സ്കോട്ട്ലന്‍ഡിനെ ഇനി ഹംസ യൂസുഫ് നയിക്കും; പടിഞ്ഞാറന്‍ യൂറോപ്പിലെ ആദ്യ മുസ്ലിം നായകന്
സ്കോട്ട്ലന്‍ഡ്: സ്കോട്ട്ലന്‍ഡിലെ ഭരണകക്ഷിയായ സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി തലവനായി ഹംസ യൂസുഫ്. പാര്‍ട്ടിയിലെ പ്രമുഖരായ കേറ്റ് ഫോബ്സ്, ആഷ് റീഗന് എന്നിവരെ പരാജയപ്പെടുത്തിയാണ് പാകിസ്താന് വംശജനായ ഈ 37കാരന് തെരഞ്ഞെടുക്കപ്പെട്ടത്. ഹംസ യൂസഫിന് 48.2 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കേറ്റ് ഫോബ്സിന് 40.7 ശതമാനവും ആഷ് റീഗന് 11.11 ശതമാനവും വോട്ടാണ് നേടാനായത്. സ്കോട്ടിഷ് പാര്‍ലമെന്റില്‍ അംഗീകാര വോട്ട് നേടിയാല്‍ അര്‍ധ സ്വയംഭരണ സര്‍ക്കാറിന്റെ തലവനായി അദ്ദേഹം ചുമതലയേല്‍ക്കും.
ഇതോടെ ഒരു പാര്‍ട്ടിയെ നയിക്കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ ആദ്യ മുസ്ലിം നേതാവായി ഹംസ യൂസഫ്. മാത്രമല്ല പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു രാജ്യത്തെ നയിക്കുന്ന ആദ്യ മുസ്ലിം നായകന് എന്ന പദവി കൂടി ഇനി അദ്ദേഹത്തിന് സ്വന്തം.
സ്കോട്ട്ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. നിലവില്‍ യു.കെയുടെ ഭാഗമാണ് സ്കോട്ട്ലന്‍ഡ്.
'സ്കോട്ട്ലന്‍ഡിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് ഇപ്പോള്‍ ആവശ്യം. മുമ്പെന്നത്തേക്കാളും രാജ്യത്തിന് സ്വാതന്ത്ര്യം നല്കുന്ന തലമുറ നമ്മളായിരിക്കും- അദ്ദേഹം പറഞ്ഞു.
''1960കളില്‍ സ്കോട്ട്ലന്‍ഡിലേക്ക് കുടിയേറിയതാണ് എന്റെ പിതാമഹര്‍. ഒരു വാക്ക് പോലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരായിരുന്നു അവര്‍. അവരുടെ വിദൂര സ്വപ്നത്തില്‍ പോലും അവരുടെ ചെറുമകന് ഇങ്ങനെയൊരു പദവിയില്‍ എത്തുമെന്നത് ഉണ്ടായിരുന്നില്ല'- അദ്ദേഹം പറഞ്ഞു.
നമ്മള് വീട് എന്ന് വിളിക്കുന്ന രാജ്യത്തെ നയിക്കാന്‍ തൊലിയുടെ നിറമോ വിശ്വാസമോ ഒരു തടസ്സമല്ലെന്ന വ്യക്തമായ സന്ദേശം നല്കാനായതില് നാമെല്ലാവരും അഭിമാനിക്കണം. സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും സംരക്ഷണത്തിനായി പോരാടും'', പ്രസംഗത്തില്‍ ഹംസ യൂസഫ് പറഞ്ഞു. ജവീതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിന് കടിഞ്ഞാണിടുക, പാര്‍ട്ടിക്കുള്ളിലെ ഭിന്നിപ്പ് അവസാനിപ്പിക്കുക, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പുതിയ സമ്മര്‍ദ്ദം ശക്തമാക്കുക തുടങ്ങിയവയിലായിരിക്കും താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കോട്ട്ലന്‍ഡിലേക്ക് കുടിയേറിയ പാകിസ്താന് പിതാവിന്റെയും കെനിയന്‍ മാതാവിന്റെയും മകനായി പിറന്ന ഹംസ യൂസഫ് ഗ്ലാസ്ഗൊ സര്‍വകലാശാലയില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. സ്കോട്ട്ലന്‍ഡിലെ മുന്‍ പ്രഥമ മന്ത്രി അലക്സ് സാല്‍മണ്ടിന്റെ സഹായിയാകുന്നതിന് മുമ്പ് ഒരു കോള്‍ സെന്ററില്‍ ജോലിക്കാരനായിരുന്നു. 2011ല്‍ ഗ്ലാസ്ഗോ റീജ്യണിലേക്കുള്ള അധിക അംഗമായി സ്കോട്ടിഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം, സ്കോട്ടിഷ് മന്ത്രിസഭാംഗമായി. അവസാനം രാജ്യത്തിന്റെ ആരോഗ്യ സെക്രട്ടറിയായിരുന്നു. 2010ല്‍ ഗെയ്ല് ലിത്ഗോയെ വിവാഹം കഴിച്ചെങ്കിലും ഏഴുവര്‍ഷത്തിനുശേഷം വിവാഹമോചനം നേടിയ ഹംസ യൂസഫ് 2019ല്‍ നാദിയ എല്‍നക്ലയെ വിവാഹം കഴിച്ചു.
വൈകാരികമായിരുന്നു യുസുഫിന്റെ വിജയ പ്രസംഗം. തന്റെ പിതാമഹര്ക്കാണ് അദ്ദേഹം ഈ വിജയം സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ മാതാവും ഭാര്യയും കണ്ണുതുടക്കുന്നതും കാണാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."