ഇനി ബസിലിരുന്നും പഠിക്കാം ക്ലാസ് മുറികളാക്കുന്നത് കട്ടപ്പുറത്തായ ലോ ഫ്ളോർ ബസുകൾ
തിരുവനന്തപുരം മണക്കാട്
ടി.ടി.ഇക്ക് രണ്ട് ബസുകൾ
നൽകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസുകൾ ക്ലാസ് മുറികളാക്കാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മണക്കാട് സ്‌കൂളിന് രണ്ട് ബസുകൾ വിട്ടുനൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്നലെ മണക്കാട് ഗവ. ടി.ടി.ഐയിൽ പ്രിപ്രൈമറി വിദ്യാർഥികൾക്കുള്ള പ്രവർത്തന പുസ്തകത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടന ചടങ്ങിലാണ് ഗതാഗത മന്ത്രി പുതിയ പരീക്ഷണം വെളിപ്പെടുത്തിയത്.
സ്‌കൂളിൽ കെട്ടിട നിർമാണം പൂർത്തിയാകാത്തതിനാലാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ആശയം മുന്നോട്ടുവച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇത്തരം കെ.എസ്.ആർ.ടി.സി ബസുകൾ വിറ്റുകളയാതെ ഇതുപോലെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് ഈ ബസുകൾ ഒരു പുതിയ അനുഭവം ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസുകൾ സ്‌കൂൾ കോംപൗണ്ടിൽ കൊണ്ടുവന്ന് ക്ലാസ് മുറികളായി തിരിച്ച്, രണ്ടോ നാലോ ക്ലാസ് മുറികൾക്കുള്ള ഇടംകൂടി കണ്ടെത്തുകയാണ് ചെയ്യുന്നത്.
കെ.എസ്.ആർ.ടി.സി കൊട്ടിഘോഷിച്ച് രംഗത്തിറക്കിയ ലോ ഫ്ളോർ ബസുകളിൽ പലതും കട്ടപ്പുറത്തായത് പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ നാനൂറിൽപ്പരം ബസുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങൾ ചിലവാകുമെന്നതിനാൽ കട്ടപ്പുറത്തായ ബസുകൾ മാനേജ്മെന്റ് ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പുതിയ പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."