പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് ഇന്ന് തുടക്കമാകും. ജൂണ്‍ 14 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ഇടവേളകളോടെ 14 ദിവസമാണ് സഭ ചേരുന്നത്. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീം എം.എല്‍.എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ രാവിലെ ഒന്‍പതിന് നടക്കും.
സ്പീക്കറായി സി.പി.എമ്മിലെ എം.ബി രാജേഷിനെയാണ് എല്‍.ഡി.എഫ് നിശ്ചയിച്ചിട്ടുള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ വോട്ടെടുപ്പ് വേണ്ടിവരും. നിലവിലെ അംഗബലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് അനായാസ വിജയം ഉറപ്പാണ്. വി.ഡി സതീശന് പ്രതിപക്ഷനേതാവായ മാറ്റത്തോടെയാണ് പ്രതിപക്ഷം സഭയിലെത്തുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം 28ന് രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തും. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച. ജൂണ്‍ നാലിന് 2021- 22 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കും. ഏഴു മുതല്‍ ഒന്‍പതു വരെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച. 10ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും. 14ന് ധനവിനിയോഗ ബില്‍ പാസാക്കി ആദ്യ സമ്മേളനം അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."