നടക്കാതെപോയ വന്ധീകരണ പരിപാടി സിരിജഗന്‍ കമ്മിറ്റിക്കുവേണ്ട സൗകര്യങ്ങള്‍ എര്‍പ്പെടുത്തിയില്ല
തിരുവനന്തപുരം: കേരളം തെരുവുനായ്ക്കളുടെ പിടിയിലമരുമ്പോള്‍ നായ്ക്കളുടെ വന്ധീകരണവും പുനരധിവാസവും നടത്തുന്നതിനു സമര്‍പ്പിക്കപ്പെട്ട പദ്ധതി റിപ്പോര്‍ട്ടുകള്‍ പൊടിപിടിച്ച് സെക്രട്ടറിയേറ്റിന്റെ ഫയല്‍ കൂമ്പാരങ്ങള്‍ക്കിടിയില്‍ വിശ്രമിക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് നാടിനും നാട്ടുകാര്‍ക്കും ഭീഷണിയായി മാറിയ തെരുവുനായ്ക്കളുടെ വന്ധീകരണവും പുനരധിവാസവും നടത്തുന്നതിനു മാര്‍ഗരേഖയുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകം രംഗത്തെത്തിയത്. മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ബ്ലോക്ക് തലത്തില്‍ വന്ധീകരണത്തിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളുടെ വന്ധീകരണവും പുനരധിവാസവും നടത്തുന്നതിനുമാണ് പദ്ധതി നിര്‍ദേശിച്ചിരുന്നത്. ഈ വര്‍ഷം ജനുവരിയില്‍ വെറ്ററിനറി അസോസിയേഷന്‍ നടത്തിയ ശില്‍പശാലയുടെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപീകരിച്ചത്.
അതാതു പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണം തിട്ടപ്പെടുത്താന്‍ സെന്‍സസ് എടുക്കണമെന്നാണ് പദ്ധതിയില്‍ പ്രധാനമായി ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകം തയാറാക്കിയ പദ്ധതി മാര്‍ഗരേഖ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് കൈമാറിയിരുന്നു. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും പദ്ധതി നടത്തിപ്പിന്റെ പ്രായോഗിക വശങ്ങള്‍ വിലയിരുത്തുന്നതിന് മുന്‍കാലങ്ങളില്‍ പദ്ധതി നടപ്പിലാക്കിയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും അന്നു ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ മറ്റു പദ്ധതി റിപ്പോര്‍ട്ടുകളെ പോലെ തന്നെ ഇതും ഫയലുകളിലൊതുങ്ങി.
ഈ വര്‍ഷമാദ്യം അപകടകാരികളുമായ തെരുവുനായ്ക്കളെയും പേപ്പട്ടികളേയും നശിപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. മനുഷ്യജീവനു ഭീഷണിയായ നായ്ക്കളെ കൊല്ലാന്‍ നിയമതടസമില്ലെന്നു വകുപ്പ് സെക്രട്ടറി അന്ന് അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം തെരുവു നായ്ക്കളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. ഇതിനെ നായ സ്‌നേഹികള്‍ എതിര്‍ത്തതോടെ സര്‍വകക്ഷി യോഗത്തിലെ തീരുമാനവും നടന്നില്ല.
അതേസമയം, കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്‌നം പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച റിട്ട.ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന സുപ്രിംകോടതി നിര്‍ദേശത്തിനും സര്‍ക്കാര്‍ പുല്ലുവിലയാണ് കല്‍പ്പിച്ചിരിക്കുന്നത്. ഓഫിസിനുള്ള സൗകര്യം ഒരുക്കുന്നതിലും സ്റ്റാഫുകളെ നിയമിക്കുന്നതിലും ഒരു പുരോഗതിയും ഇതുവരെയുമുണ്ടായില്ല. കഴിഞ്ഞയാഴ്ച ഓഫിസിനായി കണ്ടെത്തിയ എറണാകുളം നഗരത്തിലെ സ്ഥലം കമ്മിറ്റി പ്രതിനിധികളെ കാണിച്ചിരുന്നു. സ്ഥലം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇനിയും കാലതാമസമുണ്ടാകാതിരിക്കാന്‍ ആ സ്ഥലം മതിയെന്ന് കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍, സൗകര്യമൊരുക്കുന്ന നടപടികള്‍ വീണ്ടും ഇഴഞ്ഞുനീങ്ങുകയാണ്.
തെരുവുനായ്ക്കളെക്കുറിച്ച് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് സിരിജഗന്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, കമ്മിറ്റിക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരായിരിക്കും ഉത്തരവാദിയെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.തെരുവുനായയുടെ കടിയേറ്റ് മരിച്ച കോട്ടയം സ്വദേശിനി ഡോളിയുടെ ഭര്‍ത്താവ് ജോസ് സെബാസ്റ്റ്യന്‍, ഫാ.ഗിരിവര്‍ഗീസ് തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് സുപ്രിംകോടതി കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."