സഞ്ജീവ് ഭട്ടിന്റെ ഹരജിയിൽ ഗുജറാത്ത് സർക്കാറിന്റെ വിശദീകരണം തേടി സുപ്രീംകോടതി
ന്യൂഡൽഹി: ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സമർപ്പിച്ച അപ്പീൽ ഹരജിയിൽ സുപ്രീംകോടതി ഗുജറാത്ത് സർക്കാറിന്റെ വിശദീകരണം തേടി. കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതിനെതിരെയാണ് ഹർജി. ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയ ഉദ്യോഗസ്ഥാനാണ് സഞ്ജീവ് ഭട്ട്.
ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയത്. ഏപ്രിൽ 11നു മുമ്പ് മറുപടി നൽകണം. കേസിന്റെ അടുത്ത വാദം ഏപ്രിൽ 18ലേക്ക് മാറ്റി.
30 വർഷം മുമ്പു നടന്ന കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവ് വിധിക്കപ്പെട്ടതിനെതിരെയാണ് സഞ്ജീവ് ഭട്ട് അപ്പീൽ നൽകിയത്. 1990ൽ ജാംനഗറിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കസ്റ്റഡിയിൽ മരിച്ച പ്രഭുദാസ് വൈഷ്ണവി എന്നയാളുടെ സഹോദരൻ നൽകിയ ഹരജിയിലാണ് ഭട്ട് ശിക്ഷിക്കപ്പെട്ടത്.
അതേസമയം, ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നല്കിയതിനുള്ള പ്രതികാര നടപടിയാണ് സഞ്ജീവ് ഭട്ടിനെതിരായ കേസെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."