വ്രതം: ഒരു ഖുര്‍ആനിക വായന
അഹ്മദ് കബീര്‍ ബാഖവി
സ്രഷ്ടാവില്‍ വിലയം പ്രാപിക്കാനുള്ള സൃഷ്ടിയുടെ പ്രയാണമത്രെ മര്‍ത്യജീവിതം. ഭക്തിയിലും സൂക്ഷ്മതയിലും വിശുദ്ധിയിലും അധിഷ്ഠിതമായ ജീവിതം നയിച്ച് നാഥന്റെ തൃപ്തിക്ക് പാത്രമാകുകയും ആത്യന്തിക വിജയം കരസ്ഥമാക്കുകയുമാണ് ഒരു വിശ്വാസിയുടെ ജീവിത ലക്ഷ്യം. ഈ ലക്ഷ്യ സാഫല്യത്തിനായി നാഥന്‍ സംവിധാനിച്ചിട്ടുള്ള അനേകം മാര്‍ഗങ്ങളില്‍ പരമപ്രധാനമായ ഒന്നത്രെ വ്രതാനുഷ്ഠാനം. വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കി അവതീര്‍ണമായ വിശുദ്ധ വചനത്തില്‍, റമദാന്‍ വ്രതത്തിലൂടെ സൂക്ഷ്മതയും ജീവിത വിശുദ്ധിയും ആര്‍ജിച്ചെടുക്കുവാനാണ് ഖുര്‍ആന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നത്: 'ഹേ സത്യവിശ്വാസികളേ! പൂര്‍വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടി. (2/183).
നമ്മുടെ അന്തരാളങ്ങളാണ് ഈ വിശുദ്ധിയുടെ ഉറവിടമായിരിക്കേണ്ടതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാകേണ്ട സ്ഥാനം ഹൃദയമാണെന്ന് സാരം.
വ്രതത്തിലൂടെ കൈവരുന്ന നന്മകളും മൂല്യചിന്തകളും ഹൃദയത്തില്‍ പ്രതിബിംബിക്കുന്നതിലൂടെയാണ് ഗതകാല സമൂഹങ്ങള്‍ വിമലീകരിക്കപ്പെട്ടതു പോലെ ഈ ഉത്തരാധുനിക സമൂഹവും വ്രതാനുഷ്ഠാനത്തിലൂടെ വിമലീകരിക്കപ്പെടുന്നത് എന്നാണ് ഖുര്‍ആന്റെ പരിപ്രേക്ഷ്യം.
ആത്മ വിമലീകരണം അല്ലെങ്കില്‍ ആന്തരിക ശുദ്ധീകരണം ഖുര്‍ആന്റെ അവതരണ ലക്ഷ്യമാണ്. തങ്ങളുടെ നാഥന്റെ അനുമതിയനുസരിച്ച് മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്നും പ്രകാശത്തിലേക്ക്- പ്രതാപശാലിയും സ്തുത്യര്‍ഹനും ഭുവനവാനങ്ങളിലുള്ളവയുടെ ഉടമയുമായ അല്ലാഹുവിന്റെ പന്ഥാവിലേക്ക്- കൊണ്ടുവരാനായി താങ്കള്‍ക്ക് നാമവതരിപ്പിച്ചു തന്ന ഗ്രന്ഥമാണിത് (14/1) എന്നാണ് ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. അതായത്, അന്ധകാരം ബാധിച്ച ഹൃദയത്തില്‍ നിന്ന് പ്രകാശാത്മകമായ ഒരു ഹൃദയത്തിലേക്കുള്ള തിരിച്ചുനടത്തമാണ് ഖുര്‍ആന്‍. അത് കൊണ്ടാണ് ഹൃദയത്തിന് പ്രഭ നല്‍കുന്ന ഗ്രന്ഥമായ ഖുര്‍ആനിനെ അല്ലാഹു അവതരിപ്പിച്ചത്. ഖുര്‍ആനെക്കുറിച്ച് അല്ലാഹു പരിചയപ്പെടുത്തുന്നത് നിങ്ങളുടെ ഹൃദയത്തിലേക്ക് വിശുദ്ധാത്മാവ് മുഖേന അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം (26/192- 194) എന്നാണ്. അങ്ങനെ വരുമ്പോള്‍, വ്രതവും ആ വ്രതമാസത്തില്‍ അവതീര്‍ണമായ ഖുര്‍ആനും സ്വാധീനം ചെലുത്തേണ്ടത് ഹൃദയത്തെയാണെന്ന് മനസിലാക്കാം.
എന്നാല്‍ വ്രതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് ശരീര സംബന്ധിയായതും ഭൗതികപ്രധാനമായതുമായ ചര്‍ച്ചകളിലേക്ക് ഒതുങ്ങിപ്പോകുന്ന പരിതാപകരമായ അവസ്ഥാവിശേഷത്തിന് നാമേവരും സാക്ഷികളാണ്. ഹൃദയാന്തരങ്ങളിലേക്ക് വ്രതവിശുദ്ധിയെയും ഖുര്‍ആനിക ശോഭയെയും കടത്തിവിടുന്നതില്‍ മാനവകുലം പരാജയമടഞ്ഞതിന്റെ ശിഷ്ടഫലമായാണ് ഈ പരിതസ്ഥിതി സംജാതമായതെന്നു വേണം മനസിലാക്കുവാന്‍. ഇതിന് കാരണമായി ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് കാണൂ: അവര്‍ എന്തുകൊണ്ട് ഖുര്‍ആന്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ല? അതോ ഹൃദയങ്ങളില്‍ പൂട്ടുകളിട്ടിട്ടുണ്ടോ? നേര്‍മാര്‍ഗം സ്പഷ്ടമായിക്കഴിഞ്ഞിട്ടും പുറംതിരിഞ്ഞവര്‍ക്ക് തങ്ങളുടെ ചെയ്തികളെ പിശാച് അലങ്കൃതമാക്കുകയും വ്യാമോഹങ്ങള്‍ വച്ചുനീട്ടി പ്രലോഭിപ്പിക്കുകയാണ് (47/24-25). ഖുര്‍ആനിന്റെ ആന്തരിക ആത്മീയ വശങ്ങളെ പരിചിന്തനത്തിനു വിധേയമാക്കാതെ ദൈവികമായ പര്യാലോചനകളുടെ രംഗവേദിയാകേണ്ട ഹൃദയത്തെ ആളുകള്‍ താഴിട്ടു പൂട്ടി വച്ചതിനെ ഖുര്‍ആന്‍ ചോദ്യം ചെയ്യുകയാണിവിടെ. സുകൃതങ്ങളുടെ സല്‍പാന്ഥാവു വിട്ട് പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് വശംവദനായി സ്വയം നാശത്തിലേക്ക് നടന്നു കയറുന്ന മനുഷ്യനെ തനിക്കു പിഴച്ചെതെവിടെയൊക്കെയാണെന്ന് കൃത്യമായി ചൂണ്ടിക്കാണിച്ചു കൊടുത്ത് നന്മയിലേക്കും വെളിച്ചത്തിലേക്കും തിരികെ വഴിനടത്താനുള്ള ശ്രമമാണിവിടെ നടക്കുന്നത്.
ഇവ്വിധം ഖുര്‍ആനിക പ്രകാശവും വ്രതവിശുദ്ധിയും കടക്കാതെ ഹൃദയ കവാടങ്ങള്‍ അടഞ്ഞു കിടക്കുന്നതിനെ ഖുര്‍ആന്‍ ഇപ്രകാരമാണ് വിവരിക്കുന്നത്: 'ഈ വൃത്താന്തത്തെക്കുറിച്ച് നിങ്ങള്‍ അത്ഭുതം കൂറുകയും കളിയാക്കിച്ചിരിക്കുകയും കരയാതിരിക്കുകയുമാണോ, നിങ്ങള്‍ ബോധമില്ലാത്തവരായിക്കഴിയുന്ന അവസ്ഥയില്‍?' (53/59- 61). വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളെ ആഴത്തിലിറങ്ങി പഠന-മനന-ഗവേഷണങ്ങള്‍ക്ക് വിധേയമാക്കാതെ ബോധരാഹിത്യത്തിന്റെ നിലയില്ലാ കയങ്ങളില്‍ അന്തരാളത്തെ അലയാന്‍ വിട്ട് ഭൗതികമായ ലോകത്തിന്റെ ചിന്തകളും ദുഷ്പ്രവൃത്തികളും സ്വാധീനം ചെലുത്തിയ ഹൃദയത്തിന്റെ അഗാധതലങ്ങളിലേക്ക് വ്രതവിശുദ്ധിയെ ഇറക്കി വിട്ട് ഹൃദയം വിമലീകരിക്കാനാണ് ഖുര്‍ആന്‍ പറയുന്നത്.
നോമ്പിന്റെ വിമലീകരണ പ്രക്രിയയിലെ ഏറ്റവും സുപ്രധാനമായ ഭാഗം അത് സൃഷ്ടിയായ മനുഷ്യനും അവന്റെ സ്രഷ്ടാവിനുമിടയില്‍ ആശയവിനിമയത്തിന്റെ ഒരു നേരിട്ടുള്ള പാലം പണിയുന്നു എന്നതാണ്. ഒരു ഖുദ്‌സിയ്യായ ഹദീസില്‍ ഇങ്ങനെ കാണാം: നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. അതായത്, ആരാധനയുടെ മാധുര്യം അതിന്റെ സാകല്യതയില്‍ അനുഭവിക്കുവാനും ആസ്വദിക്കുവാനും വ്രതം അവസരമൊരുക്കുന്നു എന്ന് സാരം.
ദൈവമാര്‍ഗത്തിലെ ആത്മസമര്‍പ്പണത്തിന് മാനവനെ സമ്പൂര്‍ണമായും സുസജ്ജമാക്കിത്തീര്‍ക്കുവാന്‍ നോമ്പിന് സാധിക്കുന്നതും സൃഷ്ടിക്കും സ്രഷ്ടാവിനുമിടയിലെ ഈ നേരിട്ടുള്ള ആശയവിനിമയത്തിന്റെ ഫലം തന്നെയാവണം. നിത്യജീവിതത്തില്‍ നിര്‍വിഘ്‌നം ആസ്വദിച്ചു വരുന്ന ഭൗതിക വിഭവങ്ങളെയും ഐഹിക സൗകര്യങ്ങളെയും ശങ്കയേതുമില്ലാതെ വര്‍ജിക്കുന്നതിലൂടെ നമ്മുടെ ഉബൂദിയ്യതിനെ (അടിമയാണെന്ന ബോധം) അരക്കിട്ടുറപ്പിക്കുവാനും സ്രഷ്ടാവിന്റെ അപരിമേയമായ അനുഗ്രഹത്തെക്കുറിച്ച് ബോധവാന്മാരായിത്തീരുവാനും അതുവഴി സൃഷ്ടികളിലെ സര്‍വോത്തമരായിത്തീരുവാനും ഇതിലൂടെ സാധിക്കും.
ഇങ്ങനെ വ്രതത്തിലൂടെ വിമലീകരിക്കപ്പെടുന്ന ഹൃദയങ്ങള്‍ സൂര്യനെപ്പോലെ ജ്വലിക്കും, ചന്ദ്രനെപ്പോലെ പ്രശാന്തസുന്ദരമാകും, ഭൂമിയെപ്പോലെ ക്ഷമിക്കാന്‍ പഠിക്കും, പകലിനെപ്പോലെ തെളിഞ്ഞു നില്‍ക്കും, രാത്രിയെപ്പോലെ നിശ്ശബ്ദമാകും, ആകാശത്തിന്റെ വിശാലത ആര്‍ജിക്കും. ഇതാണ് ഖുര്‍ആനിന്റെ വ്രതസങ്കല്‍പം. അതു കൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞു വച്ചത്: സൂര്യനും അതിന്റെ പ്രകാശവും തന്നെ സത്യം; സൂര്യനു വഴിയേ വരുമ്പോള്‍ ചന്ദ്രന്‍ തന്നെ സത്യം; സൂര്യനെ വെളിപ്പെടുത്തുന്ന വേളയില്‍ പകലിനെ തന്നെ സത്യം; സൂര്യനെ ആവരണം ചെയ്യുന്ന നേരത്ത് രാത്രിയെ തന്നെ സത്യം; ആകാശത്തെയും അത് സ്ഥാപിച്ച മഹാ ശക്തിയെയും തന്നെ സ്ത്യം; ഭൂമിയെയും അത് വിരിപ്പാക്കിയ മഹാ ശക്തിയെയും തന്നെ സത്യം; ആത്മാവിനെക്കൊണ്ടും അതിനെ ന്യൂനതാമുക്തമാക്കി നന്മ-തിന്മകള്‍ ഗ്രഹിപ്പിച്ചു കൊടുത്ത മഹാ ശക്തിയെ കൊണ്ടും സത്യം. ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു; അതിനെ മലിനീകരിച്ചവന്‍ നിശ്ചയം പരാജിതനായിരിക്കുന്നു (91/110).
ഈ രീതിയില്‍ അനന്യസാധാരണമായ മഹത്വം ആര്‍ജിച്ചെടുക്കാന്‍ കഴിയുന്നതു കൊണ്ടു തന്നെയാണ് വ്രതമനുഷ്ഠിച്ചവര്‍ക്ക് മറ്റാര്‍ക്കും പ്രവേശനമില്ലാത്ത റയ്യാന്‍ എന്ന കവാടം സ്വര്‍ഗീയ ലോകത്ത് സംവിധാനിക്കപ്പെട്ടിട്ടുള്ളതും. ഹദീസുകളില്‍ ഇങ്ങനെ കാണാം: സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നു പേരുള്ള ഒരു കവാടമുണ്ട്. അതിലൂടെ അന്ത്യനാളില്‍ നോമ്പുകാര്‍ മാത്രമേ പ്രവേശിക്കുകയുള്ളൂ. അവരല്ലാത്ത ആര്‍ക്കും അതിലൂടെ പ്രവേശനമില്ല (ബുഖാരി, മുസ്‌ലിം).
ഇങ്ങനെ പാപക്കറകളകിലം കഴുകിക്കളഞ്ഞും പ്രപഞ്ചനാഥനെക്കുറിച്ച് കൂടുതല്‍ ബോധവാനായും സര്‍വരെയും സ്‌നേഹിക്കാനും ഉള്‍ക്കൊള്ളുവാനും കഴിയുന്ന രീതിയില്‍ ഹൃദയം വിശാലമായിത്തീരുമ്പോള്‍, മുപ്പത് നോമ്പ് പിടിച്ച് പെരുന്നാളിന്റെ പിറ കാണുന്ന വേളയില്‍, തന്റെ ഹൃദയ വിശാലതയിലൂടെ തനിക്ക് ദൃശ്യമാകുന്ന കോണുകളില്‍ ധാരാളം കഷ്ടതയനുഭവിക്കുന്നവരും ദുഃഖബാധിതരും പട്ടിണിയുടെ ഇരകളുമുണ്ടാകും.
അവര്‍ക്ക് നിശ്ചിത അളവില്‍ ഭക്ഷ്യ ധാന്യം നല്‍കുന്നതിലൂടെ നാം അറിഞ്ഞ വിശപ്പിന്റെ പരമാര്‍ഥം നമ്മുടെ സാമൂഹ്യ ബോധത്തില്‍ പ്രതിഫലിച്ചാല്‍ മാത്രമേ നമ്മുടെ വ്രതവും വ്രതാനന്തര കര്‍മങ്ങളും സ്വീകര്യമാകുകയുള്ളൂ.
ഇപ്രകാരം വ്രതകാലങ്ങളിലൂടെ കളങ്കമുക്തവും കന്മഷരഹിതവും സുകൃതസാന്ദ്രവുമായിത്തീരുന്ന ഒരു മനസാണ് റമദാനിലൂടെ സാക്ഷാത്ക്കരിക്കപ്പെടേണ്ടത്. അതിനു വഴിയൊരുക്കേണ്ടതാവട്ടെ, അകക്കണ്ണു തുറപ്പിക്കുകയും അകതാരില്‍ ആത്മീയതയുടെ ചെരാതുകള്‍ ജ്വലിപ്പിച്ചു നിര്‍ത്തുകയും ചെയ്യേണ്ട ദൈവിക മൊഴിമുത്തുകളും. അതിനു വേണ്ടിയാണ് ദിവ്യഗ്രന്ഥത്തിന്റെ അവതരണത്തിനായി ഈ പുണ്യ മാസം തന്നെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിലൂടെ മാത്രമേ സന്താനമോ സമ്പാദ്യമോ പ്രയോജനം ചെയ്യാത്ത അന്ത്യനാളില്‍ നമുക്ക് ഉപകരിക്കുന്ന കളങ്കമേശാത്ത ഹൃദയത്തിനുടമകളാകുവാനും അതുവഴി സ്വര്‍ഗപ്രവേശത്തിന് അര്‍ഹരാകാനും നമുക്ക് സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."