മലപ്പുറത്ത് ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി
പുത്തനത്താണി(മലപ്പുറം): ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ മറവില്‍ മയക്കുമരുന്ന് കടത്തിയ വന്‍ സംഘം പൊലിസ് പിടിയില്‍. വൈലത്തൂര്‍ കരിങ്കപ്പാറ റോഡില്‍ വച്ച് മയക്കുമരുന്ന് കൈമാറ്റത്തിനിടയിലാണ് കല്‍പകഞ്ചേരി പൊലിസ് ഒന്നരക്കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയത്. ട്രിപ്പിള്‍ ലോക് ഡൗണിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് ഡ്രഗ് (എം.ഡി.എം.എ), ഹാഷിഷ് ഓയില്‍, കഞ്ചാവ് ,തമിഴ്‌നാട് മദ്യം എന്നിവ പിടികൂടിയത്.
പ്രതികളായ കോഴിച്ചെന പരേത്ത് മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍കുഴി മുബാരിസ് (26), വാളക്കുളം കോഴിക്കല്‍ റമീസ് സുഹസാദ് (24), കോഴിച്ചെന വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാഖ്(25), കോഴിച്ചെന കൈതക്കാട്ടില്‍ അഹ്മദ് സാലിം (21),വാരണാക്കര വളവന്നൂര്‍ കൂര്‍മത്ത് സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മേപ്പറമ്പത്ത് രഞ്ജിത്ത് ( 21), അല്ലൂര്‍ പുതുക്കിടി റിയാസ് ( 40), പരപ്പനങ്ങാടി സൈഫുദ്ധീന്‍ എന്നിവരടങ്ങുന്ന വന്‍ മയക്കുമരുന്ന് വിതരണ സംഘത്തെയാണ് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് വരുന്ന ചരക്കു വാഹനങ്ങളിലും മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങളിലുമായാണ് പ്രതികള്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ചിരുന്നത്. 500,2500,4000 രൂപയുടെ വിവിധ പാക്കറ്റുകളാക്കി ആവശ്യക്കാര്‍ക്ക് വിതരണം നടത്തി വരികയാണ് പതിവ്. ഇത് മൂന്നാം തവണയാണ് പ്രതികള്‍ മയക്കുമരുന്നുമായി ജില്ലയില്‍ എത്തുന്നത്. എസ് കമ്പനി എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് പരിചയക്കാര്‍ക്ക് മാത്രമാണ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനും പൊലിസിനെ നിരീക്ഷിക്കുന്നതിനും ഏജന്റുമാര്‍ ഇവര്‍ക്കുണ്ട്.
പണമിടപാട് ഓണ്‍ലൈന്‍ വഴി മാത്രമാണ്. വൈലത്തൂര്‍- കരിങ്കപ്പാറ റോഡില്‍ വച്ച് എം.ഡി.എം.എ ശേഖരിച്ച് പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും കാറില്‍ വന്ന് മറ്റൊരു ഏജന്റായ മുബാരിസിന് കൈമാറുന്ന സമയത്താണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച കാറും ബൈക്കുകളും പൊലിസ് പിടിച്ചെടുത്തു.ഇവരില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സൈഫുദ്ദീനെ പിടികൂടിയത്. കഞ്ചാവും തമിഴ്‌നാട് മദ്യവും വില്‍പന നടത്തുന്ന പ്രതിയെ കഞ്ചാവ് വാങ്ങാനാണെന്ന വ്യാജേന വിളിച്ചു വരുത്തി അന്വേഷണ സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ആറ് കുപ്പി തമിഴ്‌നാട് മദ്യം,175 ഗ്രാം കഞ്ചാവ് ,ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.ഇയാള്‍ വിതരണത്തിന് വേണ്ടി ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.500 രൂപയുടെ 20 പാക്കറ്റ് കഞ്ചാവ് ദിനേന വില്‍ക്കാറുണ്ടെന്നും തമിഴ്‌നാട് മദ്യം 500 മില്ലിലിറ്ററിന് 1200 രൂപക്ക് വില്‍ക്കാറുണ്ടെന്നും ഇയാള്‍ പറഞ്ഞു. കൂടുതല്‍പേര്‍ ഉടന്‍ പിടിയിലാകുമെന്ന് താനൂര്‍ ഡിവൈ.എസ്.പി എം.ഐ ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."