HOME
DETAILS
MAL
എന്റെ രാജ്യത്തിനായി ഞാന്‍ പാടുകയാണ്
backup
May 23 2021 | 05:05 AM
എന്റെ ബോട്ട് ശരിയാക്കുകയായിരുന്നു ഞാന്‍. ഒപ്പം കാലങ്ങളായി വലിയ പച്ച പതാക ഉയര്‍ത്തി കടലില്‍ നില്‍ക്കുകയും ഇടക്കിടെ ഞങ്ങളിലേക്ക് വന്നുപോകുകയും ചെയ്യാറുള്ള കപ്പലിലേക്ക് ഞാന്‍ നോക്കുന്നുണ്ട്. പതാകകള്‍ പറക്കുന്ന കപ്പലുകള്‍. ചിലതിന് പച്ചയും മറ്റു ചിലതിന് രാജ്യങ്ങളുടെ പതാകകളും ഉണ്ട്. എന്റെ നഗരമായ ഗാസയുടെ തീരത്തിന് അഭിമുഖമായി ദിവസങ്ങളോളം നില്‍ക്കുകയും പിന്നെ അവ അകലുകയും ചെയ്യാറുണ്ട്.
ഞാന്‍ ആവര്‍ത്തിച്ച് എന്റെ കൈ ഉയര്‍ത്തും. കപ്പലിലെ ആരെങ്കിലും എന്നെ കാണുന്നുണ്ടോ എന്ന് എനിക്കറിയില്ല. വലിയ ശബ്ദത്തില്‍ നിലവിളിക്കുകയും ചെയ്യും. ഒരു പ്രതികരണവും ഉണ്ടാകാറില്ല.
ഞാനെന്റെ ബോട്ടിലേക്ക് നോക്കി. വെടിയേറ്റത് കാരണം ഇപ്പോഴുമതിന് ദ്വാരങ്ങളുണ്ടെന്നത് ഞാന്‍ ശ്രദ്ധിച്ചു. ഹെലികോപ്റ്ററില്‍ നിന്ന് വെടിയുതിര്‍ത്തതാണ്. ശരിയാക്കുകല്ലാതെ മറ്റൊരു മാര്‍ഗമില്ല. കാരണം എനിക്കിത് ഒഴിവാക്കാന്‍ ആവില്ല. മറ്റൊന്ന് വാങ്ങാന്‍ പണവുമില്ല.
ഞാന്‍ പാടിക്കൊണ്ട് ജോലി തുടര്‍ന്നു:
'നിവര്‍ന്നും
തല ഉയര്‍ത്തിയും
ഞാന്‍ നടക്കുകയാണ്...
കൈപ്പത്തിയില്‍ ഒലീവ് കമ്പും ചുമലില്‍ എന്റെ ശവപ്പെട്ടിയുമുണ്ട്...
ഞാന്‍ നടക്കുകയാണ്... നടക്കുകയാണ്...'
ഹെലികോപ്റ്ററുകളുടെ അലര്‍ച്ച കേട്ടപ്പോള്‍ ഞാന്‍ പാട്ട് നിര്‍ത്തി. ശബ്ദം വരുന്ന ദിശയിലേക്ക് നോക്കിയപ്പോള്‍ മൂന്നെണ്ണം പടിഞ്ഞാറ് നിന്ന് ഞങ്ങളുടെ അടുത്തേക്ക് വരികയാണ്. താഴേക്ക് പറക്കുകയും കറുപ്പ് പരത്തുന്ന വിധം കട്ടിയുള്ള പുക പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. എന്റെ മാതൃരാജ്യത്തിന്റെ ശ്വാസകോശത്തെ വിഷലിപ്തമാക്കുകയാണ് അവ.
ഞാന്‍ വീട്ടിലേക്ക് ഓടി. അതിന്റെ തകര്‍ന്ന ഭാഗത്തേക്ക്. എന്റെ മുറിയിലേക്ക് പ്രവേശിച്ചു കട്ടിലിനടിയില്‍ നിന്ന് മുത്തച്ഛന്റെ തോക്ക് പുറത്തെടുത്തു. രണ്ട് ഉണ്ടകള്‍ അതില്‍ നിറച്ചു. മൂന്നെണ്ണം പാന്റ്‌സിന്റെ പോക്കറ്റിലും ഇട്ടു പുറത്തേക്ക് ഓടി. പുറത്തിറങ്ങാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം അവള്‍ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അവള്‍ എന്നെ നോക്കുകയാണ്. അന്ന് എന്റെ സഹോദരന്റെ മുറിയായിരുന്നു ലക്ഷ്യം. ധാരാളം പൊടിപടലങ്ങള്‍ കാരണം അവളുടെ സ്വര്‍ണമുടി ചാരനിറത്തിലേക്ക് രൂപം മാറിയിട്ടുണ്ട്. അവളുടെ മെലിഞ്ഞതും വെളുത്തതുമായ ശരീരം മണ്ണ് കാരണം മൂടപ്പെട്ടിരിക്കുന്നു. മുന്‍പുണ്ടായതുപോലെ ഞാന്‍ പല തവണ കരഞ്ഞു. നാലു വര്‍ഷം മുന്‍പാണ് അവളുടെ പിതാവിന്റെ നേര്‍ക്ക് ഇഴയുന്ന സമയം ഞാനവളെ ആകസ്മികമായി കണ്ടത്. പക്ഷേ, കാലില്‍ നില്‍ക്കുന്നതിന്റെയോ കാലുകളില്‍ നടക്കുന്നതിന്റെയോ സന്തോഷം അവള്‍ ആസ്വദിച്ചിട്ടില്ലായിരുന്നു. ഹെലികോപ്റ്ററില്‍ നിന്ന് വെടിയുതിര്‍ത്ത ഷെല്ല് അവളെ ഞങ്ങളില്‍ നിന്ന് അടര്‍ത്തി. വീട്ടിലില്ലാത്ത എന്റെ സഹോദരന്‍ ആയിരുന്നു അന്നത്തെ ലക്ഷ്യം. മേല്‍ക്കൂര അവളുടെയും ഉമ്മയുടെയും മേല്‍ ഇടിഞ്ഞുവീണു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഞാനവളെ പുറത്തെടുത്തു. അഴുക്ക് തുടച്ചു. തലമുടിയില്‍ നിന്ന് പൊടി തട്ടി. ചേര്‍ത്തുവച്ച് ഞാനവളുടെ വേര്‍പാടില്‍ കരഞ്ഞു. അവള്‍ പുഞ്ചിരിയോടെ എന്നെ നോക്കുന്നുണ്ട്. ഞാന്‍ അവളുടെ ഉമ്മയെ ചുറ്റും അന്വേഷിച്ചു. അവരുടെ തലയും വലതുകൈയും അല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല. വീടിന്റെ മുറി പരിശോധിച്ചു. ഓര്‍മയ്ക്കായി 'ഹയാത്ത്' എന്ന് പേരിട്ട ഒരു തൂണല്ലാതെ മറ്റൊന്നുമില്ല അവിടെ.
വീശിയടിക്കുന്ന കാറ്റുപോലെ അടുത്തുവരുന്ന ഹെലികോപ്റ്ററുകളിലേക്ക് തോക്കിന്റെ മുന ചൂണ്ടിക്കൊണ്ട് വീട്ടില്‍ നിന്ന് ഞാന്‍ പുറത്തു ചാടി. വിളികള്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ പിന്‍വാങ്ങിയില്ല. മുന്നറിയിപ്പുകള്‍ വന്നിട്ടും ഞാനൊരു മതിലിന്റെ പിന്നിലും അഭയം പ്രാപിച്ചില്ല. മുന്നില്‍ തന്നെ നിന്നു. കൂടുതല്‍ അടുക്കാനായി കമാന്‍ഡര്‍ തന്റെ രണ്ടു കൈകൊണ്ട് എന്നെ ചൂണ്ടിക്കാണിക്കുന്നത് കണ്ടു. ഞാനവന് നേരെ രണ്ട് തവണ വെടിവച്ചു. രണ്ട് വെടിയുണ്ടകള്‍ നിറച്ച് വീണ്ടും വെടിവച്ചു. അവസാനത്തെ വെടിയും ഉതിര്‍ത്തു. അവന്‍ എന്നെ ലക്ഷ്യമാക്കി ധാരാളം വെടിയുണ്ടകള്‍ പ്രയോഗിച്ചുകൊണ്ടിരുന്നു. അവയില്‍ ചിലത് എന്റെ ശരീരത്തില്‍ സ്ഥിരതാമസമാക്കി. അവ എന്റെ രക്തത്തില്‍ നിന്ന് പൊട്ടിത്തെറിക്കുന്ന അഗ്‌നിപര്‍വതങ്ങള്‍ സൃഷ്ടിച്ച് എന്റെ ശരീരത്തിന് മുകളിലൂടെ ഒഴുകുകയാണ്. മണ്ണിന്റെ അഗാതതയില്‍ മഞ്ഞുകണം പോലെ വീഴുകയാണ്. പുഞ്ചിരിച്ച് കൊണ്ട് ഇരുസാക്ഷ്യ വചനങ്ങള്‍ ഉച്ചരിച്ച് ഞാന്‍ പാടികൊണ്ടിരുന്നു:
'കൈ... പ്പ... ത്തി... യി... ല്‍... ഒ... ലീ... വ്... ക... മ്പും... ചു... മ... ലി...ല്‍... എ... ന്റെ... ശ... വ... പ്പെ... ട്ടി... യു... മു...ണ്ട്... ഞാ... ന്‍... ന... ട... ക്കു... ക... യാ... ണ്...'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."