കേരളത്തിന്റെ സാംസ്‌കാരിക അവസ്ഥ അപകടകരമാകുന്നു: മന്ത്രി
തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക അവസ്ഥ അപകടകരമായി നീങ്ങുകയാണെന്നും ഇതില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വലുതാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗവ.ട്രെയ്‌നിങ് കോളജില്‍ അഴീക്കോട് നവതി ആഘോഷവും വിചാരസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കച്ചവടവും വര്‍ഗീയതയുമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ പ്രതിലോമകരമായ മാറ്റങ്ങളില്‍ സുകുമാര്‍ അഴീക്കോട് ഏറെ ദുഃഖിതനായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലും ലോകത്തെവിടെയും സാംസ്‌കാരിക വൈവിധ്യം പരിരക്ഷിച്ചുകൊണ്ടു മാത്രമേ മാനവരാശിയുടെ ക്ഷേമം ഉറപ്പുവരുത്താനാവൂവെന്ന് അധ്യക്ഷത വഹിച്ച ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.പി അബ്ദുസമദ് സമദാനി അഭിപ്രായപ്പെട്ടു.
ബഹുസ്വരതക്കും മതേതരത്വത്തിനുമെതിരേ വിവിധ കോണുകളില്‍ നിന്ന് വെല്ലുവിളികള്‍ ഉയരുന്ന ഇക്കാലത്ത് സംസ്‌കാരങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമിടയില്‍ സൗഹൃദവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. സംസ്‌കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങളാണ് ഇന്ത്യയെ ശക്തവും സമ്പന്നവുമാക്കിയത്. ഈ വൈവിധ്യത്തിന്റെ മാഹാത്മ്യം തന്നെ എഴുത്തിലും പ്രസംഗത്തിലും അഴീക്കോട് ശക്തമായി പ്രതിഫലിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അഴീക്കോട് സ്മാരക പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."