HOME
DETAILS

രാഹുൽ ഇപ്പോഴാണ് ഔദ്യോഗിക പ്രതിപക്ഷ നേതാവായത്

  
backup
March 28 2023 | 21:03 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b5%bd-%e0%b4%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%94%e0%b4%a6%e0%b5%8d%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95

റജിമോൻ കുട്ടപ്പൻ

ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്നിട്ടുപോലും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അംഗങ്ങളുടെ എണ്ണം പാർലമെന്റിൽ പത്തു ശതമാനത്തിൽ താഴെയായതുകൊണ്ട് 2014 മുതൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി നൽകിയിട്ടില്ല. എന്നിട്ടും പാർലമെന്റിനകത്തും പുറത്തും ചോദ്യങ്ങൾ ഉന്നയിക്കാൻ കോൺഗ്രസ് നേതാക്കൾ ഭയന്നില്ല. ചോദ്യങ്ങൾ ചോദിക്കുക മാത്രമല്ല, തീക്ഷ്ണമായ സംവാദങ്ങളിലേർപ്പെടുകയും പ്രതിഷേധിക്കേണ്ടിടങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ പലപ്പോഴും അവ പൊതുജന ശ്രദ്ധ പിടിച്ചുപറ്റാൻ മാത്രം ഉച്ചത്തിലായിരുന്നില്ല. കൂടാതെ പാർട്ടിക്കകത്തുതന്നെയുള്ള കുതികാൽ വെട്ടലുകളും ചരടുവലികളും കോൺഗ്രസിന്റെ പല സുപ്രധാന നീക്കങ്ങളെയും അപ്രസക്തമാക്കിത്തീർക്കുകയും ചെയ്തു.


2019ൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കൂട്ടുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ രാഹുലും കോൺഗ്രസും തലകുനിക്കുന്നത് ഇന്ത്യൻ ജനത കണ്ടതാണ്. രാഹുലിന് കുടുംബസീറ്റായ അമേഠി പോലും നഷ്ടമായി. എന്നാൽ കേരളത്തിലെ വയനാട് മണ്ഡലം അദ്ദേഹത്തിന് പാർലമെന്റിലേക്ക് വഴി തുറന്നുനൽകി. തെരഞ്ഞെടുപ്പിലെ പരാജയം കോൺഗ്രസിനെയും നേതാക്കളെയും മൂകരാക്കി എന്നുമാത്രമല്ല, പലർക്കും കോൺഗ്രസിലും രാഹുലിന്മേലുമുള്ള പ്രതീക്ഷകൾ പോലും അസ്തമിച്ചു. രാഹുൽ നിരന്തരമായി അധിക്ഷേപിക്കപ്പെടുകയും അദ്ദേഹം പറയുന്നതെല്ലാം മണ്ടത്തരമാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നിടത്തേക്കും കാര്യങ്ങളെത്തി. ഇന്ത്യൻ രാഷ്ട്രീയ കണക്കുകളിൽ 2019ൽ അറുപത്തിയെട്ടുകാരനായ നരേന്ദ്രമോദി ‘ഉത്തമപ്രായക്കാരനായ’ പ്രധാനമന്ത്രി സ്ഥാനാർഥിയായപ്പോൾ രാഹുലപ്പോഴും പ്രധാനമന്ത്രിപദത്തിലേക്ക് ചെറുപ്പമാണെന്ന വാദങ്ങൾ അലയടിച്ചു. കൂടാതെ, 2049 വരെ ബി.ജെ.പി ഭരണം തടസമേതുമില്ലാതെ തുടരുമെന്നുവരെ പലരും എഴുതി. കാരണം, അമിത് ഷാ മുതൽ യോഗി ആദിത്യനാഥ് വരെയുള്ള ‘ഉത്തമപ്രായക്കാർ’ പ്രധാനമന്ത്രി പദത്തിലിരിക്കാൻ തയാറായി ബി.ജെ.പിയിലുണ്ടെന്ന് എഴുതി. എന്നാൽ 2022 സെപ്റ്റംബറിൽ ചില മാറ്റങ്ങളുടെ തുടക്കമായിരുന്നു. രാഹുൽ തന്റെ ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ചു. കന്യാകുമാരി മുതൽ കശ്മിർവരെയുള്ള നാലായിരം കിലോമീറ്റർ, നൂറ്റിയമ്പതു ദിവസം നീളുന്ന പദയാത്ര. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പോലും 1930ലെ ദണ്ഡിയാത്രയിൽ നടന്നത് നാന്നൂറ് കിലോമീറ്റർ ഇരുപത്തിനാല് ദിവസം കൊണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാഹുലല്ലാതെ മറ്റാരും നാലായിരം കിലോമീറ്റർ ഇത്തരമൊരു ലക്ഷ്യത്തോടെ നടന്നിട്ടില്ല. കന്യാകുമാരിയിൽ ആരംഭിച്ച യാത്ര പ്രബല കോൺഗ്രസ് ശക്തിയായ കേരളത്തിലേക്കു പ്രവേശിച്ചപ്പോൾ ലക്ഷക്കണക്കിനാളുകളാണ് അദ്ദേഹത്തോടൊപ്പം ചേർന്നത്. തോക്കും തൂക്കി രാഹുലിനൊപ്പം നടക്കുന്ന അംഗരക്ഷകരെ മറികടന്നുകൊണ്ട് പലരും അദ്ദേഹത്തിനടുക്കലേക്ക് ഓടിയെത്തി. ചിലർ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു, മറ്റു ചിലർ കരഞ്ഞു, തങ്ങളുടെ സങ്കടങ്ങൾ പറഞ്ഞു, പ്രതീക്ഷകൾ പങ്കുവെച്ചു, സെൽഫികളെടുത്തു...

കേരളത്തിലെ കമ്യൂണിസ്റ്റുകാരടക്കമുള്ള രാഹുൽ വിമർശകർ പറഞ്ഞത് കേരളം വിട്ടാൽ ഭാരത് ജോഡോ യാത്ര ശോഷിച്ചു പോകുമെന്നാണ്. ബി.ജെ.പിയോടും തന്റെ മറ്റു വിമർശകരോടും രാഹുൽ പ്രതികരിച്ചത് 'വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കാൻ പോവുകയാണെന്നായിരുന്നു'. ഭരണകക്ഷി പടർത്തുന്ന വെറുപ്പിലും അന്യവത്കരണത്തിലും നിരാശരായിരിക്കുന്ന സാധാരണക്കാർ രാഹുലിന്റെ ഈ പ്രതികരണത്തെ വലിയ പ്രതീക്ഷയോടെ ഏറ്റെടുത്തു. ഭാരത് ജോഡോ യാത്ര കശ്മിരിലെത്തിയപ്പോഴും അദ്ദേഹത്തെ അനുഗമിക്കാൻ ആയിരക്കണക്കിനു പേരുണ്ടായിരുന്നു. തന്നെ കേൾക്കാൻ ശ്രീനഗറിലെ ഷേറി ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടത്തിനോട് രാഹുലിന് പറയാനുണ്ടായിരുന്നത് സ്നേഹ- സാഹോദര്യ മൂല്യങ്ങളെക്കുറിച്ചും അവകൊണ്ട് ബി.ജെ.പിയുടെയും ആർ.എസ്.എസിൻ്റെയും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരേ പോരാടുന്നതിനെക്കുറിച്ചുമായിരുന്നു. 'എന്റെ പാർട്ടിയിൽതന്നെ പലർക്കും ഈ യാത്രയെ പറ്റി അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാൽ ഈ യാത്ര എനിക്കു വേണ്ടിയോ കോൺഗ്രസിനു വേണ്ടിയോ അല്ല. ഞാനിതു ചെയ്യുന്നത് ഈ രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയാണ്. ഈ രാജ്യത്തിന്റെ ആണിക്കല്ലിളക്കാൻ ശ്രമിക്കുന്ന ആശയത്തിനെതിരേ ഒരുമിച്ചുനിന്ന് പ്രവർത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം' എന്നും രാഹുൽ പറഞ്ഞു.


ഇതോടെ പല നിരീക്ഷകന്മാരുടേയും അഭിപ്രായ പ്രകടനങ്ങളുടെ രീതി മാറി. യാത്രകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നു പറഞ്ഞിരുന്നവർ പലതും മാറ്റിപ്പറഞ്ഞു. ‘ജോഡോ യാത്ര രാഹുലിന്റെ പ്രതിച്ഛായയെ തിരുത്തി’യെന്നും ‘അണികളെ കർമനിരതരാക്കി’യെന്നും ഇനി അതല്ല, ‘ഇതൊക്കെ കോൺഗ്രസിന്റെ 2024ലെ വിജയത്തിനു കാരണമാകുമോ’ എന്നതു വരെയെത്തി നിരീക്ഷണങ്ങളും ചോദ്യങ്ങളും. 2004 ൽ തുടങ്ങിയ രാഷ്ട്രീയ യാത്രയിൽ ആദ്യമായി രാഹുൽ ശ്രദ്ധിക്കപ്പെട്ടു. ജനങ്ങൾ അദ്ദേഹത്തെ കേൾക്കാൻ തുടങ്ങി. അദ്ദേഹത്തിനൊപ്പം നടക്കാൻ തുടങ്ങി. രാഹുലിൽ തൽപരരല്ലാത്ത കോൺഗ്രസ് നേതാക്കൾ പോലും അദ്ദേഹത്തെ പിന്തുടരാൻ ആരംഭിച്ചു. അത്രയെളുപ്പത്തിൽ തന്നെ എഴുതിത്തള്ളാൻ പറ്റില്ലെന്നു ജോഡോ യാത്രയിലൂടെ രാഹുൽ സ്ഥാപിച്ചു.


യാത്ര കഴിഞ്ഞ് അദ്ദേഹം നേരെ ചെന്നത് പാർലമെന്റിലേക്കായിരുന്നു. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് വന്ന സന്ദർഭമായിരുന്നു അത്. രാഹുൽ തനിക്ക് ലഭിച്ച അവസരം പാഴാക്കിയില്ല. മൗനിയായിരിക്കുന്നതിനു പകരം എഴുന്നേറ്റു നിന്ന് രാഹുൽ ചോദിച്ചത് ഏറ്റവും പ്രസക്തമായ ചോദ്യമായിരുന്നു. അദാനി ഗ്രൂപ്പിന്റെ തലവനായ അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാജ്യത്തിനറിയണമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൈക് ഓഫാക്കുകയും ചോദ്യം റദ്ദാക്കപ്പെടുകയും ഉത്തരം നിഷേധിക്കുകയും ചെയ്തു. കൂടാതെ, 2019ലെ ഒരു അപകീർത്തി കേസിന്റെ പേരിൽ അദ്ദേഹത്തെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. ജി20 തലവനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുമ്പോൾ, ഇന്ത്യയെ ജനാധിപത്യത്തിൻ്റെ മാതാവ് എന്ന് പറയുമ്പോൾ ആണ് ചോദ്യം ചോദിച്ച രാഹുലിനെ സഭയിൽ നിന്ന് പുറത്താക്കുന്നത്.
എന്തൊക്കെ സാങ്കേതിക പറഞ്ഞാലും രാഹുലിൻ്റെ വിജയം തന്നെയാണ് സംഭവിച്ചത്. രാഹുൽ ഒരേസമയം ഇരയും യോദ്ധാവുമായി മാറി. അദാനി വിവാദം ബി.ജെ.പിയെ രണ്ടുവിധത്തിലാണ് ഉലച്ചുകളഞ്ഞത്. ഒന്ന്, മോദിയും അദാനിയും തമ്മിലുള്ള അടുപ്പം ലോകപ്രസിദ്ധമാണ്. ചിലരതിനെ ന്യായീകരിക്കുകയോ വിമർശിക്കുകയോ ചെയ്തേക്കാം. എന്നാൽ നിഷേധിക്കാൻ, അങ്ങനെയൊരടുപ്പം ഇല്ലെന്നു പറയാൻ ആർക്കും സാധിക്കില്ല. രണ്ടാമതായി, അംബാനി-അദാനി വിഷയത്തിൽ രാഹുൽ നിരന്തരമായി നടത്തിയ വിമർശനങ്ങൾ ഇപ്പോഴെങ്കിലും ഫലം കണ്ടു. താനിതെല്ലാം മുമ്പേ പറഞ്ഞതാണ് എന്ന ഭാവത്തിലാണ് രാഹുലിപ്പോൾ. ഇതോടെ ബി.ജെ.പി ഭയപ്പെട്ടു.


ഈ സാഹചര്യത്തിൽ പ്രസക്തമായ ചില കാര്യങ്ങളുണ്ട്. ആരാവും ജേതാവാകുന്നത് എന്ന അഭിപ്രായത്തിന്മേലായിരിക്കും വലിയൊരു വിഭാഗം ഇന്ത്യക്കാരും തങ്ങളുടെ വോട്ടു രേഖപ്പെടുത്തുന്നത്. അതിനാൽതന്നെ തെരഞ്ഞെടുപ്പ് തങ്ങൾക്കനുകൂലമാണെന്ന വിധത്തിലൊരു ഓളം സൃഷ്ടിക്കാൻ എല്ലാ രാഷ്ട്രീയക്കാരും കിണഞ്ഞു പരിശ്രമിക്കാറുമുണ്ട്. എല്ലാ പാർട്ടി വക്താക്കളും തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലും തങ്ങൾക്ക് നല്ലൊരു ഭൂരിപക്ഷം ഉണ്ടാവുമെന്ന് പറയുന്നത് ഈ ഓളം സൃഷ്ടിക്കലിന്റെ ഉദാഹരണമാണ്. എന്നാൽ അജയ്യമായി തുടരുന്ന ഒരു പാർട്ടിയും ഈ ഭൂമുഖത്തില്ല. ഏതൊരു പാർട്ടിയും പ്രത്യേകിച്ച് അവർ അധികാരത്തിലിരിക്കുമ്പോൾ ആഗ്രഹിക്കുന്നത് തങ്ങൾ അജയ്യരാണെന്ന് പൊതുജനം വിശ്വസിക്കണമെന്നാണ്. എന്തുകൊണ്ടായിരിക്കാം അങ്ങനെ? കാരണം, രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമെല്ലാം ഏതു നിമിഷവും മാറിമറിയുന്നതാണ്. അതിന്റെ ഗതിയെ പലപ്പോഴും നിർണയിക്കാൻ സാധിക്കില്ല.

 

ജവഹർലാൽ നെഹ്റുവിന്റെ വിയോഗത്തിനുശേഷമുള്ള ഓരോ ദശകത്തിലും ഇന്ത്യൻ രാഷ്ട്രീയം പ്രവചനാതീതമായാണ് പ്രവർത്തിച്ചത്. ഇന്ദിരാഗാന്ധിയുടെ വളർച്ചയും തകർച്ചയും എന്തിന് ഉപ തെരഞ്ഞെടുപ്പ് പോലും ആർക്കും പ്രവചിക്കാൻ സാധിച്ചിട്ടില്ല. അടൽ ബിഹാരി ബാജ്പേയിയുടെ ഉത്ഥാനവും പതനവുമെല്ലാം മറ്റൊരു ഉദാഹരണമാണ്. അതിനുശേഷം 2004, 2009 വർഷങ്ങളിൽ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ മുന്നണിയുടെ തുടർച്ചയായ വിജയങ്ങളും മുൻകൂട്ടി കണ്ടവയായിരുന്നില്ല. അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തിലും സമാനമായതു തന്നെയാണ് ഇന്ത്യ കണ്ടത്. 2013ലെ ബി.ജെ.പിയുടെ ഗോവ സമ്മേളനംവരെ ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് പകുതി സാധ്യത പോലുമുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹമിപ്പോൾ രണ്ടാം തവണയും ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലിരിക്കയാണ്.


രാഹുലിന്റെ രാഷ്ട്രീയപ്രവേശം ഏകേദശം 20 വർഷം മുൻപാണ്. എന്നാൽ ജനഹൃദയങ്ങളെ കീഴടക്കാനുള്ള രാഷ്ട്രീയവഴി രാഹുൽ മനസ്സിലാക്കിയത് 2022ന്റെ അവസാനത്തിൽ മാത്രമാണ് എന്നതാണ് വസ്തുത. വളരെ വൈകിപ്പോയെന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ ഇനിയും രണ്ടോ മൂന്നോ യാത്രകൾ നടത്താനുള്ള ചെറുപ്പം രാഹുലിനു ബാക്കിയുണ്ട്, പാർലമെന്റിൽ എഴുന്നേറ്റുനിന്ന് മോദിക്കു നേരെ വിരൽചൂണ്ടി സംസാരിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും തന്നെ അയോഗ്യനാക്കുമ്പോഴും കർമനിരതനായിരിക്കാനും അയാൾക്കിനിയും ചെറുപ്പം ബാക്കിയുണ്ട്. അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളിൽ ഇന്ന് എല്ലാ മാധ്യമങ്ങളും പങ്കെടുക്കുന്നുണ്ട്. ഹാസ്യത്തിൽ ചാലിച്ച മറുപടികൾ ആർക്കും ദോഷമില്ലാതെ പറയാനും രാഹുൽ പഠിച്ചു കഴിഞ്ഞു. എല്ലാറ്റിനുമപ്പുറം രാഹുൽ നൽകുന്ന പ്രതീക്ഷ എത്രയോ വലുതാണ്. വലിയൊരു ജനാധിപത്യ രാജ്യത്തിൽ പ്രതിപക്ഷത്തുനിന്ന് അയോഗ്യനാക്കപ്പെടുന്ന പ്രതിനിധിയെന്ന നിലയിൽ രാഹുൽ നൂറിൽ നൂറും നേടി മികച്ചുനിൽക്കുക തന്നെയാണെന്നതിൽ സംശയിക്കേണ്ടതില്ല. പാർലമെൻ്റ് പുറത്താക്കിയപ്പോൾ രാഹുൽ ജനങ്ങളുടെ ഔദ്യോഗിക പ്രതിപക്ഷ നേതാവായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago