സഊദി ബസ് അപകടം; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഫോറൻസിക് പരിശോധന
റിയാദ്: ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 21 പേർ മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫോറൻസിക് പരിശോധന ഊർജിതമാക്കി. അപകടത്തിൽ ബസ് കത്തിയതിനെ തുടർന്ന് ഭൂരിഭാഗം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാലാണ് ഫോറൻസിക് പരിശോധന നടത്തുന്നത്.
ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തത്തോടെ ഫോറൻസിക് മെഡിക്കൽ സംഘം മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ആകെ 21 പേരാണ് അപകടത്തിൽ മരിച്ചത്. നിരവധിപ്പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരുക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറു മൂലം നിയന്ത്രണം വിട്ട ബസ് ശആർ ചുരം റോഡിൽ പാലത്തിന്റെ ബാരിക്കേഡിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ നിർദേശാനുസരണം മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽഖർഖാഹ് പരുക്കേറ്റവരെ സന്ദർശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."