തളിരിടുംമുമ്പ് മരിച്ചുവീഴുന്ന കർഷകർ
നിസാം കെ അബ്ദുല്ല
സാമൂഹിക നിയന്ത്രണം നഷ്ടപ്പെടുമ്പോൾ മനുഷ്യൻ നിസ്സഹായനാവുകയും അതുവഴി ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുമെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ എമിൽ ദുർകം പറയുന്നുണ്ട്. തുടർന്നുപോന്ന സാമൂഹിക അന്തർധാരയ്ക്ക് വിഘാതമാകുന്ന പുതിയതരം നിയമങ്ങളും കടുംപിടുത്തങ്ങളും സ്വയംഹത്യയെ പ്രാപിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം സാമൂഹികവും സാമ്പത്തികവുമായ നിരവധി ഘടകങ്ങൾ കർഷകരെ പ്രതികൂലമായി ബാധിക്കുന്നു, അതിനപ്പുറത്ത് സർക്കാരുകളുടെ കാർഷിക നിയമങ്ങളിലെ വൈകല്യങ്ങളും ധനകാര്യ സ്ഥാപന ങ്ങളുടെ നടപടിയും കൂടിയാകുമ്പോൾ കർഷക ആത്മഹത്യകൾ പെരുകിവരികയും ചെയ്യുന്നു.
വയനാട്ടിൽനിന്ന് വീണ്ടും ആത്മഹത്യകളുടെ വാർത്ത വന്നുതുടങ്ങിയിരിക്കുന്നു. വർഷം 2000 മുതലാണ് വയനാട്ടിലെ കർഷക ആത്മഹത്യകൾ മാധ്യമങ്ങളിൽ നിറഞ്ഞത്. കറുത്ത പൊന്നും കാപ്പിയും ഏലവും മഞ്ഞളും ഇഞ്ചിയുമെല്ലാം ഒരുകാലത്ത് വയനാട്ടിലെ കർഷകരെ സംരക്ഷിച്ചിരുന്നെങ്കിൽ 2000ത്തിനു ശേഷമുണ്ടായ കടുത്ത വരൾച്ചയും വിളനാശവും വിലത്തകർച്ചയും കർഷകരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു തുടങ്ങി. ഇതിന്റെ തുടർച്ചയായി കടങ്ങളും പെരുകിവന്നു. പിന്നാലെ ജീവിതത്തിൽനിന്നും ഒളിച്ചോടാനുള്ള ശ്രമങ്ങൾ അവരിൽ ചിലർ കാണിച്ചു. 2000-2007 കാലഘട്ടത്തിൽ വയനാട്ടിലെ കർഷകർ ജീവൻ ഉപേക്ഷിച്ചതിന്റെ കണക്കുകൾ ഇതിനു തെളിവായി നിരത്താം.
2000ൽ 140 പേരാണ് കാർഷിവൃത്തിയിൽനിന്നും പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനെ തുടർന്ന് ജീവിതം അവസാനിപ്പിച്ചവർ. 2001ൽ ഇത് 172 ആയി. 2002ൽ 182, 2003ൽ 208, 2004ൽ 173, 2005ൽ 206, 2006ൽ 202, 2007ൽ 221 എന്നിങ്ങനെയാണ് ആത്മഹത്യാ കണക്ക്. ഇക്കാലയളവിൽ ജീവൻ ഉപേക്ഷിച്ചവരിൽ 90 ശതമാനത്തിനു മുകളിലാണ് കർഷകരുള്ളത്. വിളയിൽ വിശ്വാസമർപ്പിച്ച ഇവരെല്ലാം കടുത്ത സാമ്പത്തികബാധ്യത ഉണ്ടായതോടെയാണ് മരണത്തെ വരിച്ചത്. തുടർവർഷങ്ങളിൽ സർക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകളെ തുടർന്ന് ആത്മഹത്യാനിരക്ക് ഏറെ കുറക്കാനും കർഷകരെ വീണ്ടും കൃഷിയിലേക്ക് തിരികെ കൊണ്ടുവരാനും സാധിച്ചു. അപ്പോഴും ചിലർ ജീവിതത്തിൽനിന്ന് ഒളിച്ചോടുന്നത് തുടർന്നിരുന്നു. സർഫാസി നിയമം ബാങ്കുകൾ വീണ്ടും പ്രയോഗിച്ചു തുടങ്ങിയതോടെ ജീവിതസന്ധാരണത്തിനുവേണ്ടി മണ്ണിൽ വിയർപ്പൊഴുക്കിയിരുന്ന കർഷകരുടെ നിലനിൽപ്പ് വീണ്ടും പ്രതിസന്ധിയിലായി. ഇതോടെ പലരും ആത്മാഹുതി ചെയ്യാനും തുടങ്ങി.
രണ്ടു പ്രളയങ്ങളും കാർഷിക മേഖലയെ തകർത്താണ് കടന്നുപോയത്. അതിൽനിന്ന് കരകയറുന്നതിനു മുമ്പ് കൊവിഡും കർഷകരുടെ പ്രതീക്ഷകളെ കെടുത്തി. എങ്കിലും മണ്ണിൽ പൊന്നുവിളയിക്കാമെന്ന പ്രതീക്ഷയിൽ അവർ വീണ്ടും കൃഷിയിടങ്ങളിലേക്കിറങ്ങി. എന്നാൽ ഇടിത്തീയായി ബാങ്കുകളുടെ നോട്ടിസുകളാണ് എത്തിയത്. സർക്കാരിന്റെ മൊറട്ടോറിയം കാലാവധി അവസാനിച്ചതിനു പിന്നാലെ ബാങ്കുകൾ കർഷകരുടെ ഈടുകൾ കൈക്കലാക്കാനുള്ള നടപടികൾ തുടങ്ങി. ഡയരക്ട് അറ്റാച്ച്‌മെന്റായി ധനകാര്യ സ്ഥാപനങ്ങൾ ആർബിറ്റേറ്ററെ ഏൽപ്പിച്ചും ആർബിറ്റേറ്റർ കർഷകന്റെ സ്വത്ത് ബാങ്കുകളുടെ കടത്തിനുപകരം പിടിച്ചുനൽകാൻ കോടതികളെ ഏൽപ്പിച്ചും മുന്നോട്ടുപോവുകയാണ്.
റവന്യൂ റിക്കവറിയായും കർഷകരെ ബാങ്കുകൾ വേട്ടയാടുന്നുണ്ട്. ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ച് കർഷകരെ സ്വത്ത് പിടിച്ചെടുക്കലും നടക്കുന്നു. കർഷകർ പോലുമറിയാതെ അവരുടെ ഭൂമി ഓൺലൈനായി ലേലം ചെയ്തും ബാങ്കുകൾ തങ്ങളുടെ മുതൽ ഈടാക്കുന്നുണ്ട്. സർഫാസി നിയമപ്രകാരം പണയവസ്തു പിടിച്ചെടുക്കുമെന്ന അറിയിപ്പ്, പത്രപ്പരസ്യം, കിടപ്പാടം പിടിച്ചെടുക്കൽ, പിടിച്ചെടുത്തതിന് ശേഷം ബാങ്കിന്റേതെന്ന് മുദ്രകുത്തൽ ഇതെല്ലാം ഇപ്പോൾ പതിവാണിവിടെ.
മൂന്ന് വർഷമായി കർഷകർക്ക് താങ്ങാവേണ്ടിയിരുന്ന ജുഡിഷ്യൽ പവറുള്ള കാർഷിക കടാശ്വാസ കമ്മിഷൻ വയനാട്ടിൽ ഒരു സിറ്റിങ് പോലും നടത്തിയിട്ടില്ലെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. 4,400ലധികം കർഷകർക്കാണ് ഇക്കഴിഞ്ഞ മാസങ്ങളിലായി ദേശസാൽകൃത ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ബാങ്കുകളും ജപ്തി നോട്ടിസുകളയച്ചത്. 2,000ത്തിലധികം കർഷകർക്കെതിരേ സർഫാസി ആക്ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
മുഖ്യമന്ത്രി ചെയർമാൻ കൂടിയായ എസ്.എൽ.ബി.സി (സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി) അടിയന്തിര യോഗം ചേരാത്തതും കർഷകർക്ക് തിരിച്ചടിയായി. 2019 ഒക്ടോബറിൽ അഞ്ചു സെന്റിന് താഴെയുള്ളവരെ സർഫാസിയിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ പ്രമേയം പാസാക്കിയെങ്കിലും ഇതിൽ കേന്ദ്ര സർക്കാർ ഒരു മറുപടിയും നൽകാത്തതും തിരിച്ചടിയായി. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മുൻ അഡിഷണൽ ഗവ. പ്ലീഡറും അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ടോമി ഏറ്റവും അവസാനത്തെ ഇരയാവണമെന്ന നിലക്ക് സർക്കാരുകളും സംവിധാനങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കുക മാത്രമാണ് ഈ മരണച്ചുഴിയിൽ നിന്ന് വയനാടൻ കർഷകരെ രക്ഷിക്കാനുള്ള ഏകമാർഗം. പ്രതീക്ഷ സർക്കാരിൽ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."