ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി ഇന്ത്യ
ന്യൂഡല്‍ഹി: ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി ഇന്ത്യ. അമൃത്പാല്‍ സിഖ് പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് നടപടി. ഖലിസ്ഥാന്‍ അനുകൂലി അമൃത്പാല്‍ സിങ്ങിന് പിന്തുണയുമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. അമൃത്പാല്‍ സിങ്ങിനെ സ്വതന്ത്രനാക്കുക എന്ന ആവശ്യം ഉന്നയിച്ച സംഘം റാലയില്‍ ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു.
വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ തടിച്ചുകൂടിയതിന് പിറ്റേന്നാണ് ടൈംസ് സ്‌ക്വയറിലേക്ക് റാലി നടത്തിയത്. ലണ്ടനിലും സാന്‍ഫ്രാന്‍സിസ്‌കോയിലും നേരത്തേ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കുനേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു.
BBC News Punjabi Twitter handle stands blocked in India. pic.twitter.com/vhUb0e3YyE
— Shiv Aroor (@ShivAroor) March 28, 2023
അതിനിടെ, അമൃത്പാല്‍ സിങ് നേപ്പാളിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അമൃത്പാല്‍ സിങ് നിലവില്‍ നേപ്പാളില്‍ ഒളിവില്‍ കഴിയുന്നുവെന്ന് 'കാഠ്മണ്ഡു പോസ്റ്റ്' ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമൃത്പാല്‍ സിങ്ങിനെക്കുറിച്ച മറ്റു വിവരങ്ങള്‍ ഹോട്ടലുകളും വിമാനത്താവളങ്ങളും അടക്കം എല്ലാ ഏജന്‍സികള്‍ക്കും കൈമാറിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അമൃത്പാല്‍ സിങ്ങിനെ മൂന്നാമതൊരു രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കരുതെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ മറ്റു വ്യാജ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് നേപ്പാള്‍ സര്‍ക്കാറിന് ഇന്ത്യ കത്തയച്ചിട്ടുണ്ട്.
വിവിധ പേരുകളില്‍ നിരവധി പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള അമൃത്പാല്‍ സിങ് മാര്‍ച്ച് 18നാണ് പഞ്ചാബ് പൊലിസ് വലയില്‍നിന്ന് രക്ഷപ്പെട്ടത്.
അതേമസമയം, അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സഹായിയും ഗണ്‍മാനുമായ ഫോജി എന്നറിയപ്പെടുന്ന വീരേന്ദ്ര സിങ്ങിനെ അമൃത്സര്‍ പൊലിസ് അറസ്റ്റ് ചെയ്തു. മുന്‍ സൈനിക ഉദ്യോഗസ്ഥനായ വീരേന്ദ്ര സിങ്ങിനെ അഞ്ചല പൊലിസ് സ്റ്റേഷന്‍ ആക്രമണക്കേസിലാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ അസമിലെ ദിബ്രൂഗഡ് ജയിലിലേക്കു മാറ്റി. സിങ്ങിന്റെ പിടിയിലായ മറ്റ് കൂട്ടാളികളെയും ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."