ലക്ഷദ്വീപ് പാഠമായി, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ കിട്ടിയ 'പണി' മുന്നില്‍ കണ്ട് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കവെയാണ് അറിയിപ്പ്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കാന്‍ ഒരുമാസം സമയമുണ്ടെന്നും ഉപതെരഞ്ഞെടുപ്പിന് ചട്ടപ്രകാരം ആറുമാസം സമയമുണ്ടെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. ഈ മാസം 23നാണ് രാഹുലിനെ ലോക്‌സഭ സെക്രട്ടറിയേറ്റ് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു. രാഹുലിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയപരിധി ഉണ്ടെങ്കിലും സമാന സാഹചര്യമുണ്ടായ ലക്ഷദ്വീപില്‍ മൂന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും മുഹമ്മദ് ഫൈസലിന് അനുകൂല ഉത്തരവുണ്ടായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.
2023 ജനുവരി 11നാണ് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസില്‍ 10 വര്‍ഷത്തെ തടവിന് കവരത്തി സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഈ ദിവസം മുതല്‍ ഫൈസല്‍ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനായതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് ജനുവരി 13ന് മുന്‍കാലപ്രാബല്യത്തോടെ ഉത്തരവ് പുറത്തിറക്കി. ഇതിനുപിന്നാലെ ജനുവരി 18ന് ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
ഫെബ്രുവരി 17ന് വോട്ടെടുപ്പ്, മാര്‍ച്ച് രണ്ടിന് വോട്ടെണ്ണല്‍ എന്നായിരുന്നു പ്രഖ്യാപനം. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചത്. എന്നാല്‍, ഫൈസലിന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഈ നീക്കം പാളി. തെരഞ്ഞെടുപ്പ് കമീഷന്റെ അസാമാന്യ തിടുക്കം ചോദ്യംചെയ്യപ്പെടുകയും ചെയ്തു.
കര്‍ണാടകയില്‍ മെയ് 10നാണ് വോട്ടെടുപ്പ്. മെയ് 13ന് വോട്ടെണ്ണും. സംസ്ഥാനത്ത് 5.21 കോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 2.62 കോടി പുരുഷ വോട്ടര്‍മാരും 2.59 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. 9,17,241 പേര്‍ പുതിയ വോട്ടര്‍മാരാണ്. 52,282 പോളിങ് ബൂത്തുകളാണ് സജ്ജീകരിക്കുക. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുക.
നിലവില്‍ 224 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 119 എം.എല്‍.എമാരുണ്ട്. കോണ്‍ഗ്രസിന് 75ഉം ജെ.ഡി(എസിന്)28ഉം. ചുരുങ്ങിയത് 150 സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ ഭരണം തിരിച്ചുപിടിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും കോണ്‍ഗ്രസിന് മുന്നിലില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് 124ഉം ജെ.ഡി(എസ്)93ഉം സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.
ഈ മാസം ആദ്യവാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയില്‍ എത്തി സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കണമെന്നും ഏതുനിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് ആദ്യ വാരം തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ മാര്‍ച്ച് 27 ന് ആയിരുന്നു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."