ചുവടുവയ്പുകൾ ആസൂത്രിത പദ്ധതികളിലൂടെ
കെ.എ സലിം
വാരാണസിയിലെ പൊള്ളുന്ന പകലിൽ അതീവ സുരക്ഷയിലായിരുന്നു ജ്ഞാൻവാപി പള്ളിയിലെ സർവേ. പള്ളിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പൊലിസ് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. പ്രവേശന കവാടവും പരിസരവും പൂർണമായും അടച്ചിരുന്നു. എന്നാൽ, പള്ളിയോടുചേർന്ന വിശ്വനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് തടസമില്ലായിരുന്നു. പള്ളിക്കുള്ളിൽ വുദൂഖാനയിലെന്നല്ല, ഒരിടത്തും വിഗ്രഹത്തിന്റെയോ മറ്റു ഹിന്ദു ആരാധനാ മൂർത്തികളുടേയോ രൂപങ്ങൾ ഒന്നും തന്നെയില്ലെന്ന് അൻജുമൻ ഇൻതിസാമിയ കമ്മിറ്റിയുടെ വക്താവും ജോയിന്റ് സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് യാസീൻ ആവർത്തിച്ചു പറയുന്നു.
ഞങ്ങൾ കാണാത്ത, പരിശോധിക്കാത്ത ഒരിടവും പള്ളിയിലില്ല. പള്ളിമതിലിൽ ക്ഷേത്രമുണ്ടെന്നും പൂജ നടത്തണമെന്നുമാണ് സംഘ്പരിവാറിന്റെ അവകാശവാദം. അത് ക്ഷേത്രമോ അതിന്റെ അവശിഷ്ടങ്ങളോ അല്ലെന്ന് ആവർത്തിക്കുകയാണ് മുഹമ്മദ് യാസീൻ. അതിന് താഴെയുള്ളത് നൂറുവർഷത്തിലധികം പഴക്കമുള്ള രണ്ടു ഖബറുകളാണ്. ഈ ഖബറിൽ അടക്കം ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ ജീവിച്ചിരിപ്പുണ്ട്. പള്ളിക്കമ്മിറ്റി അഭിഭാഷകൻ അഭയ്‌നാഥ് യാദവും ഇക്കാര്യം ശരിവയ്ക്കുന്നു. പള്ളിക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിയും ജിതേന്ദ്രവ്യാസെന്ന വ്യക്തിയും സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. ബാബരിയിൽ രാമനായിരുന്നെങ്കിൽ ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജൻമഭൂമിയാണെന്നാണ് അവകാശവാദം. ജ്ഞാൻ വാപിലെത്തുമ്പോഴാവട്ടെ അത് സ്വയംഭൂവായ ശിവനാണ്.
ബാബരിയെക്കാൾ ആസൂത്രിതമാണ് ജ്ഞാൻവാപിക്കെതിരായ സംഘ്പരിവാർ നീക്കം. ജ്ഞാൻവാപി കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ്. 2019 മാർച്ചിൽ നരേന്ദ്രമോദി 600 കോടിയുടെ കാശി വിശ്വനാഥ കോറിഡോറിന് തറക്കല്ലിട്ടു. ഇതിനുവേണ്ടി കാശി വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുക്കണം. ചുറ്റുമുള്ള 300 വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കണം. ഈ 45,000 ചതുരശ്ര അടിക്കുള്ളിലാണ് ജ്ഞാൻവാപി സ്ഥിതിചെയ്യുന്നത്. കോറിഡോർ പദ്ധതി നരേന്ദ്രമോദി 2019ൽ ഉദ്ഘാടനം ചെയ്തതിനുപിന്നാലെ പദ്ധതിയൂടെ രൂപരേഖ വിഡിയോ പ്രധാനമന്ത്രി തന്നെ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ബ്ലൂ പ്രിന്റിൽ പള്ളിയുണ്ടായിരുന്നില്ല. പള്ളി നിന്ന സ്ഥലത്തെ ക്ഷേത്രത്തിന്റെ ഭാഗമായാണ് ഉൾപ്പെടുത്തിയത്. അതായത് ക്ഷേത്രത്തി ന്റെ വികസനപദ്ധതിയിൽ പള്ളി നിന്ന ഭൂമി കൂടി ഉൾപ്പെടുത്തിയാണ് നരേന്ദ്രമോദി പദ്ധതി തയാറാക്കിയത് എന്ന് ചുരുക്കം.
സർവേപ്രകാരം 8,276ാം നമ്പർ ഭൂമിയാണ് ജ്ഞാൻവാപിയുടേത്. അടുത്തുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റേത് 8,263ാം നമ്പർ ഭൂമിയാണ്. അയോധ്യ സിർഫ് ജാൻകി ഹെ, കാശി മഥുര ബാക്കി ഹെ...(അയോധ്യ വെറുമൊരു സൂചന മാത്രമാണ്. കാശിയും മഥുരയും ബാക്കിയുണ്ട്) എന്നതായിരുന്നു ബാബരി മസ്ജിദ് തകർത്ത ശേഷം സംഘ്പരിവാർ ഉയർത്തിയ മുദ്രാവാക്യം. ഇതോടെ, ബാബരി പള്ളി തകർത്തതിനുപിന്നാലെ ജ്ഞാൻവാപി മസ്ജിദ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 1993ൽ അൻജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ജില്ലാ ഭരണകൂടത്തെ സമീപിച്ചു. ജ്ഞാൻവാപി പള്ളി തകർത്ത് അതിന്റെ ഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിന് 86 വർഷം പഴക്കമുണ്ട്. 1936ൽ ബ്രിട്ടീഷ് ഭരണകാലത്താണ് പള്ളിയുടെ ഭൂമിയിൽ സംഘ്പരിവാർ സംഘടനകൾ ആദ്യമായി അവകാശവാദമുന്നയിക്കുന്നത്. കേസിലെ സിവിൽ കോടതി വിധി മുസ് ലിംകൾക്ക് അനുകൂലമായിരുന്നു. അത് പള്ളിയല്ലാതെ മറ്റൊന്നുമല്ലെന്നും മറ്റാർക്കും അവകാശവാദമുന്നയിക്കാൻ പറ്റില്ലെന്നുമായിരുന്നു വിധി. ഇതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും സിവിൽകോടതി വിധി ശരിവച്ചു. അവിടുന്നിങ്ങോട്ട് പല രീതിയിൽ പള്ളി കൈവശപ്പെടുത്താൻ സംഘ്പരിവാർ ശ്രമിക്കുന്നുണ്ട്. 1984ൽ ഡൽഹിയിൽ ചേർന്ന 558 ഹിന്ദു പുരോഹിതൻമാരുടെ യോഗം ബാബരി മസ്ജിദ്, ജ്ഞാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് എന്നിവയ്ക്കു മേൽ അവകാശവാദമുന്നയിക്കാൻ തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായി 1991ൽ സോമനാഥ് വ്യാസെന്ന ആർ.എസ്.എസ് നേതാവ് സ്വയംഭൂവായ ശിവഭഗവാന്റെ പേരിൽ സിവിൽ കോടതിയിൽ മറ്റൊരു കേസ് ഫയൽ ചെയ്തു.
ക്ഷേത്രഭൂമി കൈവശപ്പെടുത്തിയാണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് 2019ൽ വിജയ് ശങ്കർ രസ്‌തോഗി എന്നയാൾ സ്വയംഭൂവായ ഭഗവാൻ വിശ്വേശരന്റെ പേരിൽ വാരാണസി സിവിൽ കോടതിയെ സമീപിച്ചു. ക്ഷേത്രം തകർത്ത് നിർമിച്ചതാണ് പളള്ളിയെന്ന് ബോധ്യമാകാൻ ആർക്കിയോളജിക്കൽ സർവേ നടത്തണമെന്നും ഹരജി ആവശ്യപ്പെട്ടു. തുടർന്ന് പള്ളിക്കുള്ളിൽ ആർക്കിയോളജിക്കൽ സർവേ നടത്താൻ അതേവർഷം ഏപ്രിലിൽ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരേ അൻജുമൻ ഇൻതിസാമിയ കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി വഖ്ഫ് ബോഡും നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രകാശ് പാഡിയ ആർക്കിയോളജിക്കൽ സർവേ തടഞ്ഞു. ഇതിനു പിന്നാലെയാണ് വരാണസിയിൽ സ്ഥിരതാമസമാക്കിയ ഡൽഹി സ്വദേശികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പദക് എന്നീ അഞ്ചു സ്ത്രീകൾ പള്ളിക്കുള്ളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യമായതും അല്ലാത്തതുമായ വിഗ്രഹങ്ങൾ മുമ്പാകെ പൂജ നടത്തണമെന്ന ആവശ്യവുമായി സിവിൽ കോടതിയിൽ ഹരജി ഫയൽ ചെയ്തത്. ഈ ഹരജിയിലാണ് ഇപ്പോഴത്തെ വിവാദമായ അഭിഭാഷക സർവേ നടന്നത്.
(തുടരും)
കൂടുതല്‍ വായനക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."