വിലക്ക് മറികടന്ന് കോണ്‍ഗ്രസ് പ്രതിഷേധം; ചെങ്കോട്ടയില്‍ സംഘര്‍ഷം, പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നടത്തിയ ചെങ്കോട്ട മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലിസ്. ചെങ്കോട്ട പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചെന്നും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് നിര്‍ദേശിച്ചു. മാര്‍ച്ചിനായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്. സമാധാനപൂര്‍ണമായ മാര്‍ച്ചായിരിക്കും നടത്തുക എന്ന് കോണ്‍ഗ്രസ് നേരത്തേതന്നെ അറിയിച്ചിരുന്നു.
ചെങ്കോട്ട മുതല്‍ ടൗണ്‍ഹാള്‍ വരെ നീണ്ടുനില്‍ക്കുന്ന ഒന്നരക്കിലോമീറ്റര്‍ പ്രദേശത്തായിരുന്നു മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നത്. മുഴുവന്‍ കോണ്‍ഗ്രസ് എം.പി.മാരും നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കമ്യൂണിക്കേഷന്‍ ചുമതലയുള്ള ജയ്‌റാം രമേശും അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ഇന്ന് 7 മണിയോടെയാണ് രാജ്ഘട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
നാളെ ആരംഭിക്കാനിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് മുന്നോടിയായിട്ടായിരുന്നു പന്തം കൊളുത്തി ജാഥ. ഇതിനായി കേരളത്തില്‍ നിന്നടക്കമുള്ള എം.പിമാരോട് ഡല്‍ഹിയില്‍ തങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരുന്നു. പൊലീസിന്റെ വിലക്കുകള്‍ക്കിടയിലും നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചെറുസംഘങ്ങളായി രാജ്ഘട്ടിലേക്ക് നടക്കുകയാണ്. കറുത്ത വസ്ത്രമണിഞ്ഞെത്തുന്നവരെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസിന്റെ നീക്കം.
ഇതറിഞ്ഞ പ്രവര്‍ത്തകരില്‍ പലരും കറുപ്പ് വസ്ത്രമുപേക്ഷിച്ചിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കളായ ജയറാം രമേശ് അടക്കമുള്ളവര്‍ കറുപ്പ് വസ്ത്രമണിഞ്ഞ് തന്നെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."