാതുഅ് നീറാന്‍' (In the Crossfire: Dairies of Syrian Revolution). രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടതോടെ മകളുടെ ജീവന്‍ രക്ഷിക്കാനായി യസ്ബകിന് ഫ്രാന്‍സിലേക്ക് നാടുവിടേണ്ടിവന്നു.
2015 ലാണ് യസ്ബകിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി 'ബവ്വാബ അര്‍ദില്‍ അദം' (The Crossing) പ്രസിദ്ധീകരിക്കപ്പെട്ടത്. തുര്‍ക്കി അതിര്‍ത്തി കടന്ന് രഹസ്യമായി സിറിയക്കുള്ളിലേക്ക് നടത്തുന്ന യാത്രയുടെ ഒരു ഡോക്യുഫിക്ഷന്‍ വിവരണമാണ് ഈ കൃതി. 'വ്രണിത പലായനങ്ങള്‍' എന്ന പേരില്‍ ഹരിതാ സാവിത്രി ഈ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ മികച്ച പൊളിറ്റിക്കല്‍ ക്ലാസിക്കുകളിലൊന്ന് എന്നായിരുന്നു 'ദി ഒബ്‌സര്‍വര്‍' പത്രം ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്.
കലുഷിതമായ സിറിയന്‍ യാഥാര്‍ഥ്യങ്ങളുടെ നേരെ തിരിച്ചുവച്ചൊരു കണ്ണാടിയായിരുന്നു 2017ല്‍ ബൈറൂത്തിലെ ദാറുല്‍ ആദാബ് പ്രസിദ്ധീകരിച്ച 'അല്‍- മശ്ശാഅ' (The Walker) എന്ന നോവല്‍. സിറിയന്‍ പ്രക്ഷോഭം ആരംഭിച്ച ശേഷം സമര്‍ യസ്ബക് എഴുതിയ ഒരേയൊരു മുഴുനീള നോവലായ ഈ കൃതി 2013ല്‍ സിറിയയിലെ ഗൂതയില്‍ നടന്ന രസായുധാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ്.
[caption id="attachment_948468" align="alignleft" width="250"] പുസ്തകത്തിന്‍റെ മലയാള പരിഭാഷ[/caption]
നരകത്തില്‍ പെട്ടുപോയ
മാലാഖ
തികച്ചും സവിശേഷമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന റീമ എന്ന സിറിയന്‍ പെണ്‍കുട്ടിയുടെ കഥയാണ് 'അല്‍- മശ്ശാഅ' പങ്കുവയ്ക്കുന്നത്. ദമാസ്‌കസിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ജറമാന അഭയാര്‍ഥി ക്യാംപിനരികിലുള്ള ഒറ്റമുറി വീട്ടിലാണ് റീമയും അവളുടെ ഉമ്മയും സഹോദരനും കഴിയുന്നത്. ഊമയല്ലെങ്കില്‍ കൂടി റീമ ഒന്നും സംസാരിക്കാറില്ല. എപ്പോഴും നടന്നുകൊണ്ടേയിരിക്കാനാണ് ആഗ്രഹം. അതിനാല്‍ തന്നെ എവിടേക്കെങ്കിലും ഓടിപ്പോകാതിരിക്കാനായി ഉമ്മ അവളെ വീട്ടിനുള്ളിലെ ജനാലയിലോ കട്ടിലിലോ കെട്ടിയിടും. പുറത്തേക്കിറങ്ങിയാലും തന്റെ കൈയ്യോട് ചേര്‍ത്ത് മകളുടെ ഒരു കൈ കയറുകൊണ്ട് എപ്പോഴും കെട്ടിയിരിക്കും. റീമയ്ക്ക് ഭ്രാന്താണെന്നാണ് അയല്‍ക്കാരൊക്കെ കരുതുന്നത്. എന്നാല്‍ അസാമാന്യ സര്‍ഗശേഷിയുള്ളൊരു പെണ്‍കുട്ടിയാണ് താനെന്ന് റീമ തന്റെ കഥ പറയുന്നതിലൂടെ സ്ഥാപിക്കുന്നുണ്ട്.
സ്വസ്ഥമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന റീമയുടെ തലവരയാകെ മാറിമാറിയുന്നതൊരു ചെക്‌പോസ്റ്റില്‍ വച്ചാണ്. വാഹനപരിശോധനക്കിടയില്‍ ബസില്‍നിന്ന് ഇറങ്ങിയോടുന്ന റീമയെ രക്ഷിക്കാനായി പിന്നാലെ ഓടിയ ഉമ്മയ്ക്ക് നേരെ പട്ടാളക്കാരിലൊരാള്‍ വെടിയുതിര്‍ക്കുന്നു. തുടര്‍ന്ന് തീര്‍ത്തും ഭീകരമായ ഒട്ടേറെ അവസ്ഥകളിലൂടെ ആ പെണ്‍കുട്ടിക്ക് കടന്നുപോകേണ്ടിവരുന്നു. ഉറ്റവരും ഉടയവരും ഒന്നൊന്നായി ഇല്ലാതായി കിഴക്കന്‍ ഗൂതയിലെ ഒരച്ചടിശാലയുടെ ഉപേക്ഷിക്കപ്പെട്ട നിലവറയില്‍ ബന്ധനസ്ഥയായിക്കിടന്ന് റീമ തന്റെ കഥ പറയുകയാണ്. കൈയ്യിലാകെയുള്ള നീലപ്പേനയുടെ മഷി തീരുന്നത് വരെ അവള്‍ എഴുതിക്കൊണ്ടേയിരിക്കും. മഷിക്കൊപ്പം തീരുന്നത് അവളുടെയും സിറിയയിലെ ഗതികെട്ട ജനതയുടെയും ജീവിതം കൂടിയായിരിക്കുമോ?
മരണം പെയ്തിറങ്ങിയ രാവ്
ഒട്ടേറെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന നോവലിലെ ശ്രദ്ധേയമായൊരു ഭാഗം കിഴക്കന്‍ ഗൂത പട്ടണത്തില്‍ നടന്ന രാസാക്രമണ സംഭവവുമായി ബന്ധപ്പെട്ട വിവരണമാണ്. 1980-88 കാലയളവില്‍ നടന്ന ഇറാന്‍- ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട രാസായുധാക്രമണങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം മനുഷ്യജീവനുകള്‍ പൊലിഞ്ഞ നിഷ്ഠൂര സംഭവമായിരുന്നു 2013 ഓഗസ്റ്റ് 21ന് രാത്രി ദമാസ്‌കസിനരികിലുള്ള കിഴക്കന്‍ ഗൂതയില്‍ അരങ്ങേറിയത്. ഒരു ഡസനോളം റോക്കറ്റുകളാണ് സരീന്‍ എന്ന വിഷവാതകവുമായി ആ രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജനങ്ങള്‍ക്ക് മേല്‍ പെയിതിറങ്ങിയത്. 281 മുതല്‍ 1729 വരെ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞുപോയെന്നാണ് വിവിധ ഏജന്‍സികള്‍ നിരത്തിയ കണക്കുകള്‍. സിറിയന്‍ സൈന്യം ഉപരോധം തീര്‍ത്തിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. ഉറക്കത്തില്‍ തന്നെ നൂറുകണക്കിന് മനുഷ്യര്‍ അതിവിഷബാധയേറ്റ് മരിച്ചു. സര്‍ക്കാര്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ലോകം മുഴുവന്‍ പറഞ്ഞെങ്കിലും സിറിയന്‍ ഭരണകൂടവും അവരുടെ സഖ്യകക്ഷികളും ആക്രമണത്തിന്റെ ഉത്തരവാദിത്തം വിമതരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുകയായിരുന്നു.
ജീവിതം യാതനാപര്‍വം
നിലയ്ക്കാത്ത സ്‌ഫോടനശബ്ദങ്ങളുടെയും പോര്‍വിമാനങ്ങളുടെ ഹുങ്കാരത്തിനും കീഴിലിരുന്നാണ് റീമ തന്റെ കഥ എഴുതുന്നത്. നിറങ്ങളേയും ചിത്രംവരയേയും അങ്ങേയറ്റം പ്രണയിക്കുകയാണവള്‍. അത്ഭുതലോകത്തെത്തിയ 'ആലീസി'നെപ്പോലെ തന്നെയാണ് താനെന്ന് അവള്‍ സങ്കല്‍പിക്കുന്നു. വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളുമായി സംസാരിക്കുന്നതാണ് പ്രധാന വിനോദം. അറബി നാടോടിക്കഥയിലെ ശാതിര്‍ ഹസനും, ഫ്രഞ്ച് കഥയായ 'ദി ലിറ്റില്‍ പ്രിന്‍സി'ലെ അന്യഗ്രഹത്തില്‍നിന്ന് ഭൂമി സന്ദര്‍ശിക്കാനെത്തുന്ന രാജകുമാരനുമൊക്കെയാണ് അവള്‍ക്കാകെ ആശ്വാസമാകുന്നത്. ഇത്തരത്തില്‍ തീര്‍ത്തും സര്‍റിയലിസ്റ്റിക്കായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ നോവലിലുടനീളം സൃഷ്ടിക്കാന്‍ സമര്‍ യസ്ബക് ശ്രമിച്ചിട്ടുണ്ട്.
ജീവിതത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ടവര്‍ ഓരോരുത്തരായി അപ്രത്യക്ഷരാകുന്നത് നിസഹായയായി നോക്കിനില്‍ക്കാനേ റീമയ്ക്കാകുന്നുള്ളൂ. 'തിരോധാനം' ശക്തമായൊരു മെറ്റഫര്‍ ആയി നോവലില്‍ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നു. സിറിയന്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കെ 2013ല്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മനുഷ്യാവകാശ പ്രവര്‍ത്തകയായ റസാന്‍ സൈത്തൂനയ്ക്കാണ് യസ്ബക് ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത് തന്നെ. റസാനയ്ക്ക് എന്ത് സംഭവിച്ചിരിക്കുമെന്ന് ഇന്നും ആര്‍ക്കുമറിയില്ല. സ്വന്തം ജനതയെ തീതുപ്പുന്ന യന്ത്രപ്പക്ഷികളെ ഉപയോഗിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്ന, തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ മാത്രം എവിടെത്തിരിഞ്ഞാലും കാണുന്ന ഒരു നാട് സിറിയയല്ലാതെ ലോകത്ത് വേറെയൊന്നുണ്ടാകില്ല. 2015ലെ സാഹിത്യ നൊബേല്‍ ജേതാവായ ബെലറൂസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ The Last Witness (1985) ലേത് പോലെ യുദ്ധകാലത്തെ കുട്ടികളുടെ അനുഭവ വിവരണങ്ങളെ അനുസ്മരിപ്പിക്കുന്ന ആഖ്യാന ശൈലിയാണ് 'അല്‍- മശ്ശാഅ'യ്ക്കുള്ളത്.
വെള്ളവും വൈദ്യുതിയും തടയപ്പെട്ട് മാസങ്ങളോളം ഉപരോധിതരായി കഴിയുന്ന ഒരു ജനതയ്ക്ക് മേല്‍ യുദ്ധവിമാനങ്ങള്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുകയാണ്. ചത്ത് മലച്ചുകിടക്കുന്ന മനുഷ്യരുടെ മാംസം കടിച്ചുകീറിത്തിന്ന് വിശപ്പടക്കാന്‍ ശ്രമിക്കുന്ന തെരുവ് നായകളാണ് ചുറ്റും. തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയില്‍ മരിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒരേയൊരു മോഹമേയുണ്ടാകൂ. ഈ ഉപരോധത്തില്‍ നിന്നെങ്ങനെയെങ്കിലും കുതറിയോടി രക്ഷപ്പെടണം. ആ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെ പ്രതീകമാണ് റീമ എന്ന പെണ്‍കുട്ടി! ഓരോ കാലടിയിലും മരണം പതിയിരിക്കുന്ന, കാട്ടുപുല്ലുകള്‍ തിന്ന് വിശപ്പടക്കാന്‍ വിധിക്കപ്പെട്ട മനുഷ്യജന്മങ്ങള്‍ നരകീയ ജീവിതം നയിക്കുന്നൊരു ഭൂമികയിലേക്കാണ് കഥാകാരി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."