മോദിയും പ്രഫുല്‍ പട്ടേലും നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ടയില്‍ ഞെരിഞ്ഞമരുന്ന ലക്ഷദ്വീപ്; ഭയാശങ്കയില്‍ മുങ്ങി ഒരു ജനത
സമാധാനത്തിന്റെ ഇളംകാറ്റ് തലോടിക്കൊണ്ടിരുന്ന ഒരു നാടായിരുന്നു അത്. പടച്ചോന്റെ മനസ്സുള്ള കുറേ ആള്‍ക്കാര്‍. നന്മയും സ്‌നേഹവും പെയ്യുന്ന നാട്. എന്തിനേറെ മോഷണം, അടിപിടി, അക്രമം, കൊലപാതകം തുടങ്ങി യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമെന്ന് വിളിക്കാന്‍ സാധിക്കുന്ന സ്ഥലം. ഇതായിരുന്നു ലക്ഷദ്വീപ്. ദ്വീപിലെ ഒഴിഞ്ഞുകിടക്കുന്ന ജയിലും ക്രിമിനല്‍ കേസുകളൊന്നുമില്ലാത്ത പൊലിസ് സ്റ്റേഷനും പുറത്തുനിന്നെത്തുന്നവര്‍ക്ക് കൗതുകമാണ് പുറത്തു നിന്ന് വരുന്നവര്‍ക്ക്.
എന്നാല്‍ സമാധാനത്തിന്റെ ആ നിറതെളിച്ചത്തിനു മേല്‍ ഇപ്പോള്‍ കാര്‍മേഘം മൂടിയിരിക്കുന്നു. ദിനംപ്രതി മാറുന്ന നിയമങ്ങള്‍, സമരം ചെയ്താല്‍ പോലും തടവിലാക്കുന്ന ഭരണകൂടം, കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ആശങ്ക, പുതിയ നിയമങ്ങള്‍ കെട്ടിപ്പെടുക്കുമ്പോള്‍ ഉപജീവനമാര്‍ഗം തന്നെ ഇല്ലാതാകുമോ എന്ന ഭയം...തൊണ്ണൂറ്റി ഒമ്പതു ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിലെ ജനത ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഞെരിഞ്ഞമരുകയാണ്. സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ടയില്‍ ശ്വാസം മുട്ടുകയാണ് ഇന്ത്യയിലെ ആ കുഞ്ഞുദ്വീപ്.
സ്വസ്ഥതക്കുമേല്‍ കരിനിഴലായത് മോദിയുടെ വിശ്വസ്തന്റെ വരവ്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായുള്ള പ്രഫുല്‍ കെ. പട്ടേലിന്റെ വരവാണ് ഇവിടുത്തെ കാര്യങ്ങള്‍ മാറ്റിമറിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ അധികാരമേല്‍ക്കുന്നത്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുല്‍ കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ എന്ന അധിക ചുമതല കൂടി നല്‍കുകയായിരുന്നു. 2020 ഡിസംബര്‍ അഞ്ചിനായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയും മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്നു പ്രഫുല്‍ പട്ടേല്‍.
കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു പ്രഫുല്‍ പട്ടേലിന്റെ ദ്വീപിലേക്കുള്ള അരങ്ങേറ്റം പോലും. രാജ്യം മുഴുവന്‍ കൊവിഡ് വ്യാപിച്ചപ്പോഴും ഒരു വര്‍ഷത്തോളം ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല ഇവിടെ. എന്നാല്‍ പുതിയ അഡ്മിനിസ്ട്രേറ്ററും സംഘവും ദ്വീപിലെത്തിയതിന് പിന്നാലെ സ്ഥിതിമാറി. കൊവിഡും കേസുകളും പിന്നാലെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഗുണ്ടാ നിയമം, അറസ്റ്റ്; കളവ് കേസുപോലുമില്ലാത്ത ദ്വീപിലെ പ്രഫുല്ലിന്റെ ആദ്യപരിഷ്‌ക്കാരം
ജനങ്ങള്‍ നേരത്തെ പൗരത്വ സമരകാലത്ത് സ്ഥാപിച്ച മോദിക്കെതിരായ എന്‍.ആര്‍.സി സി.എ.എ വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്യലാണ് പ്രഫുല്‍ അധികാരമേറ്റ ചെയ്ത ആദ്യത്തെ നടപടി. ഗുണ്ടാ ആക്ട് നടപ്പിലാക്കിയതാണ് ആദ്യത്തെ നിയമപരിഷ്‌കാരം. അതും കളവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നാട്ടില്‍. കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം പ്രതിരോധിക്കുക എന്നതാണ് പ്രഫുല്‍ പട്ടേലിന്റെ ലക്ഷ്യമെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു. കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത ദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ട് എന്ന ചോദ്യത്തിന് മുന്നില്‍ മൗനം പാലിക്കുകയാണ് ഭരണകൂടം.
സമാധാനപരമായ അന്തരീക്ഷമുള്ള സീറോ ക്രൈം റേറ്റുള്ള പ്രദേശത്ത് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ലക്ഷദ്വീപ് പോലൊരു പ്രദേശത്ത് ഇത്തരം നിയമങ്ങള്‍ അവതരിപ്പിക്കേണ്ടതില്ലെന്നും അവ ദ്വീപിലെ പൗരന്മാര്‍ക്കിടയില്‍ കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലിസിന് കവരത്തിയിലെ ജില്ലാ പഞ്ചായത്ത് അധികൃതര്‍ കത്തയക്കുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.
മദ്യമൊഴുക്കി മാംസം നിരോധിച്ചു....
മദ്യത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു ദ്വീപില്‍. 99 ശതമാനം മുസ്‌ലിങ്ങളുള്ള നാട്ടില്‍ ഇത് സ്വാഭാവികവുമാണ്. ഈ നിയന്ത്രണങ്ങള്‍ പ്രഫുല്‍ പട്ടേല്‍ എടുത്തുമാറ്റി. വ്യക്തി സ്വാതന്ത്ര്യത്തിന്‍രെ പേര് പറഞ്ഞായിരുന്നു നീക്കം. എന്നാല്‍ അതിനു പിന്നിലെ പ്രേരണ തീര്‍ത്തും വ്യക്തം. ദ്വീപ് ജനതയുടെ വിശ്വാസങ്ങളെ പോറലേല്‍പ്പിക്കുക എന്നതു തന്നെയായിരുന്നു ഈ നീക്കത്തിനു പിന്നിലെ ഉദ്ദേശമെന്ന് തീര്‍ത്തു വിശ്വസിക്കുന്നു അവിടുത്തെ ജനത. ഭക്ഷണത്തിനു മേലായിരുന്നു പ്രഫുലിന്റെ അടുത്ത അധികാരപ്രയോഗം. ആദ്യം ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭക്ഷ്യമെനുവില്‍ നിന്നും മാംസാഹാരങ്ങളെ പൂര്‍ണമായും ഒഴിവാക്കി. ശേഷം ദ്വീപില്‍ മുഴുവനായും ഗോവധ നിരോധനം നടപ്പാക്കുന്നതിനുള്ള നീക്കങ്ങളും പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്നു.
പശുക്കളെ കശാപ്പ് ചെയ്യുന്നത് വര്‍ഷങ്ങള്‍ നീണ്ട തടവു ശിക്ഷക്ക് കാരണമാകുന്ന കുറ്റമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് പ്രഫുല്‍ പട്ടേല്‍ നടത്തിയത്. മറ്റു മൃഗങ്ങളെ കശാപ്പ് ചെയ്യാനും അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു.
ദ്വീപിനെ വരിഞ്ഞു മുറുക്കുന്ന കരടു നിയമങ്ങള്‍
പഞ്ചായത്ത് റെഗുലേഷന്റെ മേലും സഹകരണ സംഘങ്ങളുടെ മേലും ദ്വീപ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.
രണ്ടിലധികം കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കുന്നതിന്റെ കരട് നിയമം 2021ല്‍ ദ്വീപ് ഭരണകൂടം അവതരിപ്പിച്ചു. ഭാവിയില്‍ രണ്ടിലധികം കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാക്കുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. ഒറ്റ പ്രസവത്തില്‍ ഇരട്ട കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ നിന്നും ഇളവ് ലഭിക്കുന്നത്. ദ്വീപിലെ സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന നിയമത്തിന്റെ കരടും പുറത്തിറക്കിയിരുന്നു.
ഉപജീവനമാര്‍ഗവും ഇല്ലാതാവുമോ..ആശങ്കയില്‍ ജനങ്ങള്‍
ഉപജീവനമാര്‍ഗം നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് ദ്വീപിലെ മത്സ്യതൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍. പതിയെ പതിയെയുള്ള നിയന്ത്രണങ്ങള്‍ ഇന്നവരുടെ തൊഴില്‍ തന്നെ ഇല്ലാതാക്കിയേക്കാവുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുകയാണെന്ന് അവര്‍ പറയുന്നു. 2011ലെ നിയമ പ്രകാരം 50 മീറ്ററിനടുത്ത കോസ്റ്റല്‍ റെഗുലേറ്ററി സോണുകളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ പാടില്ല എന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്നു. പിന്നീടിത് 20 മീറ്ററാക്കി മാറ്റി. പക്ഷേ അപ്പോഴും കടലിനോട് ചേര്‍ന്ന് ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് തങ്ങളുടെ ഉപജീവന മാര്‍ഗത്തിന് ആവശ്യമായ വലകളും മറ്റ് ഉപകരണങ്ങളുമൊന്നും കടല്‍ തീരത്തിനടുത്ത് സൂക്ഷിക്കുന്നതില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഇതെല്ലാം ഉള്ളതെന്ന് പറഞ്ഞ് മത്സ്യ ബന്ധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഉപയോഗിച്ച ഷെഡുകളുള്‍പ്പെടെ ദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചു കളയുകയാണ്.
പ്രതിസന്ധികളോട് പൊരുതി ഏറെ വ്യാഴവട്ടങ്ങള്‍ കൊണ്ട് ജീവിതം കരുപ്പിടിപ്പിച്ചതാണ് ഈ ജനത. മത്സ്യബന്ധനവും കൃഷിയും ജീവിതോപാധിയാക്കിയ സാധാരണക്കാര്‍. തന്റെ അധികാരമുപയോഗിച്ച് ഫ്രഫുല്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവുമുള്ള ഒരു നാടിനെയും സമാധാനം നിറഞ്ഞ അവിടുത്തെ സാമൂഹികാന്തരീക്ഷത്തെയുമാണ്. ഇതനുവദിച്ചു കൂടാ. സംഘ് ഭരണകൂട ഭീകരത തകര്‍ത്തു കൊണ്ടിരിക്കുന്ന ലക്ഷദ്വീപ് ജനതക്കായി രാജ്യമെങ്ങും ഉയരേണ്ടതുണ്ട് സമരശബ്ദങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."