സിക്‌സ് പാക്കിന്റെ കഥ
പ്രശസ്തനായൊരു സെന്‍ ബുദ്ധസന്യാസി കുന്നിന്‍മുകളിലെ ആശ്രമത്തിലേക്ക് നടക്കുകയായിരുന്നു. ഗ്രാമാന്തരങ്ങളിലെ യാത്രകള്‍ക്ക് ശേഷം മടങ്ങിവരികയാണദ്ദേഹം. യാത്രക്കിടയില്‍ ശിഷ്യത്വം ആഗ്രഹിച്ചെത്തിയ ഹിരോക്കസു എന്ന ചെറുപ്പക്കാരനും കൂടെയുണ്ട്.
എഴുപത് വയസ്സിലേറെ പ്രായമുണ്ടെങ്കിലും ചുറുചുറുക്കോടെയാണ് സന്യാസി കുന്നുകയറുന്നത്. എന്നാല്‍ യൂവാവായ ഹിരോക്കസു ആവട്ടെ കിതച്ച് തളരുകയും.
ഹിരോക്കസു നിന്ന്കിതയ്ക്കുന്നത് കണ്ട് ഗുരു കാത്തുനിന്നു. പിന്നെ നടത്തം വളരെ സാവധാനത്തിലാക്കി.
അന്ന് സന്ധ്യയില്‍ ആ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു;
'ഗുരോ, എനിക്ക് എന്നാണ് ജ്ഞാനോദയം ലഭിക്കുക?'
ഗുരു മന്ദഹസിച്ചു. എന്നിട്ട് ശിഷ്യന്റെ മുഖവും ശരീരവും അല്‍പ്പസമയം നിരീക്ഷിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു;
'അത് ഒരുപക്ഷെ സംഭവിക്കുകയേയില്ല!'
ജ്ഞാനോദയവും മോക്ഷവും സ്വപ്നം കണ്ട് പ്രതീക്ഷയോടെ ശിഷ്യത്വം സ്വീകരിക്കാനിറങ്ങിയ ആ ചെറുപ്പക്കാരന്‍ അതുകേട്ട് സ്തബ്ധനായി.
എന്നിട്ടയാള്‍ സങ്കടത്തോടെ വിക്കിവിക്കി ചോദിച്ചു; 'എന്തുകൊണ്ട് ഗുരോ? എന്താണ് എന്റെ ജ്ഞാനോദയത്തിന് തടസ്സം?'
അതിന് ഗുരു പറഞ്ഞത് ഇപ്രകാരം;
'ശരീരം വഴങ്ങാതെ, അതിനകത്തെ മനസ്സ് എങ്ങിനെ വഴങ്ങാന്‍?'
'ഉന്‍മേഷം നിറഞ്ഞ ദേഹത്തില്‍ മാത്രമേ ഉല്‍സാഹഭരിതമായ മനസ്സുണ്ടാവുകയുള്ളൂ.
സ്വന്തം ദേഹത്തെ ഊര്‍ജ്വസ്വലമാക്കാന്‍ ശ്രമിക്കാത്തവന് മനസ്സിനെ ശാന്തമാക്കാനും വരുതിയില്‍ കൊണ്ടുവരാനും കഴിയുന്നതെങ്ങിനെ? ജ്ഞാനസമ്പാദനത്തിനുള്ള പ്രശാന്ത ചിത്തം കൈവരുന്നതെങ്ങിനെ?'
ജാപ്പാനീസ് പഴങ്കഥയില്‍ നിന്ന് പുതിയ കാലത്തേക്ക്.
സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ മിഷ യനീക് എന്ന മുപ്പത് വയസ്സുകാരനാണ് നായകന്‍.
ചെറുപ്പത്തില്‍ നമ്മളില്‍ ചിലരെയൊക്കെപ്പോലെ മടിയനായ വിദ്യാര്‍ഥിയായിരുന്നു മിഷ. സ്‌കൂളില്‍ അത്യാവശ്യം പ്രശ്‌നക്കാരനും! എന്റെ ക്ലാസില്‍ ഇവന്‍ വേണ്ട എന്ന് അധ്യാപകന്‍ ചിന്തിച്ചുപോവുന്ന ചില കുട്ടികളില്ലേ? അത്തരമൊരു പയ്യന്‍! അലസ ജീവി. കളിയുമില്ല, കാര്യവുമില്ല എന്ന പ്രകൃതക്കാരന്‍.
'അക്കാലത്ത് എനിക്ക് തോന്നിയത് ഇതൊക്കെയാണ് ശരി എന്നായിരുന്നു പിന്നീടാണ് തിരിച്ചറിഞ്ഞത് ചെയ്തത് ഭയങ്കര മണ്ടത്തമാണെന്ന് '
അങ്ങിനെയിരിക്കെ ആ യുവാവിന് കടുത്ത പുറംവേദന തുടങ്ങി. സ്‌കോളിയോസിസ് എന്ന അസുഖമാണെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ കണ്ടെത്തി. നട്ടെല്ലിന്റെ വളവാണ് രോഗകാരണം. ചുമലിലും കഴുത്തിലും പുറത്തുമൊക്കെ കടുത്ത വേദനയുണ്ടാക്കുന്ന രോഗമാണത്.
രോഗം നിര്‍ണയിച്ചതോടെ ആ യുവാവ് ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയിലായി. ഏറെ ദിവസത്തെ ഫിസിയോതെറാപ്പി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ചികില്‍സ ആരംഭിച്ചു.
പക്ഷെ അതും ഇടയ്ക്കുവെച്ച് നിര്‍ത്തിക്കളഞ്ഞു.
അങ്ങിനെ വീണ്ടും രോഗം വര്‍ധിച്ചു. വേദന കടുത്തു.
'വേദന ഒറ്റദിവസം കൊണ്ട് മാറ്റുന്ന എന്തെങ്കിലും അല്‍ഭുതമരുന്ന് കിട്ടാന്‍ ഞാന്‍ ആഗ്രഹിച്ചു. ദീര്‍ഘകാല ഫിസിയോതെറാപ്പിയൊന്നും ചെയ്യാതെ രോഗം ഭേദമാക്കുന്ന മാന്ത്രിക മരുന്നുകള്‍ സ്വപ്നം കണ്ടു. ആ മാന്ത്രിക മരുന്നിനായി ഞാന്‍ പലയിടങ്ങളില്‍ ചെന്നു. പല ഡോക്ടര്‍മാരെയും സമീപിച്ചു!
പക്ഷെ ഒരു രക്ഷയുമില്ലെന്ന് എല്ലാവരും ഉറപ്പിച്ചുപറഞ്ഞു.
ഏറെനാള്‍ അധ്വാനിക്കാതെ കാര്യങ്ങള്‍ സാധിച്ചുകിട്ടണം,
അധികസമയം പഠിക്കാതെ നല്ല റാങ്ക് കിട്ടണം എന്നൊക്കെയുള്ള നമ്മുടെ ചിന്തപോലെതന്നെ!
ഏതായാലും ഒരു ഡോക്ടര്‍ ഒരു വിദ്യ ഉപദേശിച്ചുകൊടുത്തു. ജിംനേഷ്യത്തില്‍ ചെല്ലുക. ശരീരം മൊത്തം മിനുക്കി ഉഗ്രനാക്കിയെടുക്കുക! അതാണ് വേണ്ടത്.
ആലോചിച്ചപ്പോള്‍ ആ പദ്ധതി വളരെ നല്ലതായി തോന്നി മിഷ യനീകിന്.
ആ യുവാവ് സ്വപ്നം കാണാന്‍ തുടങ്ങി.
താനൊരു സിക്‌സ് പാക്കാവുന്നു! ബീച്ചിലൂടെ സായാഹ്നസവാരി നടത്തുമ്പോള്‍ പെണ്‍കുട്ടികളുടെ കണ്ണുകളത്രയും തന്നിലാണ്! ആരാധനയുടെ പ്രകാശത്തില്‍ അവ തിളങ്ങുന്നു! ചെറുപ്പക്കാരന്റെ സ്വപ്നം അങ്ങിനെ പോയി.
അവിടെയായിരുന്നു തുടക്കം.
ജിമ്മും വ്യായാമവും ജീവിതത്തിന്റെ ഭാഗമായി. മനോഹരമായ ലക്ഷ്യം മുന്നിലെത്തിയപ്പോള്‍ പ്രവൃത്തികള്‍ ഊര്‍ജസ്വലമായി. മുഷിയാതെ അധ്വാനിച്ചപ്പോള്‍ ലക്ഷ്യപ്രാപ്തിയിലെത്തി. മിഷ യനീക് മികച്ച ബോഡിബില്‍ഡറായി. അദ്ദേഹം പറയുന്നു;
'വാഹനങ്ങള്‍ ലേറ്റസ്റ്റായ പുതിയ മോഡല്‍ ഇറക്കാറുണ്ടല്ലോ. ഏറ്റവും മികവുറ്റ മോഡലുകള്‍!! അത് പോലെ നിങ്ങളുടെ ശരീരത്തിന്റെ ഏറ്റവും പുതിയ മോഡല്‍ നിര്‍മിക്കാന്‍ ശ്രമിക്കുക. ലേറ്റസ്റ്റ് മോഡല്‍! മാനസികാരോഗ്യം, ശാരീരികാരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പഠനത്തിലും പരീക്ഷകളിലും മാത്രമല്ല, ശരീരം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലും തോല്‍വികള്‍ നേരിടാം. പക്ഷെ വിട്ടുകൊടുക്കരുത്. അവയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം. മുന്നോട്ടുതന്നെ പോവണം'
ആത്മവിശ്വാസമുയര്‍ത്തുന്നതില്‍ ശാരീരികമികവിനുള്ള സ്ഥാനവും അദ്ദേഹം, സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഊന്നിപ്പറയുന്നു.
എന്താണ് ബോഡി ബില്‍ഡിങ്?
'ശരീരം കൃത്രിമമായി മെച്ചപ്പെടുത്താന്‍ വേണ്ടി സ്റ്റിറോയ്ഡ് കുത്തിവയ്ക്കലോ മരുന്നുകളെന്ന പേരില്‍ ചിലതൊക്കെ കഴിയ്ക്കലോ അല്ല വേണ്ടത്. മറിച്ച്, നിരന്തര ശ്രമം തന്നെ വേണം. എട്ട് വര്‍ഷംകൊണ്ട് ഞാന്‍ അയ്യായിരം മണിക്കൂര്‍ ജിംനേഷ്യത്തില്‍ ചെലവഴിച്ചു. ഒരു ലക്ഷം കിലോഗ്രാം ഭാരം ഉയര്‍ത്തി'
മിഷയുടെ ശൈലിയില്‍ വിവരിച്ചാല്‍ നൂറ് നീലത്തിമിംഗലത്തിന്റെ ഭാരം!!
പഠനത്തിന്റെ കാര്യത്തിലും ഇതുതന്നെ ശരിയായ രീതി. പഠനം നിത്യജീവിതത്തിന്റെ ഭാഗമായാല്‍ മാത്രമേ ഉയര്‍ന്നുപോവാനും എപ്പോഴും ലേറ്റസ്റ്റാവാനും സാധിക്കുകയുള്ളൂ. കൃത്രിമവിദ്യകള്‍കൊണ്ട് താല്‍ക്കാലിക മാര്‍ക്ക് നേടി അക്കാദമിക് പരീക്ഷ എങ്ങിനെയെങ്കിലും കടന്നു കൂടാന്‍ പറ്റിയേക്കും. പക്ഷെ ഉന്നത അക്കാദമിക്‌രിയര്‍ മല്‍സരപരീക്ഷകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതിന് നിരന്തര പഠനവും പരിശീലനവും അനിവാര്യം.
ഒപ്പം ഊര്‍ജസ്വലമായ ശരീരവും.
'To keep the body in good health is a dtuy…otherwise we shall not be able to keep the mind strong and clear.'
Budd-ha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."