ഒമാനിൽ ശക്തമായ മഴ; റോഡുകൾ വെള്ളത്തിനടിയിൽ, ആളുകളെ രക്ഷപ്പെടുത്തി
മസ്‌കത്ത്: ഒമാനില്‍ മുന്നറിയിപ്പ് പ്രകാരം ശക്തമായ മഴ. വടക്കന്‍ ബാത്തിന, മുസന്ദം, ദാഹിറ, ദോഫാര്‍, തെക്കന്‍ ബാത്തിന, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍ ആണ് മഴ ശക്തമായത്. തിങ്കളാഴ്ച രാത്രിയോടെയാണ് മഴ ആരംഭിച്ചത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞും വിവിധ ഇടങ്ങളിലും മഴ തുടരുകതാണ്.
അല്‍ ഹംറ, ഖാബൂറ, വാദി ഹഖീല്‍, ഇബ്രി, ശിനാസ്, നിസ്‌വ, ഖസബ്, ഇബ്രി, സമാഇല്‍, റുസ്താഖ്, യങ്കല്‍, ഇസ്‌ക്കി, മിര്‍ബാത്ത്, മദ്ഹ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ പെയ്തത്. മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. റോഡുകൾ വെള്ളത്തിനടിയിലാണ്.
ആളപായമോ അനിഷ്ട സംഭവങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ മഴയെ തുടർന്ന് കുടുങ്ങി കിടന്ന അഞ്ച് പേരെ രക്ഷപ്പെടുത്തി. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വയില്‍ വാദിയില്‍ കുടുങ്ങിയ സ്ത്രീയെയും ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വാഹനവുമായി വാദിയില്‍ കുടുങ്ങിയ നാലംഗ സംഘത്തെയുമാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
വായു മര്‍ദ്ദമാണ് മഴക്ക് കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയ വിശദീകരണം. മഴ ബുധനാഴ്ചയും തുടരുമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."