നിയമപരമായി വിവാഹിതരായി തിരുവമ്പാടിയിലെ ഷെജിനും ജോയ്സ്നയും
കോഴിക്കോട്: തിരുവമ്പാടിയിലെ മിശ്ര വിവാഹിതരായ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഷെജിനും ജോയ്സ്നയും വിവാഹം രജിസ്റ്റര്‍ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്. പ്രിയ സഖാക്കളുടെ സാന്നിധ്യത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തെന്ന് ഷെജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കൊപ്പം സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നില്ക്കുന്ന ചിത്രവും ഷെജിന്‍ പങ്കുവെച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ദിപു പ്രേംനാഥും തിരുവമ്പാടിയിലെ സി.പി.എം പ്രവര്‍ത്തകരും സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി.
ഇരുവര്‍ക്കുമെതിരെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം.തോമസ് രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. പ്രാദേശിക നേതാവായ ഷെജിന്‍ പാര്‍ട്ടിയെ അറിയിക്കാതെയാണ് വിവാഹം നടത്തിയതെന്നും ഇരുവരുടേയും വിവാഹം പ്രദേശത്ത് സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കും എന്നുമായിരുന്നു ജോര്‍ജ്ജ് എം.തോമസിന്റെ പരാമര്‍ശം. കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും മിശ്ര വിവാഹം നടത്തിയ ഷെജിനെതിരെ നടപടി ഉണ്ടാവുമെന്നും ജോര്‍ജ്ജ് എം തോമസ് പറഞ്ഞിരുന്നു.
എന്നാല്‍, ജോര്‍ജ്ജ് എം.തോമസിനെ തിരുത്തി ജില്ലാ സെക്രട്ടറി പി മോഹനനു തന്നെ രംഗത്തെത്തേണ്ടി വന്നു. പാര്‍ട്ടി അദ്ദേഹത്തിനുനേരെയുള്ള നടപടി പരസ്യ ശാസനയില്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."